ഒരു മനുഷ്യനെയും ഇങ്ങനെ അപമാനിക്കാൻ പാടില്ല.. വൈറലാകുന്ന കുറിപ്പ്തന്റെ ചിത്രത്തിൽ ജൂനിയർ അര്ടിസ്റ്റ് ആയി അഭിനയിച്ചിട്ടുള്ള ബിനീഷ് ബാസ്റ്റിനൊപ്പം വേദി പങ്കിടാൻ കഴിയില്ല എന്ന പറഞ്ഞ സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോനെതിരെ ബിനീഷ് അതെ വേദിയിലെത്തി പ്രതിഷേധിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ എങ്ങും അനിൽ രാധാകൃഷ്ണ മേനോന് എതിരെയുള്ള അമർഷം പുകയുകയാണ്. ഇതേ വിഷയത്തിൽ നടൻ ആനന്ദ് മന്മഥൻ എഴുതിയ കുറിപ്പ് വൈറലാണ്. കുറിപ്പ് ഇങ്ങനെ “ഈ പടം ഉണ്ടല്ലോ. അതൊരു വലിയ statement ആണ്. ഒരു മനുഷ്യനെയും ഇങ്ങനെ അപമാനിക്കാൻ പാടില്ല. പോലീസിനെ വിളിക്കും എന്ന് പറഞ്ഞ, കയ്യിൽ കയറി പിടിച്ച സാറുമാര് ഉൾപ്പടെ അത് മനസ്സിലാക്കണമായിരുന്നു. ഒന്നുമില്ലേലും നിങ്ങളൊക്കെ ഒത്തിരി പഠിപ്പും അറിവും ഒക്കെ ഉള്ളവരല്ലേ… ഇതിൽ ഇനി എന്ത് വെർഷനും വന്നോട്ടെ, മുഴുവൻ സമയവും അക്ഷോഭ്യനായി നിന്ന്, പ്രതിപക്ഷ ബഹുമാനത്തോടെ തന്നെ സംസാരിച്ച, ചങ്ക് പൊട്ടി കരഞ്ഞു കൊണ്ട് സ്റ്റേജിൽ നിന്ന് ഇറങ്ങി നടന്ന ആ വലിയ ഹൃദയമുള്ള മനുഷ്യന് വേണ്ടി നിലകൊള്ളുന്നു…

ചാൻസ് ചോദിക്കുന്നത് അത്ര എളുപ്പമുള്ളതോ, സുഖകരമായിട്ടുള്ളതോ ആയ കാര്യങ്ങളല്ല പലപ്പോഴും. നാണക്കേടിന്റെയും, അവഗണനയുടെയും വേദന പലപ്പോഴായി അനുഭവിച്ചിട്ടുണ്ട്..ഇന്ന് അതൊക്കെ ഒരു ശീലമായി എന്നത് കൊണ്ട് മാത്രം വലുതായി ബാധിക്കാറില്ല എന്ന് മാത്രം.

ചാൻസ് “തെണ്ടി” നടക്കുന്നു എന്നുള്ള പൊതുബോധം തന്നയാണ് ഇവിടെയും പ്രശ്നം.
തെണ്ടലാണ്, നികൃഷ്ടമായുള്ള പരുപാടിയാണ്. ലോകത്ത് ഒരിടത്തും ചെയ്യുന്ന ജോലിക്ക് കാശ് തരാതെ, “ഇത് നിങ്ങൾക്ക് തന്ന ചാൻസ് ആണ് അതിന്റെ കൂടെ കാശും തരണോ?” എന്ന ചോദ്യം കേൾക്കേണ്ടി വരുന്ന ചുരുക്കം ചില കരിയറുകളിൽ ഒന്നാണ് ഒരു struggling നടന്റേത്.
അപ്പോഴാണ് നമ്മളിറങ്ങി തെണ്ടുന്നതും, uber ഓടുന്നതും, ടൈൽസിന്റെ പണിക്ക് പോകുന്നതും…

