നല്ല സിനിമകളെ പ്രേക്ഷകർ സ്വീകരിക്കുമെന്ന് ഇപ്പോഴും പ്രതീക്ഷയുണ്ട്!!അരുണ്‍കുമാര്‍ അരവിന്ദ് അഭിമുഖം

0
159

പദ്മരാജന്‍റെ കഥ പ്രപഞ്ചത്തിൽ നിന്ന് അടർത്തിയെടുത്ത രണ്ടു കഥാപാത്രങ്ങൾ, ഓരോ ചിത്രങ്ങളിലൂടെയും നമ്മെ വിസ്മയിപ്പിച്ച സംവിധായകൻ, കാറ്റ് ആ പേര് സൂചിപ്പിക്കും പോലെ കാറ്റിന്‍റെ സുഖം തരുന്നൊരു ചിത്രമാണ്. ഉള്ളിൽ എന്തൊക്കെയോ കോരിയിട്ടു ചിന്തിക്കാൻ ഒരുപാട് തന്നു പോകുന്ന നൂഹ് കണ്ണും, ചെല്ലപ്പനും. കഥാപാത്രങ്ങളുടെ വൈകാരിക സംഘര്‍ഷങ്ങളിലൂടെ മാത്രം മുന്നേറുന്ന ഒരുപാട് നാളായി കണ്ടു വരാത്ത ഒരു കഥ പറച്ചിൽ രീതി കാറ്റിന്‍റെതായുണ്ട്. ആ കഥപറച്ചിലുകാരനുമായി അൽപ നേരം…

കഥാപാത്രങ്ങളുടെ മാനസിക, വൈകാരിക തലങ്ങളിൽ കൂടെ യാത്ര ചെയുന്ന സിനിമകളാണ് പദ്മരാജൻ എന്ന എഴുത്തുക്കാരനിൽ നിന്നും ഉണ്ടായിട്ടുള്ളത്. അതെ ടോണിൽ മുന്നേറുന്ന കഥാഗതി കാറ്റിലും കാണാം. ഇത്തരമൊരു തോ‌ട്ട് പ്രോസസ്സ് പ്രീ പ്ലാൻഡ് തന്നെയാണോ?

പദ്മരാജന്‍റെ കഥാപ്രപഞ്ചത്തിൽ നിന്ന് അടർത്തിയെടുത്ത കഥാപാത്രങ്ങളെ മുൻ നിർത്തി ഒരുക്കുന്ന ഒരു ചിത്രം എന്നത് മാത്രമേ ആദ്യത്തെ ചിന്തകളിൽ ഉണ്ടായിരുന്നുള്ളു. പിന്നെ ഈ കഥാപാത്രങ്ങൾ വളരെ ഡിഫൈൻഡ് ആയത് കൊണ്ടും കഥ നട
ക്കുന്നത് അങ്ങനെ ഒരു പശ്ചാത്തലത്തിൽ ആയതു കൊണ്ടും ഞാൻ സ്വീകരിച്ച ഒന്നാണ് കാറ്റ്. കാരണം അത്തരത്തിൽ ഒരു ചിത്രം പ്രേക്ഷകർ കണ്ടിട്ട് ഒരുപാട് നാളായി, എനിക്ക് തോന്നുന്നത് അവസാനമായി നമ്മുടെ ഓർമ്മകളിൽ അങ്ങനെ ഒരു ചിത്രം കണ്ടതായി ഒക്കെ രേഖപെടുത്തിരിയിക്കുന്നത് താഴ്‌വാരം ആണ്. അത്തരത്തിൽ റസ്റ്റിക് ആയ ഒരു വില്ലജ് ബാക്ക്ഡ്രോപ്പിൽ ഇപ്പോൾ പറയുമ്പോൾ അതിനൊരു ഫ്രഷ്‌നെസ്സ് ഉണ്ട്. വളരെ റസ്റ്റി ആയി മണ്ണിനോട് ചേർന്ന് നിൽക്കുന്ന കഥാപാത്രങ്ങളെ വീണ്ടും അവതരിപ്പിക്കുക എന്നത് എന്നിലെ സംവിധായകന് ഏറെ ഇന്ട്രെസ്റ്റിംഗ് ആയി തോന്നി. 1978-79 കാലഘട്ടത്തിലാണ് കഥ നടക്കുന്നത്, ഇലട്രിസിറ്റി പോലും എത്തിച്ചേരാത്ത ഒരു പ്രതലത്തിൽ ജീവിക്കുന്ന മനുഷ്യരുടെ ജീവിതം പച്ചയായ ഒന്നാണ് അതിപ്പോൾ അവരുടെ ഇമോഷൺസ് ആയാലും ഏറെ ഫ്രഷ് ആയിരിക്കും, ആ ഫ്രഷ്‌നെസ്സ് സ്‌ക്രീനിൽ പകർത്തുക എന്നത് എന്നെ സംബന്ധിച്ചു എന്നെയേറെ പുഷ് ചെയ്ത ഒരു കാര്യമാണ്.

