‘ഞാൻ പഠിച്ച എംബിബിഎസിനെക്കാൾ വലിയ പഠനമായിരുന്നു ഉണ്ട എന്ന സിനിമ” – റോണിഉണ്ട എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലാണ് ഡോക്ടർ റോണി ഡേവിഡ് എത്തിയത്. മഹാ നടനോടൊപ്പമുള്ള ഉണ്ട എന്ന ചിത്രത്തിലെ യാത്ര താൻ പഠിച്ച എം ബി ബി എസിനേക്കാൾ വലിയ പാഠങ്ങളാണ് നൽകിയത് എന്ന് റോണി പറയുന്നു. ഛത്തിസ്ഗഡിലെയും കേരളത്തിലെയും ആറു മാസം നീണ്ട ഉണ്ടയുടെ ഷൂട്ടിംഗ് അനുഭവത്തെ കുറിച്ച് റോണിയുടെ വാക്കുകളിങ്ങനെ…

“കാസർകോടിന്റെ ഉൾനാടൻ പ്രദേശത്ത് ഷൂട്ടിങ് നടക്കുന്ന സമയം. അവിടുത്തെ ഗ്രാമങ്ങളിൽ നിന്നും മമ്മൂട്ടിയെ കാണാൻ ഒട്ടേറെ പേർ എന്നും വരും. എല്ലാ പ്രായത്തിലുമുള്ള ആളുകളെത്തും. അവിടുത്തെ പ്രധാന വിഭവങ്ങളുമായിട്ടാണ് കാണാൻ വരുന്നത്. ഒരിക്കൽ ഒരു അമ്മ കുറേ ഉണ്ണിയപ്പം കൊണ്ടുവന്ന് മമ്മൂട്ടിക്ക് കൊടുത്തു. നല്ല രുചിയുള്ള ആ സമ്മാനം. ‘ടേയ്.. എല്ലാവരും വാടോ..ദേ ഇൗ ഉണ്ണിയപ്പം കഴിച്ചേ.. നിനക്ക് കിട്ടിയോ..’ എന്നൊക്കെ പറഞ്ഞ് ഒച്ചകൂട്ടി ആ അമ്മയുടെ സ്നേഹം സെറ്റിന് മുഴുവൻ അദ്ദേഹം നൽകി.

പിന്നീടൊരു ദിവസം വയസായ ഒരു അമ്മ ഷൂട്ടിങ് കാണാനെത്തി. മമ്മൂട്ടിയെ കാണാനാണ് അമ്മ എത്തിയത്. ഗുരുവായൂരപ്പന്റെ മുന്നിൽ തൊഴുകയ്യോടെ നിൽക്കുന്ന പോലെ ആ അമ്മ കുറേ നേരം അദ്ദേഹത്തെ നോക്കി നിന്നു. െതാഴുതു പിടിച്ച കൈ താഴെയിടാൻ അമ്മ തയാറായില്ല. മമ്മൂട്ടി ഇത് ശ്രദ്ധിച്ച് അമ്മയുടെ മുന്നിലെത്തി. അപ്പോൾ ആ അമ്മ പറഞ്ഞു. മതി, എനിക്ക് ഇതുമതി.. ഇനി മരിച്ചാലും കുഴപ്പമില്ല. എന്നിട്ട് അവർ തിരിഞ്ഞുനടന്നു. എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുന്ന മമ്മൂക്കയുടെ മുഖം ഇപ്പോഴും എന്‍റെ മനസിൽ ഉണ്ട്. ഞാൻ കുറേ അഭ്യർഥിച്ചിട്ട് അദ്ദേഹം പേരൻപിന്റെ ഡബ്ബിങ് സ്റ്റുഡിയോയിൽ ഒരിക്കൽ എന്നെയും കൊണ്ടുപോയിരുന്നു. അദ്ദേഹം ഡബ്ബ് ചെയ്യുന്നത് കാണേണ്ട കാഴ്ചയാണെന്നുള്ള കേട്ടറിവിലാണ് കുറേ അഭ്യർഥിച്ച ശേഷം അദ്ദേഹം എന്നെ കൂട്ടിയത്. മറക്കാനാവില്ല ആ നിമിഷങ്ങൾ. ഇൗ സിനിമയിലും അദ്ദേഹം ശബ്ദം കൊണ്ടും ഭാവം കൊണ്ടും വിസ്മയിപ്പിക്കും. ഉറപ്പ്.”

Comments are closed.