അപടകടത്തിലായ അന്യ സംസ്ഥാന തൊഴിലാളിയുടെ ചികിത്സ ചിലവുകൾ വഹിച്ച മമ്മൂട്ടി – വൈറലാകുന്ന കുറിപ്പ്



മമ്മൂട്ടി, മലയാളത്തിന്റെ കലാ സാംസ്‌കാരിക രംഗങ്ങളിൽ മമ്മൂട്ടി തലയെടുപ്പോടെ നിൽക്കുവാൻ തുടങ്ങിയിട്ട് വര്ഷങ്ങളായി. ഫാൻസ്‌ അസോസിയേഷൻ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളിലും അദ്ദേഹം സജീവമാകാറുണ്ട്. വിവേക് കൃഷ്ണൻ എന്നൊരാൾ മമ്മൂട്ടിയെ പറ്റി ഫേസ്ബുക് ഗ്രൂപ് ആയ സിനിമ പാരഡിസോ ക്ലബ്ബിൽ എഴുതിയ കുറിപ്പ് മമ്മൂട്ടി എന്ന മനുഷ്യ സ്നേഹിയെ ലോകത്തിനു കൂടുതൽ പരിചയപ്പെടുത്തുന്ന ഒന്നാണ്. കുറിപ്പ് വായിക്കാം…

ഇൻഡോറിൽ താമസമാക്കി ഏകദേശം ഒരു വർഷത്തിന് ശേഷം എനിക്ക് ഫ്ലാറ്റ് മാറേണ്ടി വന്നു. ചെലവച്ചുരുക്കലിന്റെ ഭാഗമായിട്ടായിരുന്നു കൂടുമാറ്റം. കൂടാതെ രാവിലെ ഒരു 10 മിനിറ്റ് കൂടുതൽ ഉറങ്ങാനും പറ്റും. 10 മിനിറ്റിലൊക്കെ വലിയ കാര്യമുണ്ടോ എന്നു നിങ്ങൾക്ക് സംശയം തോന്നിയേക്കാം. എന്നാൽ രാവിലെ കുറച്ചു നേരത്തെ എണീക്കേണ്ടി വരുന്ന ഏതൊരാളും ഞാൻ പറഞ്ഞ സംഗതിയോട് യോജിക്കും.

പറഞ്ഞു വന്ന കാര്യം ഇതൊന്നുമല്ല. താമസം മാറിയതിനു പിറ്റേന്ന് സെക്യൂരിറ്റി ചേട്ടനെ പരിചയപ്പെട്ടു. മധ്യ പ്രദേശുകാരൻ തന്നെ ആണ്. കേരളത്തിൽ നിന്നാണെന്ന് പറഞ്ഞപ്പോ പുള്ളി ഓർമ്മകളുടെ ബാക്ക്പാക്ക് അഴിച്ചു. കേരളത്തിലും തമിഴ്നാട്ടിലുമൊക്കെ പുള്ളി പണ്ട് ജോലി ചെയ്തിട്ടുണ്ടത്രെ. വെൽഡിങ് പണി ആയിരുന്നു. രാജീവ് ഗാന്ധി വധിക്കപ്പെട്ട ശ്രീപെരുംബദൂർ ഒക്കെ പണ്ട് പോയിട്ടുണ്ടെന്ന് പറഞ്ഞു.

കേരളത്തിൽ ഒരു ചെമ്മീൻ ഫാക്ടറിയിൽ ജോലി ചെയ്തപ്പോ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരനുഭവം പുള്ളിക്ക് ഉണ്ടായി. ഫാക്ടറിയുടെ മേൽക്കൂരയിൽ എന്തോ വെൽഡിങ് പണി നടക്കുവായിരുന്നു. സുരക്ഷാവിധികൾ ഒന്നും നോക്കാതെയുള്ള പണി ആണ്. അതിനിടയിൽ പിടിവിട്ടു താഴെ വീണു. അധികം ഉയരത്തിൽ നിന്നല്ല വീഴ്ച്ച. പക്ഷെ കഷ്ടകാലത്തിനു വീണപ്പൊ മൂർച്ചയുള്ള ഒരു കമ്പി വയറിൽ കൊണ്ടു. ആഴത്തിലുള്ള മുറിവായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ കൊണ്ട് പോയി വേണ്ട ചികിത്സയെല്ലാം നടത്തി. കുറച്ചു ദിവസം അഡ്മിറ്റ്‌ ആയിരുന്നു. പിന്നീട് തിരിച്ചു നാട്ടിലേക്ക് പോവാൻ നിർബന്ധിതനായി.

തിരിച്ചുള്ള യാത്രച്ചെലവ് ഉൾപ്പടെ പുള്ളിക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്തുകൊടുത്ത ആ ഫാക്ടറി ഉടമയെ നമ്മൾ എല്ലാരും അറിയും. അത് മാത്രമല്ല… സീരിയസ് കണ്ടിഷനിൽ അഡ്മിറ്റ്‌ ആയിരുന്ന പുള്ളിയെ നേരിട്ട് കാണാനും അദ്ദേഹം വന്നു. മറ്റാരുമല്ല…നമ്മടെ സ്വന്തം മമ്മൂക്ക!!!

” Mammootty saab bahut achche aadmi hain…Bade dilwale hain woh!!!”

മമ്മൂക്കയെ കുറിച്ച് ആ മനുഷ്യൻ പറഞ്ഞ ഓരോ വാക്കും മനസിന്റെ അടിത്തട്ടിൽ നിന്നുള്ളവയായിരുന്നു. ഒരു മലയാളി എന്ന നിലയിലും, മമ്മൂട്ടി എന്ന നടന്റെയും മനുഷ്യസ്നേഹിയുടെയും വലിയ ഒരു ആരാധകൻ എന്ന നിലയിലും ഒരുപാട് സന്തോഷവും അഭിമാനവും തോന്നിയ ഒരു നിമിഷമായിരുന്നു അത്!

മമ്മൂക്ക നേതൃത്വം കൊടുക്കുന്ന ചില ജീവകാരുണ്യപ്രവർത്തനങ്ങളെ പറ്റി ഇന്ന് ഒരു ന്യൂസ്‌ ആർട്ടിക്കിൾ വായിക്കാൻ ഇടയായി. അപ്പൊ ഓർമ്മ വന്നതാ ഈ സംഭവം. സ്വന്തം സിനിമ ഇറങ്ങാൻ നേരത്ത് മാത്രം പൂക്കുന്ന സീസണൽ നന്മമരങ്ങൾ ഉള്ള നമ്മടെ നാട്ടിൽ നന്മയുടെ ഈ വടവൃക്ഷം പടർന്നു പന്തലിച്ചു തന്നെ നിൽക്കും…. എക്കാലവും…

ഇക്ക ❤❤❤

P. S. തലനാരിഴ കീറി പരിശോധന നടത്തുന്നവർക്ക്… ഈ പുള്ളി maintenance പണിക്ക് പോയതായിരുന്നു…വെൽഡർ ആണെന്നു പറഞ്ഞല്ലോ…അയാളുടെ കോൺട്രാക്ടർ കൊടുക്കാത്ത ഒരു കരുതൽ മറ്റൊരു മനുഷ്യൻ നൽകി എന്നെ പറഞ്ഞുള്ളു… ആ മനുഷ്യൻ മമ്മൂട്ടി ആയി പോയി…അതിനിപ്പോ എന്ത് ചെയാൻ പറ്റും…ദയവു ചെയ്തു ചെളി വാരി എറിയാനുള്ള ഒരു വേദി ആക്കരുത് 😊

Comments are closed.