കണ്ണുകൾ കൊണ്ടൊരായിരം കാര്യങ്ങൾ പറയുന്ന അഭിനവ ലാലിസം!!!കൊട്ടി ഘോഷിക്കപ്പെടുന്നതിന്റെ ഇരമ്പം അളവ് കോലാകുന്നത് ഇന്നൊരു സ്ഥിരം കാഴ്ച തന്നെയാണ് സിനിമകളുടെ കാര്യത്തിൽ. ഒരു പക്ഷെ ഹൈപ്പ് എന്നൊരു എലമെന്റിന്റെ പരകോടിയിൽ ഒരു സിനിമയുടെ ഉയർച്ചയും വീഴചയും ഈ ഇരമ്പത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെടുന്നത് തന്നെയാണ് എന്ന് പറയേണ്ടി വരും. മുൻവിധി എന്നൊന്ന് സിനിമക്കെന്നു മാത്രമല്ല ഏതൊരു കലാരൂപത്തിലും പ്രേക്ഷകന്റെ കാഴ്ചയെ അതിനു ശേഷം ഉരുത്തിരിയുന്ന അഭിപ്രായങ്ങളെ സ്വാധീനിക്കുന്ന ഒന്നാണ്. ഈ കാര്യങ്ങൾ വില്ലൻ എന്ന ചിത്രത്തെ സംബന്ധിക്കുന്ന കുറച്ചു കാര്യങ്ങളെ പറ്റി പറയാൻ വേണ്ടി കുറിച്ചതാണു…

ഏത് രീതിയിൽ ചിന്തിച്ചാലും ഒരു മോശം ചിത്രം എന്ന ബ്രാൻഡ് ചാർത്തി കിട്ടേണ്ട ഒന്നല്ല വില്ലൻ. വ്യക്തമായ ഇമോഷനുകളുടെ കരുത്തിൽ, കാമ്പിൽ ബ്ലോക്കുകൾ കെട്ടിയൊപ്പിച്ചു പറഞ്ഞ ഒരു നല്ല ചിത്രം തന്നെയാണ്. ഇപ്പോഴും ഉറപ്പിച്ചു അങ്ങനെ പറയുമ്പോൾ ഞാൻ ഒരിക്കലും വില്ലനെ ഗ്ലോറിഫൈ ചെയ്യുകയല്ല മറിച്ചു ഒരുപിടി ക്ലിഷേ പരമാര്ഥങ്ങളും പാത്രസൃഷ്ടിയിലെ കാമ്പ് കുറവും എടുത്തു പറയേണ്ട തെറ്റുകൾ തന്നെയാണെങ്കിലും വില്ലൻ മുന്നോട്ട് വയ്ക്കുന്ന മാത്യു മാഞ്ഞൂരാൻ എന്ന കഥാപാത്രവും അതഭിനയിച്ച നടനും ഫുൾ സ്ലെഡിഗിൽ നമ്മളെ ടച്ച് ചെയ്തിട്ട് തന്നെയുണ്ട്, അത് സിനിമയുടെ ഭാഗമായ പ്രേക്ഷകർ ഓരോരുത്തരും കണ്ടറിഞ്ഞ സമ്മതിക്കുന്ന കാര്യമാണ്.

മാത്യു മാഞ്ഞൂരാൻ സമീപ കാലത്തെ ഏറ്റവും മികച്ച മോഹൻലാൽ കഥാപാത്രങ്ങളിൽ ഒന്ന് തന്നെയാണ്. ചിരിയും കരച്ചിലുമെല്ലാം നിമിഷാര്ധങ്ങൾ കൊണ്ട് മിന്നി മറയുന്ന അഭിനവ ലാലിസം, അതൊരു വല്ലാത്ത സംഭവം തന്നെയാണ് പൊരുത്തക്കേടുകൾക്കിടയിലും തലയുയർത്തി നിന്ന വലിയ സത്യം, അത്രമേൽ ഗംഭീരമായി മോഹൻലാൽ എന്ന നടൻ മാത്യു മഞ്ജുരാനെ, അയാളുടെ ആത്മ സംഘർഷങ്ങളെ, തന്നിലേക്ക് തന്നെ മടങ്ങി നടക്കുന്ന, മരണം ജീവിതം എന്നതിനിടയിലുള്ള നിർജീവമായ ബോർഡർ ലൈൻ അവസ്ഥയെ, നെഞ്ചിൽ ഒരു കത്തി കുത്തി ഇറക്കുമ്പോളും കരയണോ ചിരിക്കണോ എന്ന് അറിയാത്ത സ്റ്റേജിനെ എല്ലാം അത്രക്കങ്ങു ബ്രില്ലിയൻറ് ആയി പകർന്നാടി..

