‘എന്നേപ്പോലുള്ളവരെ എച്ചില്‍ കഴുകാത്ത കൈ കൊണ്ട്‌ തല്ലുകയാണ്‌ വേണ്ടത്‌’- ആർ ജെ മാത്തുക്കുട്ടിമേയിലെ രണ്ടാമത്തെ ഞായറാഴ്ചയാണ് മാതൃദിനമായി ആചരിക്കുന്നത്. ഇന്നലെ ആയിരുന്നു അത്. സോഷ്യൽ മീഡിയ മുഴുവൻ മാതൃദിന സന്ദേശങ്ങളും പോസ്റ്റുകളും കൊണ്ട് നിറഞ്ഞിരുന്നു. പലരും തങ്ങൾക്ക് വേണ്ടി എല്ലാം സഹിച്ചു ജീവിച്ച, ജീവിക്കുന്ന അമ്മയെ അവരുടെ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ ലോകത്തിനു പരിചയപ്പെടുത്തി കൊടുക്കുന്നുണ്ടായിരുന്നു ഇന്നലെ. കൂട്ടത്തിൽ ആർ ജെ മാത്തുകുട്ടിയും അത്തരത്തിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു. മറ്റുള്ളവയിൽ നിന്നേറെ വ്യത്യസ്തമായ മാത്തുക്കുട്ടിയുടെ പോസ്റ്റ് ഇങ്ങനെ.

ഈ ഫോട്ടോ അത്ര നല്ലതല്ലെന്ന് എനിക്കറിയാം. പക്ഷെ ഇതിൽ ഞാനിന്ന് രാവിലെ കുടിച്ച ചായക്കപ്പ്‌ മുതൽ ഉച്ചയൂണിന്റെ പ്ലേറ്റ്‌ വരെയുണ്ട്‌. വൈകുന്നേരമാവുമ്പോഴേക്കും ഇത്‌ ഇരട്ടിയാവും. അത്താഴമുണ്ട്‌ നമ്മൾ ഗെയിം ഓഫ്‌ ത്രോൺസിന്റെ അവസാന സീസണിലേക്കും വാട്സാപ്പ്‌ ചാറ്റിന്റെ കുറുകലുകളിലേക്കും കമിഴ്‌ന്ന് വീഴുമ്പോൾ നമ്മുടെ അമ്മമാരെവിടെ എന്ന് ചിന്തിച്ചിട്ടുണ്ടോ ? അവരിവിടെയാണ്‌!! കാണുമ്പോൾ തന്നെ നമുക്ക്‌ സ്ക്രോൾ ചെയ്ത്‌ കളയാൻ തോന്നുന്ന ഈ വിഴുപ്പ്‌ പാത്രങ്ങൾക്ക്‌ മുൻപിൽ. ആലോചിക്കുമ്പോൾ നാണക്കേട്‌ തോന്നുന്നുണ്ട്‌. ഉണ്ട പാത്രം പോലും കഴുകി വെക്കാതെ അമ്മക്ക്‌ ആശംസകൾ നേരാൻ ചെന്നിരിക്കുന്നു. എന്നേപ്പോലെയുള്ളവരെ എച്ചിൽ കഴുകാത്ത കൈ കൊണ്ട്‌ തല്ലുകയാണ്‌ വേണ്ടത്‌! NB: ഇതിൽ പകുതി പോസ്റ്റ്‌ ഇട്ടതിനു ശേഷം ഞാൻ തന്നെ കഴുകി വെക്കുന്നതായിരിക്കും….

Comments are closed.