അത്ഭുതം തോന്നാറുണ്ട്, മിക്ക പടത്തിലെയും നായകനെക്കാൾ കൈയടിയേറ്റുവാങ്ങുന്നതീ മനുഷ്യനാണ്!!ലോകത്തിൽ ഏതൊരു സിനിമ വ്യവസായത്തിനും അവകാശപ്പെടാൻ കഴിയ്യാത്ത മഹാഭാഗ്യം ലഭിച്ചിട്ടുള്ള സിനിമ പാരമ്പര്യത്തിനുടമയാണ് മലയാള സിനിമ എന്നത്. അതിൽ എന്താണ് ഏറ്റവും മികച്ച എന്ന് ചോദിച്ചാൽ അതിന്‍റെ ഒരുത്തരമായി പറയാൻ കഴിയുന്നത് നമ്മൾക്ക് ലഭ്യമായിട്ടുള്ള അനായാസ അഭിനയതാക്കളുടെ മികച്ച അഭിനയസമ്പത്തു തന്നെയാണ്. ലോകത്തിൽ മറ്റെവിടെയും ഉള്ളതിനേക്കാൾ പ്രതിഭാധനർ നിറഞ്ഞതാണ് മലയാള സിനിമ ലോകം, അതുകൊണ്ടു തന്നെ ഏറ്റവും അധികം മത്സരവും മലയാള സിനിമയിൽ തന്നെയാണ് എന്ന് പറയാം. അർഹതപെട്ടവർ മാത്രമേ മലയാള സിനിമ ലോകത്തു അതിജീവിച്ചിട്ടുള്ളൂ, അങ്ങനെയുള്ള മലയാള സിനിമയിൽ വർഷങ്ങളോളം എതിരാളികളില്ലാതെ നില നിൽക്കുക എന്നത് വലിയ കാര്യമാണ്, അതോടൊപ്പം പ്രസക്തിയുള്ളതു എന്തെന്ന് വെച്ചാൽ സ്വന്തമായൊരു സ്ഥാനം ഈ സിനിമാലോകത്തുണ്ടാക്കുക എന്നത് കൂടിയുണ്ട്. അങ്ങനെ മലയാള സിനിമയിൽ സ്വന്തമായൊരു സ്ഥാനത്തോടൊപ്പം മികച്ച നടൻ എന്ന ഖ്യാതി കൂടി സ്വന്തമാക്കിയ അഭിനയതാക്കളിൽ ഒരാളാണ് സിദ്ദിഖ്. സിദ്ദിഖ് എന്ന നടൻ സിനിമയിൽ പിച്ചവെച്ചു തുടങ്ങിയത് മുതൽ ദാ ഇന്ന് ക്യാപ്റ്റന്‍ എന്ന സിനിമ വരെ സിദ്ദിഖ് എന്ന നടന് മലയാള സിനിമയിൽ എതിരാളികളില്ല, ഇനിയങ്ങോട്ടും ഉണ്ടാവും എന്ന് തോന്നുന്നില്ല…

