ഇവർ ആരും മാതാപിതാക്കളുടെ പേരിൽ അല്ല സിനിമയിൽ അറിയപ്പെടുന്നത്.. വൈറലാകുന്ന കുറിപ്പ്മലയാള സിനിമയെ സംബന്ധിച്ചു എന്ന് മാത്രമല്ല ഇന്ത്യൻ സിനിമയെ സംബന്ധിച്ചും ഏറെ ചർച്ചയുണർത്തുന്ന ഒരു കാര്യമാണ് നെപ്പോറ്റിസം. സിനിമയിൽ സജീവമായ താരങ്ങളുടെ ബന്ധുക്കൾ സിനിമ മേഖലയിൽ എത്തിപ്പെടുന്ന ഈ വിഷയത്തെ കുറിച്ചു ജെനു ജോണി എന്നൊരാൾ സിനിമ പാരഡിസോ ക്ലബ്ബിൽ എഴുതിയ കുറിപ്പ് വൈറലാണ് ഇപ്പോൾ. കുറിപ്പ് ഇങ്ങനെ…

സിനിമയിൽ സ്ഥിരം ചർച്ച ആവുന്ന വിഷയമാണ് നെപ്പോട്ടിസം. അതിന്റെ നിർവചനം നോക്കിയാൽ Nepotism is the unfair use of power in order to get jobs or other benefits for your family or friends എന്നാണ്. പല ഭാഷകളിലെ സിനിമകളുടെ കാര്യത്തിലും ഇത് സംഭവിക്കുന്നുണ്ട് എങ്കിലും മലയാള സിനിമയിൽ നെപ്പോട്ടിസത്തിന് സ്ഥാനമുണ്ടോ എന്ന് നോക്കാം.
ലോകത്തിൽ ഏറ്റവും കൂടുതൽ സിനിമകളിൽ നായകനായ പ്രേം നസീറിന്റെ മകനും , മലയാളത്തിന്റെ എവർഗ്രീൻ ആക്ഷൻ സ്റ്റാർ ജയന്റെ കുടുംബത്തിൽ നിന്ന് വന്നവരും , സോമൻ രതീഷ് തുടങ്ങി പല പ്രമുഖ നടന്മാരുടെ മക്കളും സിനിമയിൽ വന്നെങ്കിലും അവർക്കൊന്നും സിനിമയിൽ തിളങ്ങാനായില്ല. മലയാളം കണ്ട ഏറ്റവും വലിയ സൂപ്പർസ്റ്റാർ മോഹൻലാലിന്റെ മകനും അഭിനയത്തിലൂടെ ജനപ്രീതി നേടാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. നെപോട്ടിസം മലയാളത്തിൽ ശ്രമിക്കുന്നുണ്ട് എങ്കിലും വിജയം കണ്ടിട്ടില്ല.

വിജയം കണ്ട കേസുകളിൽ അതിനെ നെപ്പോട്ടിസം എന്ന് പറയാൻ പറ്റുകയുമില്ല. കൈയ്യെത്തും ദൂരത്തിൽ ഷാനുവിനെ അഭിനയിപ്പിച്ചത് പിതാവിന്റെ സ്വാധീനമാണ് പക്ഷെ വർഷങ്ങൾക്ക് ശേഷം തിരിച്ചുവന്നു ഫഹദ് നിലയുറപ്പിച്ചത് സ്വന്തം കഴിവിനാലും പ്രയത്നത്താലുമാണ്. സുകുമാരന്റെയും മല്ലികയുടെയും മക്കളും അങ്ങനെ തന്നെ. ദുൽകർ മമ്മൂട്ടിയുടെ പ്രഭാവത്തിൽ മങ്ങി പോവാതെ സ്വന്തമായി ഇമേജ് ഉണ്ടാക്കി. ഇവർ ആരും മാതാപിതാക്കളുടെ പേരിൽ അല്ല ഇൻഡസ്ട്രിയിൽ അറിയപ്പെടുന്നത്.

