ഞാനും ഒരു വൈപ്പിൻകാരിയാണ്.. അമ്മയുടെ മീൻകറി എനിക്കും ഇഷ്ടമാണ് – അന്ന ബെൻ ഇന്റർവ്യൂ

0
922

അന്ന ബെൻ, ചുരുണ്ട മുടിയുള്ള ഈ പെൺകുട്ടി കുമ്പളങ്ങിയിൽ നിന്ന് നടന്നു കയറിയത് നമ്മുടെ ഹൃദയങ്ങളിലേക്ക് ആണ്. ഒരു പുതുമുഖമാണോ എന്ന് പോലും തോന്നിപ്പോകുന്ന അഭിനയ ചാതുരിയുമായി വിസ്മയിപ്പിച്ച അന്നക്കൊപ്പം അല്പം നേരം. ഇന്റർവ്യൂ…

“കേരളത്തിലെ ഭൂരിഭാഗം ആളുകളും രാവിലെ മീൻ കഴിക്കാൻ വിരക്തിയുള്ളവരാണ്. അവിടെയാണ് ഒരു ചുരുണ്ട മുടിക്കാരി “രാവിലെയും മഞ്ഞ കൂരി കഴിച്ച എന്നോടോ ബാലാ എന്ന് ചോദിചിച്ചു സ്റ്റീരിയോടൈപ്പുകളെ ബ്രേക്ക് ചെയ്തത്. ബേബി മോളെപോലെ മീൻ പ്രേമിയാണോ അന്നയും..?

ഞാൻ ഒരു വൈപ്പിൻക്കാരി ആണ്. ‘അമ്മ വയ്ക്കുന്ന മീൻകറി ഭയങ്കര ഇഷ്ടമാണ്. എന്നുകരുതി രാവിലേ ഒന്നും കഴിക്കാറില്ല. അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമല്ലേ..

കുമ്പളങ്ങി നൈറ്റ്‌സിലെ ഡയലോഗുകൾ സിംപിൾ ആണ് അതെ സമയം അവ പറയുന്ന രാഷ്ട്രീയം പരന്ന ചിന്തകൾക്കു വിധേയമാക്കുന്നുണ്ട്. അത്തരം ഡയലോഗുകൾ പറയുമ്പോൾ ചിന്തിച്ചിട്ടുണ്ടോ അതിന്റ കനത്തിനെ പറ്റി.. പറയുന്ന രാഷ്ട്രീയത്തെ പറ്റി..?

ഡയലോഗ് വായിക്കുമ്പോൾ അതിന്റെ ഡെപ്ത് മനസിലാക്കാറുണ്ട്. അത് എത്ര പ്രോമിനന്റ് ആണെന്ന് മനസിലാകും എന്നാൽ വളരെ സിംപിൾ ആയി ആണ് ശ്യാം ചേട്ടൻ അത് എഴുതിയിരിക്കുന്നത്. എല്ലാവര്ക്കും ഒരുപോലെ റീച് ആക്കണം എന്നുള്ളത് കൊണ്ടാണ് അങ്ങനെ എഴുതുന്നത്. അതാണ് ഒരു റൊട്ടീൻ സംഭാഷണം പോലെ പറഞ്ഞു പോയിരിക്കുന്നത്. ശ്യാമേട്ടൻ പറഞ്ഞു തന്ന രീതികളിലൂടെ അത് പ്രെസന്റ് ചെയ്യുക എന്നത് മാത്രമാണ് ഞാൻ ചെയ്തത്.

അച്ഛൻ ബെന്നി പി നായരമ്പലം വളരെയധികം ഹിറ്റ് ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ ആളാണ്. അന്ന എന്ന മകളുടെ സിനിമയിലേക്ക് ഉള്ള യാത്രയിൽ ആ അച്ഛന്റെ പോപ്പുലാരിറ്റിയുടെ എഫ്ഫക്റ്റ്?