തനിക്കു ലഭിക്കുന്ന കഥാപാത്രങ്ങളുടെ ദൈർഖ്യം ആ സിനിമയിൽ എത്ര തന്നെ ചെറുതായാലും ആ സിനിമ കണ്ടിറങ്ങിയതിനു ശേഷം സിനിമയിൽ ഏറ്റവും കൂടുതൽ ഓർത്തിരിക്കുന്ന കഥാപാത്രം സിദ്ദിഖ് ന്റേതായിരിക്കും.അത്തരത്തിൽ പ്രേക്ഷകരെ ആകർഷിക്കും വിധം ‘സിദ്ദിഖ് മാജിക്’ പ്രേക്ഷകർക്ക് ഒട്ടനേകം കഥാപാത്രങ്ങളിലൂടെ നൽകിയിട്ടുള്ള അപൂർവം ചില അഭിനയതക്കളിൽ ഒരാളാണ് സിദ്ദിഖ്. സിദ്ദിഖ് എന്ന നടന്റെ കാലിബർ ഒരുപക്ഷേ പ്രേക്ഷകരുടെ മുൻവിധികൾക്കുമപ്പുറത്താവും നിലകൊള്ളുക,അഭിനയത്തിൽ സിദ്ദിഖ് എന്ന നടന്റെ സഞ്ചാരപാത ഇത്തരത്തിലാണ്, ഒരുതരത്തിലും പ്രേക്ഷകർക്ക് പിടികൊടുക്കാതെ തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകരെ ആ കഥാപാത്രത്തിന്റെ തീവ്രതയിൽ നിലനിർത്തുക എന്നത്. ഒരു ആക്ഷനും കട്ടിനും ഇടയിലുള്ള ഏതാനം നിമിഷണങ്ങൾ മാത്രമാണ് സിനിമയിൽ ഒരു നടന്റെയോ നടിയുടെയോ ജീവിത ദൈർഖ്യം, പിന്നീട് ആ നടൻ ഓർക്കപെടുന്നത് ആ കഥാപാത്രത്തിലൂടെയാണ്. കഥാപാത്രം മോശമായാൽ അതിലുപരി ആ കഥാപാത്രം എടുത്തണിയുന്ന അഭിനയതാവിന്റെ പ്രകടനം മോശമായാൽ പിന്നീട് ആ കഥാപാത്രമില്ല. ആ നടനില്ല. അങ്ങനെ നോക്കിയാൽ ഈ കാലയളവിൽ സിദ്ദിഖ് എന്ന നടൻ അഭിനയിച്ചു ഭലിപ്പിച്ച മിക്ക കഥാപാത്രങ്ങളും മലയാളിയുടെ മനസ്സിൽ ഇന്നും മായാതെ നിലനിൽക്കുന്നു, അവിടെയാണ് ഒരു നടന്റെ വിജയം.

1985 ൽ തമ്പി കണ്ണന്താനം സംവിധാനം നിർവഹിച്ച ‘ആ നേരം അൽപ ദൂരം’ എന്ന സിനിമയിലൂടെ മലയാള സിനിമയുടെ നെറുകയിലേക്ക് നടന്നു കയറിയ സിദ്ദിഖ് ഇന്ന് മലയാള സിനിമയുടെ വിജയ വീഥിക്കൊപ്പമാണ്. കൂടെ വന്നവരും ഒപ്പം നിന്നവരും പലരും സിനിമ എന്ന മായിക ലോകത്തു നിന്നും പുറത്താക്കപ്പെട്ടപ്പോൾ സിദ്ദിഖ് ഇന്നും നിലകൊള്ളുന്നു. പിന്നീട് ഇൻ ഹരിഹർ നഗർ എന്ന സിനിമ വരെ ഒട്ടനവധി ചെറുതും വലുതമായ വേഷങ്ങൾ, സിദ്ദിഖ് ലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ ഇൻ ഹരിഹർ നഗർ സിദ്ദിഖ് ന്റെ അഭിനയ ജീവിതത്തിലെ ആദ്യ വഴിത്തിരിവായി തീർന്നു. പിന്നീടിങ്ങോട്ട് സിദ്ദിഖ് എന്ന നടന് കാലിടറിയിട്ടില്ല. നായകനായും സഹനടനായും ചെറിയ വേഷങ്ങളിലും ഒരുപാടു സിനിമകളിൽ ചിരിപ്പിച്ചും കുറച്ചു സിനിമകളിൽ പ്രേക്ഷകരെ കണ്ണ് നനയിച്ചും സിദ്ദിഖ് ആ കാലയളവിൽ മലയാള സിനിമയിൽ നിറഞ്ഞു നിന്നു.2001 ൽ വിജി തമ്പി യുടേതായി എത്തിയ ‘സത്യമേവ ജയത’ എന്ന സിനിമയിലൂടെ സിദ്ദിഖിലെ അഭിനയതാവിന്റെ മറ്റൊരു മുഖം പ്രേക്ഷകർക്ക് മുൻപിൽ ദൃശ്യമായി, മലയാള സിനിമ അന്നുവരെ കണ്ട വില്ലൻ മുഖങ്ങളിൽ നിന്നും വേറിട്ട വില്ലനിസത്തിലൂടെ മലയാള സിനിമയുടെ മികച്ച വില്ലൻ നടന്മാരുടെ ലിസ്റ്റിലും സിദ്ദിഖ് കടന്നു കൂടി, പിന്നീടിങ്ങോട്ട് എണ്ണിയാൽ തീരാത്ത വില്ലൻ വേഷങ്ങൾ, അവയിൽ ഒന്നു പോലും പ്രേക്ഷകരിൽ മടുപ്പു ഉളവാക്കിയില്ല എന്നത് മികവ്.

