ജയൻ പറഞ്ഞ വാക്കുകൾ ഇന്നും സംഘട്ടന രംഗങ്ങൾ ചെയ്യുമ്പോൾ എന്‍റെ മനസ്സിൽ ഉണ്ടാകാറുണ്ട് – മോഹന്‍ലാല്‍!!എല്ലാകാലത്തും യുവതലമുറയുടെ പ്രതിനിധിയായിരുന്നു നടൻ ജയൻ. തലമുറകളുടെ താരമായി മരണശേഷവും യുവാക്കളിലൂടെ ഈ നടൻ ജീവിക്കുന്നു. സിനിമയിലെ പലർക്കും ഇദ്ദേഹം ഒരു പ്രചോദനവും മാതൃകപുരുഷനുമായിരുന്നു. അത്തരത്തിൽ മലയാളത്തിലെ സൂപ്പർതാരങ്ങൾക്ക് പോലും ജയൻ മാതൃകയായി മാറിയിട്ടുണ്ട്. മോഹൻലാലിനും ജയൻ ഒരു മാതൃകപുരുഷനാണ്. 1981ൽ ബോബൻ കുഞ്ചാക്കോ സംവിധാനം ചെയ്ത പുറത്തിറങ്ങിയ സഞ്ചാരി എന്ന ചിത്രത്തിൽ ഇരുവരും ഒന്നിച്ചിരുന്നു. ഗുരുമുഖങ്ങളിൽ മോഹൻലാലിന്റെ വാക്കുകളിലേക്ക്.

മലയാളത്തിൽ ജയന് ശേഷം വന്ന താരയുഗത്തിലെ ഏറ്റവും നന്നായി സംഘട്ടന രംഗങ്ങളും സാഹസിക രംഗങ്ങളും ചെയുന്ന താരമാണ് മോഹൻലാൽ. താൻ ഇപ്പോഴും സംഘട്ടന രംഗങ്ങൾക്ക് ഇറങ്ങുമ്പോൾ മനസ്സിൽ വരുന്നത് ജയൻ നൽകിയ ഉപദേശമാണെന്ന് മോഹൻലാൽ പറയുന്നു. ഇന്ത്യൻ സിനിമയിലെ മഹാരഥന്മാരെ കുറിച്ച് മോഹൻലാലിന്റെ ഓർമ്മകൾ പറയുന്ന ഭാനുപ്രകാശ് എഴുതിയ ‘ഗുരുമുഖങ്ങൾ’ എന്ന പുസ്തകത്തിലാണ് ജയനെക്കുറിച്ചുള്ള അനുഭവങ്ങൾ പറയുന്നത്.

പുതുമുഖമെന്ന നിലയില്‍ വലിയ ഭാഗ്യങ്ങള്‍ എനിക്കു നേടിത്തന്ന ചിത്രമായിരുന്നു മഞ്ഞില്‍വിരിഞ്ഞ പൂക്കളിനുശേഷം ഞാനഭിനയിച്ച ‘സഞ്ചാരി’. ജയനും പ്രേംനസീറുമായിരുന്നു നായകന്‍മാര്‍. പ്രധാന വില്ലന്‍ വേഷം എനിക്കായിരുന്നു. ഉദയാ സ്റ്റുഡിയോയിലെ ‘സഞ്ചാരി’യുടെ സെറ്റില്‍ വെച്ചാണ് ഞാന്‍ ജയനെ ആദ്യമായി പരിചയപ്പെടുന്നത്. വളരെ സൗമ്യമായി പെരുമാറിയിരുന്ന ജയനെ സ്‌നേഹത്തോടുകൂടി മാത്രമേ ഓര്‍ക്കാനാകൂ. ഒരു പുതുമുഖം എന്ന നിലയിലല്ല ജയന്‍ എന്നോട് ഇടപെട്ടിരുന്നത്. സൂപ്പര്‍ ഹീറോ ഭാവം അദ്ദേഹത്തില്‍ ഒട്ടും പ്രകടമായിരുന്നില്ല. നിര്‍മ്മാതാക്കളും സംവിധായകരും ആരാധകരുമുള്‍പ്പെട്ട വലിയൊരു വൃന്ദം ചുറ്റും എപ്പോഴുമുണ്ടായിരുന്നു. ‘സഞ്ചാരി’യില്‍ ഞാനും ജയനും തമ്മില്‍ രണ്ട് ഫൈറ്റ് സീനുകള്‍ ചിത്രീകരിച്ചിരുന്നു. ത്യാഗരാജന്‍ മാസ്റ്ററായിരുന്നു സംഘട്ടന സംവിധാനം. ഡ്യൂപ്പില്ലാതെയുള്ള സംഘട്ടനത്തില്‍ പലപ്പോഴും ജയന്‍ ഉപദേശിച്ചു. ‘സൂക്ഷിക്കണം. അപകടം പിടിച്ച രംഗങ്ങള്‍ ശ്രദ്ധയോടു കൂടി ചെയ്യണം.’ ആ ഉപദേശം ഇന്നും ഞാന്‍ ഏറെ വിലമതിക്കുന്നു.

സഞ്ചാരിയുടെ ഷൂട്ടിംഗ് നടന്നു കൊണ്ടിരിക്കെ ഒരു സന്ധ്യയില്‍ ജയനെ കാണാന്‍ അദ്ദേഹത്തിന്റെ സഹോദരനും ഭാര്യയും വന്നിരുന്നു. നസീര്‍ സാറിനും തിക്കുറിശ്ശി ചേട്ടനുമൊക്കെ അവരെ പരിചയപ്പെടുത്തി. മാറി നില്ക്കുകയായിരുന്ന എന്നെ ചൂണ്ടി ജയന്‍ പറഞ്ഞു, “പുതുമുഖമാണ്, മോഹന്‍ലാല്‍. ഈ സിനിമയിലെ വില്ലന്‍. നന്നായി അഭിനയിക്കുന്നുണ്ട്. വളര്‍ന്നുവരും…” പുതുമുഖമായ എനിക്ക് ഏറെ ആത്മവിശ്വാസം പകര്‍ന്നു ആ വാക്കുകളെന്നും മോഹൻലാൽ വ്യക്തമാക്കുന്നു…

Comments are closed.