നന്മ തിന്മ എന്ന ഒരു എന്‍റ്റിറ്റിയിൽ വിശ്വസിക്കാതെ, കഥാപാത്രങ്ങളുടെ മാനസ യാത്ര എന്നൊന്നിൽ ഊന്നൽ നൽകി ഒരുക്കിയ കാറ്റിന്‍റെ തിരക്കഥ സംവിധായകൻ എന്ന നിലയിൽ എത്രമാത്രം താങ്കളെ സ്വാധീനിച്ച ഒന്നാണ്?

ഒരുപാട്, ഞാൻ ആദ്യം ഈ സ്ക്രിപ്റ്റ് കേട്ടപ്പോൾ എന്നെ ആകർഷിച്ച ഒരു കാര്യം അതാണ്. കാരണം എല്ലാ മനുഷ്യരിലും നന്മയും തിന്മയും ഉണ്ട്. നമ്മൾ എപ്പോഴും അതിനെ ഡിഫൈൻ ചെയ്യും. എല്ലാവര്ക്കും ഗ്രേ ഷെയ്ഡ് ഉണ്ട്. അത് നമ്മുടെ സാഹചര്യത്തിനും സ്വഭാവത്തിന് അനുസരിച്ചു അതിനു ന്യായാന്യായത്തിന്‍റെ റീസൺസ് കണ്ടെത്തും. എന്റെ ശരി എന്റേത് മാത്രമാകും. ചിലപ്പോൾ നമ്മൾ ചിലർക്ക് ദുഷ്ടത്തരം എന്ന് തോന്നുന്ന കാര്യങ്ങൾ ചെയ്യും എന്നാൽ അത് മറ്റു ചിലർക്ക് നല്ലതായി അനുഭവപെടും. അതിനെല്ലാം നമ്മുക്ക് റീസണുകൾ ഉണ്ടാകും, എന്ത് കൊണ്ട് ഞാൻ അങ്ങനെ ചെയ്തു എന്ന്. അതൊരു സത്യസന്ധമായ കാര്യമാണ് അത് എന്നെ വലിയ രീതിയിൽ ആ ചിത്രത്തിനോട് ചേർത്ത് നിർത്തിയ ഒന്നാണ്.

ആര്‍ട്ട് ഹൗസ് എന്ന ഒന്നിന്‍റെയും വാണിജ്യ സിനിമ എന്ന മറ്റൊന്നിന്‍റെയും ഇടയിലൂടെയും സഞ്ചരിക്കുന്ന ഒരു സമാന്തർധാരയിലൂടെ മുന്നേറുന്നു കാറ്റ്. അത്തരത്തിൽ ഒരു ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുമ്പോൾ ഒരു നിർമ്മാതാവ് എന്ന നിലയിൽ ചിത്രത്തിന്‍റെ സ്വീകാര്യതയെ പറ്റി സംശയം ഉണ്ടായിരുന്നോ?

അങ്ങനെയൊരു സംശയം ഒരിക്കലും തോന്നിയിട്ടില്ല. നല്ല സിനിമകളെ പ്രേക്ഷകർക്ക് നൽകിയാൽ അവർ അത് സ്വീകരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഞാൻ എപ്പോഴും ചിന്തിക്കുന്നത് പ്രേക്ഷകർക്ക് എന്ത് പുതുമ നൽകാം എന്നാണ്. ഇതുവരെ കണ്ടതിൽ നിന്ന് എത്ര വേറിട്ട ഒന്ന് അവർക്ക് നൽകാം എന്നുള്ള ചിന്തയിൽ നിന്നാണ് എന്‍റെ ഓരോ ചിത്രങ്ങളും ഉണ്ടാകുന്നത്. ബാക്ക്ഡ്രോപ്പിലോ, കഥ പറച്ചിലിലോ എവിടെയെങ്കിലും അത് നൽകാൻ ശ്രമിക്കാറുണ്ട്. അത് ഞാനും ഒരു പ്രേക്ഷകനായത് കൊണ്ടാണ്, നല്ല സിനിമ കാണാൻ ആഗ്രഹിക്കുന്ന ഒരാളായത് കൊണ്ടാണ്.

