ഗോകുലൻ – ചെറിയ പൊളിയാണ് !! ആരും ഇഷ്ടപ്പെട്ടു പോകും ഈ നടനെ….ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത ആമേൻ എന്ന ചിത്രത്തിലെ തെങ്ങിൻ മുകളിലെ ദൈവം എന്ന കഥാപാത്രമാണ് ഗോകുലനെ പ്രേക്ഷകർക്ക് സുപരിചിതനാക്കിയത്. ഒപ്പം പുണ്യാളൻ അഗർബത്തീസ് എന്ന ചിത്രത്തിലെ ജിമ്പ്രൂട്ടനും അതിൽ പങ്കുണ്ട്. തമിഴിലും മലയാളത്തിലുമായി ഇരുപതോളം ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത ഗോകുലൻ ഉണ്ട എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് മുന്നിൽ വീണ്ടും എത്തുകയാണ്. ഇക്കുറി മുൻപത്തിതിനേക്കാൾ മികച്ച വേഷം. ഗോകുലൻ, ഗോകുലൻ എന്ന സ്വന്തം പേരിലാണ് ഉണ്ടയിലും എത്തുന്നത്.

പലരും സിനിമയ്ക്കുവേണ്ടി പഠനം നിർത്തുമ്പോൾ സിനിമയിൽ തുടരാനായി പഠിക്കാൻ പോയ വ്യക്തിയാണ് ഗോകുലൻ. ഡിഗ്രിയും പോസ്റ്റ് ഗ്രാഡുവേഷനും എം ഫില്ലും കഴിഞ്ഞ ഒരാളാണ് ഗോകുലൻ. സിനിമയിൽ അവസരങ്ങൾ വന്നുതുടങ്ങിയ സമയത്താണ് ഗോകുലന്റെ പി.ജി. പഠനം പൂർത്തിയാകുന്നത്. ഏതെങ്കിലും കോഴ്സിന് ചേർന്നെങ്കിൽ മാത്രമേ ഗോകുലന് അഭിനയം, സിനിമ എന്ന ഇഷ്ട മേഖലയിലേക്ക് പോകാൻ കഴിയു അല്ലെങ്കിൽ ജോലിക്ക് പോകേണ്ടി വരുമല്ലോ. അതുകൊണ്ട് ഗോകുലൻ നേരെ പോയി കുസാറ്റിൽ എം.ഫില്ലിന്റെ എൻട്രൻസ് എഴുതി. അങ്ങനെ സിനിമയ്ക്കായി ഗോകുലൻ പിന്നെയും വിദ്യാർത്ഥിയായി. എന്നാൽ സിനിമ മാത്രമല്ല ഗോകുലന്റെ ലക്ഷ്യം. “അസ്ഥിരമാണ് ഈ മേഖല…നിൽക്കാൻ പറ്റുന്നിടത്തോളം ചെയ്യുക. കൂടെ പഠനം കൊണ്ടു പോകണം. പി.എച്ച്ഡി. ചെയ്യണം. ഇന്ത്യൻ ഇക്കണോമിക്സ് സർവീസ് എക്സാമിനേഷൻ എഴുതണം എന്നുമുണ്ട്. ഇതൊക്കെ അഭിനയത്തിന്റെ കൂടെ കൊണ്ടു പോകാൻ കഴിയുന്നതാണ്.” ഗോകുലന്റെ വാക്കുകൾ ഇങ്ങനെ.

ഉണ്ടയിലെ ഗോകുലന്റെ ഗോകുലൻ എന്ന കഥാപാത്രം അയാൾക്ക് കിട്ടുന്ന സ്റ്റീരിയോടൈപ്പ് റോളുകളെകാൾ പെർഫോം ചെയ്യാനുള്ളതാണു. പ്രാരാബ്ധങ്ങൾ നിറഞ്ഞ മനസുമായി ഗോകുലൻ, മാവോയിസ്റ് അല്ല അവന്റെ അച്ഛനെ വരെ അടിക്കാൻ ചെല്ലുമ്പോൾ പ്രകടന ഭദ്രതക്ക് കൈയടികൾ കൊടുക്കേണ്ടതായി ഉണ്ട്. ഗോകുലന്റെ ചെറുപ്പത്തിലേ കൂട്ടുകാർ ചിലപ്പോൾ ആയാളെ കണ്ടാൽ ഇത് തങ്ങൾക്ക് അറിയാവുന്ന ആ പഴയ ഗോകുലനാണ് എന്ന് വിശ്വസിക്കില്ല. അന്തർമുഖനായിരുന്ന, അധികം ആരോടും സംസാരിക്കാതിരുന്ന ഇരുണ്ട് മെലിഞ്ഞ് അല്പം വിക്കുള്ള ഡിഗ്രി കാലത്തു തന്നെ കഷണ്ടിയായ ആ പയ്യന് ഇന്ന് മലയാളത്തിന്റെ മഹാനടനോടൊപ്പം കട്ടക്ക് നിന്ന് അഭിനയിക്കാൻ കഴിഞ്ഞെങ്കിൽ അത് അയാളുടെ കഠിനാധ്വാനവും ദൃഢനിശ്ചയവും കൊണ്ട് തന്നെയാണ്….

– ജിനു അനില്‍കുമാര്‍

Comments are closed.