പഠിച്ചത്‌ വച്ച് വേറെ ജോലിക്ക് പോകാൻ കഴിയാഞ്ഞിട്ടൊന്നുമല്ല. ശ്രമിച്ചിട്ടുണ്ട്. പറ്റാഞ്ഞിട്ടാ…ഇരുപ്പ് ഉറയ്‌ക്കാതെ ഇറങ്ങി ഓടിയിട്ടുണ്ട്…! പിന്നെ വീട്ടിൽ മൂന്ന് നേരം കഴിക്കാൻ കിട്ടുന്നതിന്റെ പ്രിവിലേജിൽ ചെറിയൊരു ഭാരമായി കഴിഞ്ഞു കൂടുന്നു എന്ന് മാത്രം. ഈ അടുത്ത്, നിന്നോട് തോന്നിയ കാരുണ്യത്തിന്റെ പുറത്ത് മാത്രമാണ് നി എടുത്ത പണിക്ക് remuneration ആയി ഒരു ചെറിയ സംഖ്യ തന്നത് എന്ന് ഒരാൾ എന്നോട് പറഞ്ഞപ്പോൾ,
ചേട്ടാ ഒരു നടനോട് ഒരിക്കലും ഒരു സെറ്റിൽ വച്ച് ഇങ്ങനെയൊന്നും പറയരുത് “എന്ന് പറഞ്ഞിട്ട് മാറി നിന്ന് കരഞ്ഞിട്ടുണ്ട് ഞാൻ. ഈ കോപ്പ് ഒക്കെ നിർത്തി വേറെ വല്ല പണിക്കും പോയാലോ എന്നുവരെ തോന്നി പോയി. ഇതെന്റെ മാത്രം അനുഭവമല്ല. എനിക്കറിയാവുന്ന ഒരുപാടുപേരുടെ അനുഭവങ്ങളിൽ ഒന്ന് മാത്രം.

പക്ഷെ നമ്മൾ സിനിമാകാർക്ക് വേറൊരു കുഴപ്പമുണ്ട്. എനിക്ക് എന്തായാലും ഉണ്ട്. ഇപ്പോൾ ഈ കഴിഞ്ഞ അനുഭവം സിനിമയിലെ ഒരു സീൻ ആണ് എന്ന് കരുതാൻ തുടങ്ങും. അതും ഒരു experience ആണ്. അതിൽ നിന്ന് ഒരു നടൻ എന്ന നിലയ്ക്ക് പഠിക്കാനേറെയുണ്ട്. സീറ്റുവേഷൻ, മൂഡ് building, ഡയലോഗ് ഡെലിവറി അങ്ങനെ ഒരുപാട് കാര്യങ്ങൾ. അപ്പോൾ പിന്നെ അത് ലാഭമായല്ലോ എന്ന് ചിന്തിച്ചു മുന്നോട്ടു പോകും. പോയേ പറ്റു.. അനുഭവങ്ങൾ ആണ് എപ്പോഴും ഒരു നടനെ മുന്നോട്ട് നയിക്കുന്നത്. Struggle അതിന്റെ ഒരു അഭിവാജ്യ ഘടകം തന്നെയാണ്. ഞാൻ ഈ പറഞ്ഞത് എത്ര പേർക്ക് കണക്ട് ആകുമെന്ന് അറിയില്ല. ഇന്ന് ഈ വിഡിയോയിൽ ബിനീഷ് ബ്രോയെ കണ്ടപ്പോൾ ഇതൊക്കെയാണ് ഓർമ്മയിൽ വന്നത്. ഇതിന്റെ ഇരട്ടി അനുഭവങ്ങൾ പുള്ളിക്ക് ഉണ്ടായിട്ടുണ്ടാകും. മുന്നോട്ട് പോകുക. ഈ അനുഭവും ചേർത്ത് ആയുധം മൂർച്ച കൂട്ടുക. മുന്നോട്ട് ❤️

Comments are closed.