അങ്ങനെ പലതരം മനുഷ്യർ…ആവശ്യ വസ്തുക്കൾ ശേഖരിക്കാൻ എത്തിയ ഒരാളുടെ കുറിപ്പ്

0
193

കേരളം കഴിഞ്ഞ വര്ഷത്തിലേത് പോലെ തന്നെ വളരെ ബുദ്ധിമുട്ടേറിയ ഒരു സമയത്തിലൂടെ മുന്നോട്ട് പോകുകയാണ്. മഴ വിതച്ച കെടുതികളിൽപെട്ടു രണ്ടര ലക്ഷത്തോളം പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം തേടിയത്. അവർക്ക് ആവശ്യത്തിന് ഭക്ഷണവും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാൻ വേണ്ടി കേരളത്തിൽ അങ്ങോളം ഇങ്ങോളം കളക്ഷൻ സെന്റർ തുറന്നിട്ടുണ്ട്. അവിടേക്ക് ശേഖരിച്ച സാധനങ്ങളുമായി വോളന്റിയർമാരും എത്തുന്നുണ്ട്. അത്തരത്തിൽ ആവശ്യവസ്തുക്കൾ ശേഖരിക്കാൻ എത്തിയ ഒരു വോളന്റിയർ എഴുതിയ കുറിപ്പ് വൈറലാണ്. കുറിപ്പ് വായിക്കാം…

രണ്ട് ഹാർഡ് ബോർഡ് പെട്ടികളുമായി രാവിലെ ഇറങ്ങിയതാണ് മൂന്ന് മണിക്കൂർ നേരം കൊണ്ട് ഏതാണ്ട് 20,000 രൂപയ്ക്കുള്ള വിഭവങ്ങൾ! ഇതിനായി അഞ്ച് പൈസ തരില്ലെന്ന് പറഞ്ഞ ഹോട്ടൽ വ്യാപാരിയുണ്ട്. “നിങ്ങൾ ചെറുപ്പക്കാർ ഇത്തരം പണിക്കിറങ്ങരുത് ” എന്നുപദേശിച്ച വ്യാപാരി വ്യവസായി ഭാരവാഹി എന്ന് സ്വയം പരിചയപ്പെടുത്തിയ വിശാലഹൃദയനുണ്ട്. മുഷിഞ്ഞ അഞ്ചുരൂപ നോട്ടെടുത്ത് നീട്ടിയ സ്വർണ്ണം വെള്ളി വ്യാപാരിയുണ്ട്. ജീവനക്കാരനെ പുറത്തേക്ക് പറഞ്ഞു വിട്ട് ഒരു പെട്ടി നിറയെ സാധനങ്ങൾ വാങ്ങിപ്പിച്ചു തന്ന മറ്റൊരു സ്വർണ്ണവ്യാപാരിയും ഉണ്ടായിരുന്നു.

സെക്കിളിൽ കൊണ്ടു നടന്ന് തുണി വിൽക്കുന്ന തൊഴിലാളി ഹാൻഡിലിൽ തൂക്കിയിട്ടിരുന്ന തോർത്തുമുണ്ടുകൾ അപ്പാടെ എടുത്തു തന്നു. കിഴക്കേ കോട്ടയിലുള്ള ഒരു ചിപ്സ് കടയിലെ സെയിൽസ്മാൻ അയാളുടെ പേഴ്സിൽ ആകെയുണ്ടായിരുന്ന 30 രൂപയ്ക്ക് മൂന്ന് കവർ ബിസ്കറ്റ് വാങ്ങിത്തന്നു. പത്മനാഭസ്വാമി ദർശനത്തിനെത്തിയ ഒരു കുടുംബം സാനിട്ടറി നാപ്കിനുകൾ വാങ്ങാനെന്ന് പറഞ്ഞപ്പോൾ പ്രതീക്ഷിച്ചതിലുമേറെ പണമെടുത്ത് നീട്ടി. ഒരാൾ നേരത്തേ തന്നത് തികഞ്ഞില്ല എന്ന് തോന്നിയിട്ടാകും ബൈക്കിൽ പുറകെ തിരഞ്ഞുവന്ന് ഒരു പാക്കറ്റ് ഡെറ്റോൾ കൂടി തന്നു!
അങ്ങനെ പലതരം മനുഷ്യർ.. ഏറെയും നല്ലവരിൽ നല്ലവർ !
നമ്മൾ അതിജീവിക്കും…