വളരെ നല്ല ചിത്രങ്ങളായിട്ടു കൂടെ തിയേറ്റർ റൺ എന്നൊന്നു ഇല്ലാതെ പോയ താങ്കളുടെ ചിത്രങ്ങളുണ്ട്, പിൽക്കാലത്തു വാഴ്ത്തപ്പെട്ടവ അങ്ങനെ ഒരു അനുഭവം സംവിധായകനെ സംബന്ധിച്ചു ഏറെ വിഷമം ഉണ്ടാക്കുന്ന ഒന്നല്ലേ?

പ്രേക്ഷകരാണ് സിനിമ എവിടെ പോയി കാണുന്നത് എന്ന് തീരുമാനിക്കേണ്ടത്. തിയേറ്ററിൽ കാണണോ, ടി വി യിൽ കാണണോ ടോറെന്റിൽ കാണണോ എന്നൊക്കെ അവരുടെ ഡിസിഷൻ ആണ്. അത് എന്ത് കൊണ്ടെന്നു എനിക്ക് അറിയില്ല, സിനിമയോടൊപ്പം പ്രേക്ഷകന് സഞ്ചരിക്കാൻ കഴിയുന്ന സൃഷ്ടികൾ അവർക്ക് കൊടുക്കുക അതിനൊപ്പം എന്റർടൈൻമെന്റ് പോയിന്റുകളും ദ്യോതിപ്പിച്ചു നൽകണം, അതിന്റെ അവരുടെ സ്വീകാര്യതയെ പറ്റി പറയാൻ ഞാൻ ആളല്ല. വിഷമം ഉണ്ടോ എന്ന് ചോദ്യത്തിന് പ്രസക്തിയില്ല അതിന്റെ ഉത്തരം അതെ എന്ന് ഉറപ്പല്ലേ.

വെടിവഴിപാട് എന്നൊരു ചിത്രം മുൻപ് നിർമ്മിച്ച താങ്കൾ, താങ്കളുടെ സംവിധാന സംരംഭമായ കാറ്റിന്‍റെ നിർമ്മാണ ചുമതലയിലേക്ക് കടന്നു വരുന്നത് എങ്ങനെയാണ്, സംവിധാനത്തിനൊപ്പം നിർമ്മാണം എന്നത് ഒരു ആഡഡ് റെസ്പോണ്സിബിലിറ്റി കൂടെ അല്ലെ?

ഞാൻ അധികം നിർമ്മാതാക്കളോടൊന്നും ഈ ചിത്രത്തെ പറ്റി സംസാരിച്ചിട്ടില്ല. ഒന്ന് രണ്ടു പേരോട് സംസാരിച്ചിരുന്നു. അത് ആ നോട്ട് നിരോധനത്തിന്‍റെ സമയത് ആയിരുന്നത് കൊണ്ട് അവർക്കൊന്നും ഈ പ്രോജക്ടിന്‍റെ ഭാഗമാകാൻ കഴിഞ്ഞില്ല, എനിക്ക് ഈ ചിത്രം തുടങ്ങിയെ മതിയാകുമായിരുന്നുള്ളു. അങ്ങനെ ഞാൻ തന്നെ നിർമ്മിക്കാൻ തീരുമാനിച്ചു. അതൊരു സ്വാതന്ത്ര്യവും പ്രേക്ഷകരോടുള്ള റെസ്പോണ്സിബിലിറ്റിയും കൂടെയാണ്. നമ്മൾ ഉദ്ദേശിക്കുന്നത് അതിന്റെ പൂർണതയിൽ പ്രേക്ഷകരിൽ എത്തിക്കുമ്പോൾ അത് വലിയൊരു ഉത്തരവാദിത്തം തന്നെയാണ്.

