തലൈവർക്കൊപ്പം കൊലമാസ്സുമായി മണികണ്ഠൻ ആചാരി!!” സാര്‍ കൊലമാസ്സാ..” നമ്മുടെ തലൈവർ രജനികാന്തിന്റെ കഥാപാത്രത്തെ പറ്റി ഇന്ന് റീലീസ് ആയ പേട്ടയിൽ ഒരു താരം പറഞ്ഞ ഡയലോഗ് ആണിത്. പറഞ്ഞത് വേറാരുമല്ല, നമ്മുടെ സ്വന്തം മണികണ്ഠൻ ആചാരി. തലൈവർ കാർത്തിക്ക് സുബ്ബരാജ് ചിത്രം പേട്ടയിൽ ആദ്യം മുതൽ അവസാനം വരെയുള്ള ഒരു നല്ല കഥാപാത്രത്തെ ടിയാൻ അവതരിപ്പിക്കുന്നുണ്ട്. വെറുതെ മുഖം കാണിക്കൽ മാത്രമല്ല ഇടയ്ക്കിടെ കിണ്ണം കാച്ചിയ ഡയലോഗുകളും മണികണ്ഠൻ ആചാരിയുടെ കഥാപാത്രത്തിനുണ്ട്..

തലൈവർ രജനികാന്തിനൊപ്പം അഭിനയിച്ച അനുഭവത്തെ പറ്റി നേരത്തെ തന്നെ ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ മണികണ്ഠൻ ആചാരി സംസാരിച്ചിരുന്നു. അഭിമാനമായി നമ്മുടെ സ്വന്തം ബാലൻ ചേട്ടൻ ആയ മണികണ്ഠൻ ആചാരിയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. അടുത്തിടെ ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിന് കൊടുത്ത അഭിമുഖത്തിൽ മണികണ്ഠൻ തലൈവറെ കണ്ട അനുഭവം പങ്കുവെച്ചിരുന്നു.

‘ചിത്രീകരണത്തിൽ പങ്കെടുത്ത ആദ്യ നാൾ മുതൽ തലൈവറെ ഒന്ന് ഒറ്റയ്ക്ക് അടുത്ത്‌ കാണുവാൻ ആയി മാറി നിൽക്കുകയായിരുന്നു, ഒരു ദിവസം തലവരും താനും മാത്രമായുള്ള ഒരു രംഗം വന്നു, ഉടനെ തന്നെ തന്റെ ഉള്ളിലെ ആരാധകൻ ഉണർന്ന് തലൈവറുടെ സമീപത്ത് ചെന്ന് പറഞ്ഞു, സാർ ഞാൻ കേരളത്തിൽ നിന്നാണ്, മണികണ്ഠൻ ആചാരി കമ്മട്ടിപാടം എന്ന സിനിമയ്ക്ക് കേരള സംസ്ഥാന അവാർഡ് ഒക്കെ ലഭിച്ചിട്ടുണ്ട്, ഉടൻ തന്നെ തലൈവറുടെ സരസമായ മറുപടി “ഓഹോ അപ്പടിയാ സ്റ്റേറ്റ് അവാർഡ് വിന്നർക്കൊപ്പം തനാ നാൻ ആക്ട് പണ്ണറ”! എന്നാണ് അദ്ദേഹം ചോദിച്ചതെന്നും മണികണ്ഠൻ ആചാരി പറയുന്നു…

അദ്ദേഹത്തെ പോലെയുള്ള വലിയ നടന്മാരുടെ മുന്നിൽ ചെല്ലുമ്പോൾ ആകെ നമ്മുടെ കൈയിൽ ഉള്ളത് സ്റ്റേറ്റ് അവാർഡ് മാത്രമായിരുന്നു എന്നും മണികണ്ഠൻ ആചാരി പറഞ്ഞിരുന്നു.ചിത്രത്തിന്റെ ആദ്യ ഭാഗങ്ങൾ മുതൽ അവസാന രംഗങ്ങളിൽ വരെ നിറഞ്ഞു നിൽക്കുന്നുണ്ട് ഈ യുവനടൻ. നേരത്തെ കലാഭവൻ ഷാജോണും രജനി ചിത്രമായ 2.0 ൽ വേഷമിട്ടിരുന്നു. മികച്ച പ്രകടനമായിരുന്നു ഷാജോൺ ചിത്രത്തിൽ നടത്തിയത്. മണികണ്ഠൻ ആചാരിക്ക് പേട്ടയിൽ ഉള്ളത് കുറച്ചു കൂടെ പ്രാധാന്യമുള്ള മുഴുനീള വേഷമാണ്.

– ജിനു അനില്‍കുമാര്‍

Comments are closed.