2013 എന്ന വർഷം മാത്രം നോക്കുക , ഫഹദിന്റെ സിനിമകൾ അന്നയും റസൂലും, ആമേൻ, ആർട്ടിസ്റ്റ് , 24 നോർത്ത് കാതം , ഇന്ത്യൻ പ്രണയകഥ , 5 സുന്ദരികൾ. പ്രിത്വിരാജിന് മുംബൈ പോലീസ് , മെമ്മറീസ് , സെല്ലുലോയ്ഡ്. ഇന്ദ്രജിത്തിന് Left Right Left , ആമേൻ , അരികിൽ ഒരാൾ , 101 ചോദ്യങ്ങൾ, വെടിവഴിപാട്. ദുല്കറിന് നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി , അഞ്ച് സുന്ദരികൾ, ABCD.

കൊമേർഷ്യൽ വിജയം നേടിയ സിനിമകളും പ്രേക്ഷക പ്രശംസ നേടിയ പെർഫോമൻസുകളും ഇവർ ഒരു ഒരേ വർഷത്തിൽ കാഴ്ച്ച വെച്ചിട്ടുണ്ട്. ഇവരെക്കൂടാതെ ഇതേ വർഷം തന്നെ ലിജോ ജോസ് പെല്ലിശ്ശേരി ആമേൻ സംവിധാനം ചെയ്തു , സൗബിൻ അഭിനയിച്ച ആദ്യചിത്രം അന്നയും റസൂലും ഇറങ്ങി അതിൽ തന്നെ ഷെയ്ൻ നിഗം പ്രധാന വേഷം അഭിനയിച്ചു , മുരളി ഗോപി left right left എഴുതി അഭിനയിച്ചു , വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ തിര ഇറങ്ങി, വിജയ് യേശുദാസ് ദൃശ്യത്തിലെ നിഴലേ മെമ്മറീസിലെ തിരയും എന്നീ പാട്ടുകളും, ശ്വേത മോഹൻ മരിയാനിലെ ഇന്നും കൊഞ്ചം നേരം അന്നയും റസൂലിലെ വഴിവക്കിൽ തുടങ്ങിയ പാട്ടുകളും പാടി , ശ്രീജിത് രവി പുണ്യാളൻ അഗർബത്തീസിൽ അഭയൻ എന്ന റോൾ അഭിനയിച്ചു , ഡബ്ബിങ് ആർട്ടിസ്റ്റ് ശ്രീജ രവിയുടെ മകൾ രവീണ അഞ്ചോളം സിനിമകളിലെ നായികമാർക്ക് ശബ്ദം നൽകി.

വെറുതെ ഒരു വർഷം മാത്രം എടുത്താൽ സിനിമാ പശ്ചാത്തലമുള്ള കുടുംബങ്ങളിൽ നിന്നും വന്നു മലയാളസിനിമയിൽ പല വിഭാഗങ്ങളിൽ പ്രവർത്തിച്ച ആർട്ടിസ്റ്റുകളെ കാണാം. കഴിവ് ഇല്ലാതെ പാരമ്പര്യം മാത്രം കാരണം ആയി ഇവിടെ ഒന്നും ആവില്ല എന്ന് തെളിയിക്കാൻ ഈ ഒരു വർഷം മതിയാവും. ഇവർക്ക് മുന്നേ നോക്കിയാലും മലയാളത്തിലെ ഏറ്റവും വലിയ താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം,ദിലീപ് എന്നിവർ സിനിമാ പാരമ്പര്യം ഇല്ലാത്തവരാണ്. മുകേഷ് , സായികുമാർ , വിജയരാഘവൻ , ഷമ്മി തിലകൻ , ശോഭന , ഉർവശി തുടങ്ങി അനേകം ആർട്ടിസ്റ്റുകൾ സിനിമാ പാരമ്പര്യം ഉള്ളവരാണ് എന്നാൽ ഇതൊന്നും തന്നെയും നെപ്പോട്ടിസം അല്ല. കാരണം നെപ്പോട്ടിസത്തിന്റെ നിർവചനം പറയുന്നു അർഹതയില്ലാത്ത ബന്ധുക്കൾക്ക് സ്വാധീനം ഉപയോഗിച്ച് സ്വന്തം മേഖലയിൽ അവസരം കൊടുക്കൽ ആണെന്ന് , ഇവരൊക്കെയും അർഹത ഉണ്ടെന്ന് തെളിയിച്ചവരാണ്. അർഹത ഇല്ലാത്തവർ ഇവിടുന്ന് പുറന്തള്ളപ്പെടും.

Comments are closed.