മാത്യു എന്ന കഥാപാത്രത്തിന്റെ നടപ്പ് ഒരു നൂൽപാലത്തിലൂടെയാണ്, അയാളുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ ആത്മഹത്യക്കും കൊലപാതകത്തിനും ഇടയിലുള്ള ഒരു ബോർഡർ ലൈൻ. അയാളുടെ വിസ്‌ഡം അയാളെ പതിവ് പോലെ ശാന്തനാകുന്നു എങ്കിലും ഉള്ളിലെ ഏതോ കോണിൽ നിന്ന് എക്സ്ട്രീം മെന്റൽ സ്റ്റേറ്റിലേക്കു തള്ളി വിടാൻ ശ്രമിക്കുന്ന അയാളുടെ ഓർമ്മകളും ആറു മാസത്തെ ആശുപത്രി വാസത്തിന്റെ ദുരിതങ്ങളുമുണ്ട്. മോഹൻലാൽ എത്ര മനോഹരമായി ആണ് മാത്യുവിനെ പകർന്നാടി എന്നത് മനസിലാക്കാൻ അദ്ദേഹത്തിന്റെ ബോഡി ലാംഗ്വേജ് ഉപകരിക്കുന്നുണ്ട്. ഏഴു മാസം മുൻപിലത്തെ മാത്യു മാഞ്ഞൂരാൻ ശരീരം കൊണ്ടും മനസ് കൊണ്ടും സ്ട്രോങ്ങ് ആണ്, അയാളുടെ ഓരോ ചലനത്തിലും ആ സ്ട്രെങ്ത് വെളിവാകുന്നുണ്ട് പിന്നെയുള്ള ജീവിതത്തിലെ ട്രാജഡി അയാളുടെ മനസിനെയും അത് വഴി അയാളുടെ ശരീരത്തിൽ പോലും തളച്ചിടുന്നുണ്ട്. ഒരു ചിന്തിക്കാൻ പോലും തയാറാകാത്ത ഒരു മനുഷ്യനിലേക്കുള്ള അയാളുടെ ട്രാൻസ്ഫർമേഷനിൽ ബോഡി ലാംഗ്വേജിലും അയാളുടെ മനസിലെ മടുപ്പും അമര്ഷവും ഒക്കെ നന്നായി തെളിഞ്ഞു കാണുന്നുണ്ട്. എന്തിനോ വേണ്ടി ജീവിച്ചു തീർക്കുന്നു എന്നൊരു തോന്നൽ അതി വഴിയും പ്രേക്ഷകനോട് പറയാതെ പറയാകുകയാണവിടെ.

തിരിച്ചു വരവിലെ ഓഫീസിലെ സന്ദർശനത്തിനിടയിൽ ശ്രീനി എന്ന രഞ്ജി പണിക്കർ കഥാപാത്രത്തിനോടുള്ള സംസാരത്തിനിടയിൽ തന്നെ അയാളിപ്പോൾ ഉള്ള മെന്റൽ സ്റ്റേറ്റ് വ്യക്തമാക്കുന്നുണ്ട് മോഹൻലാൽ തന്റെ ഗംഭീര പ്രകടനത്തിലൂടെ, ഒന്നിലേക്കും വ്യക്തമായി ചെന്നെത്താതെ നീങ്ങുന്ന മനസ്. അയാളൊരു പ്രത്യേക ചട്ടക്കൂടിലേക്ക് ഒതുങ്ങി കൂടുകയാണ്, അതിൽ നിന്ന് മാറി നടന്നാൽ ഒരുപക്ഷെ അയാൾക് സ്വയം നഷ്ടമാകും. ആ മോൾഡിൽ തന്നെയാണ് മോഹൻലാൽ ജീവിതത്തിലെ ട്രാജഡിക്ക് ശേഷം മഞ്ജുരാനെ കൊണ്ടുനടക്കുന്നത്, അതിൽ നിന്ന് ഒരു എലവേഷനോ ഡൗൺഫാളോ ഇല്ലാത്ത മുന്നോട്ട് പോകുന്നത് ഒരു നടനെ സംബന്ധിച്ചു ചെയ്യാവുന്ന ഒന്നാണെങ്കിലും അതിനുള്ളിൽ അയാളുടെ മനസിലെ വികാര വിക്ഷോഭങ്ങളുടെ അയാളിലേക്ക് ഒതുങ്ങുന്ന പീക്ക് അതിന്റെ അവതരണം അതൊരു നല്ല നടനെ കൊണ്ട് മാത്രം ചെയ്യാൻ കഴിയുന്ന ഒന്നാണ്.