ചെറിയ ബഡ്ജറ്റിൽ ഒരുങ്ങിയ ഒരു നല്ല ഫാമിലി ത്രില്ലെർ ആയ കോക്കടയിൽ, ഹൈപ്പർലിങ്ക് സിനിമ എന്ന കൺസെപ്റ്റിൽ ഒരുക്കിയ ഈ അടുത്ത കാലത്തു, പൊളിറ്റിക്കൽ ത്രില്ലർ ആയ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, സൈക്കോ ത്രില്ലർ ആയ വൺ ബൈ ടു. ഓരോ ചിത്രങ്ങളും ഓരോ ജോണറിൽ ഉള്ളത്. ഇത്തരമൊരു ജോണർ ഷിഫ്റ്റ് മുൻ കൂട്ടി തീരുമാനിക്കുന്നത് ആണോ അതോ അതിന്‍റെ മെറിറ്റിലുള്ള കഥകൾ വരുന്നതിലേ കോ ഇന്‍സിഡൻസോ?

ഞാൻ ഓരോ സിനിമ ചെയ്യുന്നത് എന്റെ ആദ്യ സിനിമ ചെയ്യുനത് പോലെയാണ്. എന്ത് ചെയ്യുമ്പോഴും ഞാൻ പുതുമ നൽകണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ്. ഒരിക്കൽ ഞാൻ ചെയ്ത ജോണർ ചെയ്യുമ്പോൾ അതിൽ പുതുമ വരണമെന്നില്ല. എല്ലായിപ്പോഴും അതിനൊത്ത സ്ക്രിപ്റ്റ് കിട്ടണമെന്നുമില്ല. അങ്ങനെ വരുമ്പോൾ ഫോർമാറ്റ് മാറ്റി ചെയ്യും.

80കളുടെ കഥ പറയുമ്പോൾ ആർട്ടിലും പ്രൊഡക്ഷനിലും നടത്തേണ്ട ഹോം വർക്കുകളെ പറ്റിയുള്ള റിസർച്ച് എത്രമാത്രം കാറ്റിനെ സഹായിച്ചിട്ടുണ്ട്?

ഒന്നര വര്‍ഷം മുൻപ് ഞങ്ങൾ ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. ലൊക്കേഷൻ തേടി വേണ്ടി ഒരുപാട് അലഞ്ഞു ഒടുവിൽ പാലക്കാട് നെന്മാറ, കൊല്ലങ്കോട് അങ്ങനെ ലൊക്കേഷൻസിൽ ഷൂട്ട് ചെയ്യാം എന്ന് തീരുമാനിച്ചു. കലാസംവിധായകനും ടീമും പഴയ അംബിയെൻസ് സെറ്റ് ചെയ്യുന്നതിൽ ഒരുപാട് വർക്ക് ചെയ്തിട്ടുണ്ട്. പഴയ ഡ്രസിങും, പ്രോപും, വീടുകളും എല്ലാം റിസേർച്ചിന്റെ ഭാഗമായി ഉണ്ടായതാണ്.

സെമി റിയലിസ്റ്റിക് ടോൺ ഉള്ള കാറ്റിന്‍റെ കഥപറച്ചിൽ രീതിയെ പറ്റി?

ഇന്ന് നമ്മൾ ഒരു ഫാസ്റ്റ് മൂവിങ് ലോകത്താണ്. കാലഘട്ടത്തിന്റെ വ്യതാസമാണ് അത്തരത്തിലെ അപ്പ്രോച്ചിന് കാരണം. അന്ന് നമ്മൾ ഒരു സ്ഥലത്തു നിന്ന് മറ്റൊരിടത്തേക്ക് പോകാൻ ഏറെ സമയം എടുക്കും. ഇന്ന് അങ്ങനെയല്ല. പിന്നെ റസ്റ്റി ആയൊരു ബാക്ക്ഡ്രോപ് ഉള്ളത് കൊണ്ട് വേറെ ഒരു ടോണാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്. പ്രശാന്ത് അത് അതിന്‍റെ മിടുക്കിൽ ചെയ്തു ഫലിപ്പിച്ചിട്ടും ഉണ്ട്.

പെട്ടെന്നാർക്കും പിടി കൊടുക്കാത്ത പാത്ര സൃഷ്ടികളാണ് കാറ്റിലേത്. അതിപ്പോൾ പോളിയായാലും മൂപ്പനായാലും, ചെല്ലപ്പനായാലും മൾട്ടി ലയേർഡ് ആണ്. ശ്രോതാവിനു പല വിഷനുകൾ കൊടുക്കുന്ന വൈകാരിക ഭാവങ്ങളിലൂടെ കടന്നു പോകുന്ന ഈ കഥാപാത്രങ്ങളെ എത്രമാത്രം അതിന്‍റെ മെറിറ്റിൽ ട്രീറ്റ് ചെയ്യാൻ കഴിഞ്ഞു?

