കുമ്പളങ്ങിയിലെ രാത്രികളുടെ ആദ്യ കാഴ്ച നാളെ ഭാവന സ്റ്റുഡിയോസില്‍ !!അറിയിപ്പുമായി ഫഹദ്!!ഏറെ പ്രതീക്ഷകൾ ഉണർത്തുന്ന ഒരു പ്രൊജക്റ്റ് ആണ് കുമ്പളങ്ങി നൈറ്റ്സ്, ദേശീയ അവാർഡ് ജേതാവ് ശ്യാം പുഷ്ക്കരൻ തിരക്കഥയൊരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് നസ്രിയയും, ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും ചേർന്നാണ്. ഫഹദ് ഫാസിൽ ചിത്രത്തിൽ ഒരു നെഗറ്റീവ് റോളിൽ എത്തുന്നുണ്ട്. ചിത്രത്തിന്‍റെ പോസ്റ്ററുകൾക്കും ടീസറിനും വലിയ രീതിയിലുള്ള പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിൽ നിന്ന് ലഭിക്കുന്നത്.

ആഷിഖ് അബുവിന്‍റെ അസ്സോസിയേറ്റ് ആയ മധു സി നാരായൺ ആണ് ചിത്രത്തിന്‍റെ സംവിധായകൻ. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ഷൈൻ നിഗം എന്നിവർക്ക് ഒപ്പം പുതുമുഖം മാത്യു ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ദൂരദർശന്‍റെ തീം സംഗീതവുമായി എത്തിയ ടീസർ ചിത്രത്തെ കുറിച്ചുള്ള ആകാംഷ വർധിപ്പിച്ചിട്ടുണ്ട്. റീലീസ് ഫെബ്രുവരി 7 നു ആണ്.

ചിത്രത്തിന്‍റെ ട്രൈലർ നാളെ പ്രേക്ഷകരിലേക്ക് എത്തും. ഫഹദ് ഫാസിൽ തന്‍റെ ഔദ്യോഗിക ഫേസ്സ്ബുക്ക് പേജിലൂടെ ആണ് ഈ കാര്യം പ്രേക്ഷകരെ അറിയിച്ചത്. യുട്യൂബില്‍ ഭാവന സ്റ്റുഡിയോസിന്‍റെ ചാനലിൽ ആണ് വീഡിയോ റീലീസ് ചെയ്യുന്നത്. ഈ ഭാവന സ്റ്റുഡിയോസ് എന്ന പേര് എവിടേയോ കേട്ടിട്ടുണ്ടല്ലോ. അതെ നമ്മുടെ മഹേഷിന്‍റെ സ്റ്റുഡിയോ തന്നെ, ദിലീഷ് പോത്തനും ഫഹദും ശ്യാം പുഷ്കരനും ഒന്നിച്ച മഹേഷിന്റെ പ്രതികാരത്തിലെ ഭാവന. മഹേഷിന്റെ പ്രതികാരം പോലെ കുമ്പളങ്ങി നൈറ്റ്‌സും ഒരു വലിയ വിജയമാകട്ടെ….

Comments are closed.