നിങ്ങൾക്കെ ലാലേട്ടാ ഇത് പറ്റു എന്ന് പറഞ്ഞു പോകുന്ന ഒരു ഫീൽ ഉണ്ടല്ലോ അങ്ങനൊയൊന്നിൽ പെട്ടു പോയിട്ടില്ലാത്ത മലയാളികൾ കുറവെന്നേ പറയാനാകൂ. പക്ഷം പിടിക്കാതെയും വാഴ്ത്തു പാട്ടുകളുമില്ലാതെ ഒരു കാര്യം പറഞ്ഞാൽ ഹോസ്പിറ്റിലലിലെ നീലിമയോടുത്തുള്ള രംഗങ്ങളിൽ മോഹൻലാലിൻറെ പ്രകടനത്തെ അവിസ്മരണീയം എന്നെ പറയാനാകൂ. ഡയലോഗുകൾ ഇല്ലാതെ ഒന്നോ രണ്ടോ നോട്ടം കൊണ്ടും ശ്വാസം കൊണ്ടും പോലും മനസിലെ നെരിപ്പോട് പ്രേക്ഷകന് പകർന്നു കൊടുക്കുന്ന അഭിനവ ലാലിസത്തിന് മുന്നിൽ കൈയടിക്കാതെ വയ്യ. ചിരിച്ചു കൊണ്ട് കരഞ്ഞു പ്രിയതമയോടുള്ള പ്രണയവും വിട വാങ്ങലിന്റെ നീറ്റലും എല്ലാം പറയുന്ന ആ രംഗം ഈ മനുഷ്യന്റെ അതിഗംഭീരമായ പെർഫോമൻസിനു വേദിയാണ്. ഓരോ മനുഷ്യനും വികാരത്തിനും സ്റ്റേജിനും ഒരു ബേർസ്റ്റ് ഉണ്ട്, അതിന്റെ പീക്ക് എന്ന് പറയുന്ന ഫൈനൽ സ്റ്റേജ്. മാത്യു മാഞ്ഞൂരാൻ എന്ന മനുഷ്യൻ അത് വരെ കടന്നു പോയ ആ സ്റ്റേജിന്റെ ആ അവസ്ഥയുടെ ബേർസ്റ് തന്നെയാണ് ആ രംഗത്തിൽ മോഹൻലാൽ പകർന്നാടിയത്. ഒരു പക്ഷെ ആ സിനിമ കണ്ടൊരാൾക്ക് ആ മഹാനടൻ ആ പ്രോസസ്സിനോട് സ്വീകരിച്ച സത്യസന്ധത എത്ര മാത്രമുണ്ടാകുമെന്നു നിംസംശയം പറയാം.

വില്ലന്റെ കുറ്റങ്ങളുടെ എണ്ണം അളക്കുന്നതിനു മുൻപിൽ ഒരു കാര്യം, ഇങ്ങനെ ഒരു നടൻ ജീവിച്ചിരിക്കുന്നു എന്ന് പറയുന്നതൊരു അഭിമാനമാണ്, കരഞ്ഞു കൊണ്ട് ചിരിക്കുന്ന, തനിലേക്ക് തിരിഞ്ഞു നടക്കുന്ന മാത്യു മാഞ്ഞൂരാനെ അത്രമേൽ ഗംഭീരമായി ആണ് മോഹൻലാൽ അവതരിപ്പിച്ചത്. കുറ്റം പറച്ചിലുകൾക്കിടയിൽ, കീറിമുറിക്കലുകൾക്കിടയിൽ അത് കാണാതെ പോകരുത്. ആ മനുഷ്യൻ ഒരു വിസ്മയം തന്നെയാണ്, മനസ് കൊണ്ടും കൈയടിപ്പിക്കുന്ന ഒരു അപൂർവ ജന്മം…..
– ജിനു അനില്‍കുമാര്‍

Comments are closed.