കഥാപാത്രങ്ങളെ പറ്റിയുള്ള പഠനം തന്നെയാണ് സിനിമയിലേക്ക് എത്തിച്ചേരുന്നത്. ഓരോ കഥാപാത്രവും കടന്നു പോകുന്ന ഒരു ഇമോഷണൽ പ്രോസസ്സ് ഉണ്ടാകും അതിലൂടെ വായിച്ചു കടന്നു പോകുമ്പോൾ നമുക്ക് ഒരു പ്രൈമറി ഐഡിയ കിട്ടും. സ്വഭാവ തലങ്ങളിലേക്കുള്ള അന്വേഷണമാണ് പിന്നെയുള്ള അതിന്റെ പാത. നമ്മൾ ആദ്യമേ ക്യാരക്ടർ സ്‌കെച്ചുകൾ ഒക്കെ റെഡിയാക്കിയാണ് നടന്മാരെ തിരഞ്ഞെടുത്തത്. ആ പ്രോസസ്സ് കൂടുതൽ സ്ട്രോങ്ങ് ആകുന്നത് നടനും കൂടെ നമ്മളിലേക്ക് എത്തുന്നതിൽ കൂടെയാണ്. അവർക്കൊപ്പം ചിലവിടുന്ന നിമിഷങ്ങളിൽ നമുക്ക് കഥാപാത്രത്തെ പറ്റി കുറച്ചു കൂടെ വ്യക്തത കൈവരുന്നു. അതൊരു ഫസ്റ്റ് റ്റു ഏൻഡ് പ്രോസസ്സ് ആണ്.

കഥാപാത്രങ്ങളെ എസ്റാബ്ളിഷ് ചെയ്യാൻ കാറ്റിൽ എടുക്കുന്ന സമയത്തെ പറ്റിയും സ്ലോ പേസിനെ പറ്റിയും പല വിശദീകരണങ്ങൾ സോഷ്യൽ മീഡിയയിൽ ഉണ്ടാകുന്നുണ്ട്. അതിനെ പറ്റി?

ഇതിന്‍റെ എഡിറ്റിംഗ് പാറ്റേൺ വളരെ ഡിഫൈൻഡ് ആയ ഒന്നാണ്. ഞങ്ങൾ അത്രയും ടൈം എടുത്തു അത് പറഞ്ഞില്ലെങ്കിൽ അത് ഒരിക്കലും നിങ്ങൾക്ക് എത്തുകയില്ല. അങ്ങനെ എത്തിയാലും പ്രേക്ഷകർ അത് ഓർമ്മിക്കണമെന്നില്ല. നമ്മൾ ഇന്ന് ജീവിക്കുന്നത് അത്രയും ഫാസ്റ്റ് ആയൊരു ലോകത്തു ആയതു കൊണ്ട് നമുക്ക് ആ പ്രോസസ്സിനെ പറ്റി ഞങ്ങളിൽ നിന്ന് വൈരുധ്യമായ അഭിപ്രായങ്ങൾ ഉണ്ടാകാം. ആ സ്ലോ പേസ് ഇല്ലെങ്കിൽ ചിത്രം ഒരിക്കലും ഉദ്ദേശിച്ച ഫലം നേടില്ല. ഒന്നാമത്തെ കാര്യം ഒരുപാട് ഡിമെൻഷനുകൾ ഉള്ള കഥാപാത്രങ്ങളാണ്. അത് പ്രേക്ഷകർക്ക് അങ്ങ് പെട്ടന്നു രജിസ്റ്റർ ആകില്ല, രണ്ടു കഥ നടക്കുന്ന കാലഘട്ടം ഇന്നത്തെ പോലെ വേഗമേറിയതല്ല. സിനിമ കണ്ടിട്ട് നല്ല അഭിപ്രായം പറഞ്ഞ ശേഷം സ്ലോ പേസിനെ കുറിച്ച് പറയുന്നത് നമ്മുടെ ജീവിത രീതിയുടെ തോന്നൽ ആണ്.

ജിനു അനില്‍കുമാര്‍