എനിക്ക് വേണ്ടി അദ്ദേഹം ജോലി പോലും വേണ്ടെന്നു വച്ചു.. ജീവിതത്തിലെ ഏറ്റവും അടുത്ത കൂട്ടുകാരനെക്കുറിച്ച് അമല പോൾ..



എ എൽ വിജയ്‌യുടെ രണ്ടാം വിവാഹവും അതുമായി ബന്ധപ്പെട്ട അമല പോളിന്റെ പ്രതികരണവുമെല്ലാം വളരെയധികം ചർച്ച ആയിരുന്നു. അമലയും വിജയ്‌യും നാല് വർഷത്തെ പ്രണയത്തിന് ശേഷം വിവാഹിതരാകുകയും പിന്നീട് വിവാഹ മോചനം നേടുകയുമായിരുന്നു. ചെന്നൈയിലെ ഡോക്ടറായ ആർ ഐശ്വര്യയാണ് വിജയ്‌യുടെ രണ്ടാം വിവാഹത്തിലെ വധു. ഇപ്പോളിതാ താനിപ്പോൾ പ്രണയിക്കുന്ന ആളെ കുറിച്ച് അമല തുറന്നു പറഞ്ഞിരിക്കുകയാണ്. അമലയുടെ വാക്കുകൾ ഇങ്ങനെ…

ആര്‍ക്കും അറിയാത്ത കാര്യമാണ് ഇത്. ഞാന്‍ ഒരു ബന്ധത്തിലാണ്. ആടൈ എന്ന സിനിമയുടെ കഥ കേട്ടപ്പോള്‍ ഞാന്‍ ആദ്യം അദ്ദേഹത്തോടാണ് പങ്കു വച്ചത്. അദ്ദേഹത്തിന്റെ അഭിപ്രായം കേള്‍ക്കാന്‍ ആകാംക്ഷയുണ്ടായിരുന്നു. അദ്ദേഹം എന്നോട് പറഞ്ഞത് ‘ഈ കഥാപാത്രമാകാന്‍ നീ ശരിക്കും സ്വയം പ്രാപ്തയാകണം. ഈ സിനിമ ചെയ്യുകയാണെങ്കില്‍ ശാരീരികമായും മാനസികമായും തയാറെടുക്കണം. സിനിമയില്‍ അഭിനയിക്കാന്‍ തീരുമാനിച്ചാല്‍ അതുമായി മുന്നോട്ടു പോകുക…

ഞാനെന്നും ഒരു റിബല്‍ ആയിരുന്നു, പ്രത്യേകിച്ച് ഒരു കാരണവും ഇല്ലെങ്കില്‍ പോലും. യഥാര്‍ഥ സ്നേഹമാണ് എന്റെ മുറിവുണക്കാന്‍ സഹായിച്ചത്. ഞാന്‍ വിചാരിച്ചിരുന്നത് ഉപാധികളില്ലാതെ, സ്നേഹിക്കാന്‍ ലോകത്തില്‍ അമ്മയ്ക്ക് മാത്രമേ കഴിയൂ എന്നാണ്. എന്നാല്‍ അദ്ദേഹം ആ ധാരണ മാറ്റി. എനിക്കു വേണ്ടി, എനിക്കൊപ്പം സമയം ചെലവഴിക്കാന്‍ വേണ്ടി അദ്ദേഹം സ്വന്തം ജോലിയും കരിയറും എല്ലാം ത്യജിച്ചു. അദ്ദേഹത്തിന് എന്റെ പാഷന്‍ അറിയാം. അദ്ദേഹം അതിനെ പിന്തുണച്ച് കൂടെ നിന്നു…

എന്തുണ്ടെങ്കിലും എന്നെ പുകഴ്ത്തുന്ന ആളല്ല അദ്ദേഹം, എന്റെ കുറവുകളും പോരായ്മകളും ചൂണ്ടിക്കാണിക്കാറുണ്ട്. എന്റെ ചില സിനിമകള്‍ കണ്ടിട്ട് നീയെങ്ങനെ ഈ ഇൻഡസ്ട്രിയിൽ നിലനിന്നു എന്ന് ചോദിച്ചിട്ടുണ്ട്. അദ്ദേഹം എനിക്ക് ഒരു മൂന്നാം കണ്ണ് തുറന്നു തന്നു. എന്നെ പുകഴ്ത്തുന്നവരാണ് എനിക്ക് ചുറ്റും ഉണ്ടായിരുന്നത്, ആരും സത്യം പറഞ്ഞിരുന്നില്ല. എന്നാല്‍ ഈ വ്യക്തി എന്നെ ശരിക്കും ഞെട്ടിച്ചു. അദ്ദേഹമാണ് എന്റെ ജീവിതത്തിലെ സത്യം. എനിക്ക് എന്നെത്തന്നെ കണ്ടെത്താന്‍ സഹായിച്ചത് അദ്ദേഹമാണ്….

Comments are closed.