അബ്ദുൽ അസീസ് എന്ന ബോബി കൊട്ടാരക്കര വിട വാങ്ങിയിട്ട് 18 വർഷങ്ങൾ!!!

0
917

ബോബി കൊട്ടാരക്കര, അപൂർവം പേർക്ക് മാത്രം ഈ കലാകാരനെ ഓര്മയുണ്ടാകും. ഭൂരിഭാഗത്തിനും ഓർമ്മയിൽ നിൽക്കണമെങ്കിൽ സിനിമയിൽ ഒരു നായക വേഷമോ, വില്ലൻ വേഷമോ എങ്കിലും വേണം, എന്നാൽ ആ മനുഷ്യന് അതൊന്നും കൈമുതലായി ഉണ്ടായിരുന്നില്ല. വളരെ ചെറിയ വേഷങ്ങളിൽ അഭിനയിച്ചു ജീവിച്ചു മരിച്ചു പോയ ഒരു നടൻ, ഇന്നലെ അയാളുടെ ഓർമ്മ ദിവസമായിരുന്നു. ആരും എങ്ങും ഓർമിച്ചു കാണാത്ത ഒരു ഓർമ്മ ദിവസം.

അബ്ദുൽ അസീസ് എന്ന ബോബി കൊട്ടാരക്കര നമ്മളെ വിട്ടു പിരിഞ്ഞിട്ട് പതിനെട്ടു വര്ഷങ്ങളായി. 350 ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ അഭിനയിച്ചിട്ടുള്ള അദ്ദേഹം 2000 ത്തിൽ വക്കാലത് നാരായണൻ കുട്ടി എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോഴാണ് മരിക്കുന്നത്. നാടക രംഗത്ത് നിന്നാണ് സിനിമയിലേക്ക് വരുന്നത്. മിമിക്രി രംഗത്തും പ്രശസ്തനായിരുന്നു ബോബി കൊട്ടാരക്കര. നാല്‍പ്പാത്തിയെട്ടാം വയസിൽ ഇഹലോകം വാസം വെടിയുമ്പോൾ അഭിനയ ജീവിതത്തിൽ നിന്ന് കാര്യമായിട്ടൊന്നും സമ്പാദിക്കാൻ പോലും കഴിയാതെ ആയിരുന്നു ആ വിടവാങ്ങൽ.

അദ്ദേഹത്തിനെ തിരിച്ചറിയുന്നവരുടെ മനസുകളിൽ നിന്ന് മഴവിൽ കാവടിയിലെ മുരുകനും, സന്ദേശത്തിലെ ഉത്തമനും, വടക്കു നോക്കി യന്ത്രത്തിലെ സഹദേവനെയും ഒന്നും പെട്ടന്ന് മറക്കാനാകില്ല. സഹ നടന്മാരുടെ വസന്തകാലം എന്ന് വിശേഷിപ്പിക്കാവുന്ന എൺപതുകളുടെ അവസാനത്തിലും 90 കളിലും ബോബി കൊട്ടാരക്കരയെ പോലെ ചെറിയ വേഷങ്ങളിൽ പോലും മികവ് പുലർത്തിയിരുന്ന ഒരുപാട് കലാകാരൻമാർ നമ്മുക്കുണ്ടായിരുന്നു.

മരണത്തിനു ശേഷം പതിനെട്ടു വര്‍ഷം കഴിഞ്ഞു ഇന്ന് അദ്ദേഹം ഓര്‍മ്മിക്കപെടുന്നത് വര്‍ഷവര്‍ഷം ഒരു അനുസ്മരണ യോഗത്തിലൂടെ മാത്രമാണ്. മാധ്യമങ്ങളോ സൊ കാൾഡ് സിനിമ ബുജികളോ ഒന്നും ആ മനുഷ്യന് ഒരു അനുസ്മരണ പോസ്റ്റ് പോലും ഇക്കുറി ഇട്ടു കണ്ടില്ല. വർഷങ്ങൾ മുന്നോട്ട് പോകുമ്പോൾ നമ്മൾ പലരെയും മറക്കും, അതൊരു ലോക സത്യമാണ്.

പുറം ലോകത്തു അത്ര കണ്ടു തിളക്കമില്ലായിരുനെങ്കിലും ബോബി കൊട്ടാരക്കരയിലെ കലാകാരന്‍റെ മാറ്റു ഇന്നത്തെ താരങ്ങളിൽ നിന്നും ഏറെ മുകളിൽ തന്നെയാകും അദ്ദേഹത്തിനെ ഇഷ്ടപ്പെടുന്നവരുടെ എങ്കിലും മനസ്സിൽ….

– ജിനു അനില്‍കുമാര്‍