തനിക്കു ലഭിക്കുന്ന കഥാപാത്രങ്ങൾക്കു അനുസൃതമായി തന്റെ ശരീര ഭാഷയിലും രൂപത്തിനും മാറ്റങ്ങൾ വരുത്താനും സിദ്ദിഖ് എന്ന നടൻ ശ്രമിക്കാറുണ്ട്. അത് കൊണ്ട് തന്നെ സ്ഥിരം രീതിയിലുള്ള കഥാപാത്രങ്ങൾ അവതരിപ്പിക്കേണ്ടി വരുമ്പോൾ പോലും ആ കഥാപാത്രത്തിന് തന്റെ വേഷപ്പകർച്ചകളിലൂടെ വിത്യസ്ത കൊണ്ട് വരാനും സിദ്ദിഖിലെ അഭിനയതാവിനു കഴിയുന്നു.സിനിമയിൽ വലിയൊരളവോളം ‘ചായം പൂശലും വെള്ളയടിക്കലും’ അനുവദനീയമാണ്, അത് സിനിമ എന്ന കലാരൂപത്തിന്റെ ആവശ്യകതയാണ്,എന്നാൽ ആ ഒരു സൗകര്യത്തെ വികലമായി ഉപയോഗിക്കുന്നവർക്ക് മാതൃകയാക്കാവുന്ന നടൻ കൂടിയാകുന്നുണ്ട് സിദ്ദിഖ് തന്റെ കഥാപാത്രങ്ങൾക്ക് നൽകുന്ന വേഷപ്പകർച്ചകളിലൂടെ. സിദ്ദിഖ് എന്ന നടനെ കുറിച്ചുള്ള ഈ ഒരു എഴുത്തു തുടങ്ങുന്നതും അവസാനിക്കുന്നതും സിദ്ദിഖ് എന്ന നടനിൽ തന്നെയാണ്, സിനിമയിൽ അങ്ങനെ എടുത്തു പറയത്തക്ക പാരമ്പര്യമോ കൈപിച്ചുയർത്താൻ ഗോഡ്ഫാദേയ്‌സോ ഇല്ലാതെ സ്വയം പ്രയത്‌നം കൊണ്ട് സിനിമ എന്ന മായികലോകത്തെ പടപൊരുതി സ്വന്തമാക്കിയ നായകനാണ് സിദ്ദിഖ് എന്നതാണ് അതിനു കാരണം.

അഭിനയ സൗന്ദര്യത്തിൽ ഒട്ടേറെ വേഷപ്പകർച്ചകളിലൂടെ ഇനിയും ഏറെ ദൂരം മലയാളിയെ ഇഷ്ടപ്പെടുത്താൻ സിദ്ദിഖ് എന്ന നടന് കഴിയും എന്നതു തർക്കമില്ലാത്ത വസ്തുതയാണ്.ഇനിയും ഒരുപാടു സിനിമകൾ സിദ്ദിഖ് ന്റേതായി മലയാള സിനിമയിൽ സംഭവിക്കാനുണ്ട്, ആ സിനിമകൾക്ക് വേണ്ടി പ്രേക്ഷകരായ നമ്മൾക്ക് കാത്തിരിക്കാം… സിദ്ദിഖ് എന്ന നടൻ തന്റെ അഭിനയ ചാരുതയിൽ നിരുത്സാഹപ്പെടുത്തില്ല എന്ന ഉറച്ച വിശ്വാസത്തോടെ തന്നെ…..
-നാദിര്‍ഷ കെ എന്‍

Comments are closed.