ഉറപ്പായും അതൊരു പോസറ്റീവ് എഫ്ഫക്റ്റ് തന്നെയാണ്. അപ്പയുടെ പ്രൊഫഷനിൽ വളരെയധികം അഭിമാനം കൊള്ളുന്ന ഒരാളാണ് ഞാൻ. രചനകളുടെ മികവ് കൊണ്ട് ലൈഫ് ലോങ്ങ് അങ്ങനെ ഒരു ജോലി ചെയുക എന്നത് വലിയൊരു ജോലിയാണ്. പലർക്കും അതിനു കഴിയുന്നില്ല. സിനിമ എന്നും ഒരു ഫാമിലി ആയി മാത്രമേ കണ്ടിട്ടുള്ളു ഞാൻ. ചെറുപ്പം തുടങ്ങി സിനിമ മേഖലയിലെ എല്ലാവരെയും കാണാറുണ്ട്. സെറ്റുകളിൽ പോകാറുണ്ട്. അങ്ങനെ നോക്കുമ്പോൾ ഞാൻ സിനിമയുടെ ഭാഗമായി തന്നെയാണ് മുന്നോട്ട് പോയത്. അഭിനയം എന്നുള്ളത് ചിന്തിച്ചിട്ടില്ല ചെറുപ്പത്തിൽ. കോളേജ് ടൈമിൽ ഇന്ട്രെസ്ട് ഉണ്ടായിരുന്നു എങ്കിലും ഒരു ധൈര്യകുറവ് ഉണ്ടായിരുന്നു. പിന്നെ ഓഡിഷൻ എന്ന കൺസെപ്റ്റ് തന്നെ വ്യത്യസ്തമാണല്ലോ. അവർ ഒരു ക്യാരക്ടറിനെ മനസ്സിൽ കണ്ടാണല്ലോ ഓഡിഷന് വിളിക്കുന്നത്, അപ്പോൾ നമ്മൾ ആ ക്യാരക്ടറിന് സ്യുട്ട് ആണെങ്കിൽ നമ്മളെ സെലെക്റ്റ് ചെയ്യും. ഓഡിഷൻ സമയത്ത് ഒന്നും ഞാൻ പപ്പയുടെ കാര്യം പറഞ്ഞിരുന്നില്ല. ഓഡിഷൻ ഒക്കെ കഴിഞ്ഞു സെലെക്റ്റ് ചെയ്തതിനു ശേഷം ഡീറ്റെയിൽസ് ചോദിച്ചു അറിയാൻ തുടങ്ങിയപ്പോഴാണ് അവരും അറിയുന്നത്..

ആദ്യം ഓഡിഷനു എത്തിയപ്പോൾ അഭിനയിച്ചു കാണിക്കാൻ പറഞ്ഞ സിറ്റുവേഷൻ?

സ്ക്രിപ്റ്റിലെ എക്സാക്റ്റ് സീനും സിറ്റുവേഷനും ഒന്നും അല്ലായിരുന്നു അത്. ബേബിക്ക് ഒരു ആളെ ഇഷ്ടമാണ് അത് ചേച്ചിയോട് പറയുന്ന രംഗമാണ് ചെയ്തത്.

വളരെ സെറ്റിൽഡ് ആയി ആണ് അന്നയുടെ പെർഫോമൻസ്. പല ഡയലോഗ് ഡെലിവറിയും നൽകുന്ന ഫീൽ അലക്ഷ്യമായി സിനിമയിൽ വന്നു വീണ ഒരാൾ അല്ല അന്ന എന്ന് തന്നെയാണ്. പ്രൊഫഷണൽ ആയി അഭിനയത്തിലൂടെ ഉള്ള സിനിമ പ്രവേശം വളരെ നാൾ മുൻപ് തന്നെ പ്ലാൻ ചെയ്തിരുന്നില്ലേ..?

പ്ലാനിങ് ഒന്നും ഇല്ല, ധൈര്യക്കുറവ് തന്നെയാണ് അഭിനയത്തിലേക്ക് നേരത്തെ എത്താത്തതിന്റെ കാര്യം. സിനിമ കാണുന്ന ഇഷ്ടമുള്ള ഒരാളാണ്. കോളേജ് ടൈമിലും അത് കഴിഞ്ഞും അങ്ങനെ ഒരു ഇഷ്ടം ഉണ്ടായിരുന്നു എന്നത് സത്യമാണ്. സിനിമയെ ചുറ്റിപറ്റി ഒക്കെ ഞാൻ പണ്ട് മുതലേ ഉണ്ടായിരുന്നു. പക്ഷെ എനിക്ക് ഇത്രയും പെർഫോം ചെയ്യാൻ ആകും എന്നൊന്നും വിചാരിച്ചിരുന്നില്ല. ആ ഓഡിഷനും ആ ടീമും എനിക്ക് തന്ന കോൺഫിഡൻസ് ആണ് എന്റെ പ്രകടനത്തിന്റെ ബേസ്. ദിലീഷേട്ടനും മധു ചേട്ടനും ശ്യാമേട്ടനും ഉണ്ണിമായ ചേച്ചിയും ഗ്രൂമ് ചെയ്തിട്ടുണ്ട് അതാണ് സിനിമയിൽ കാണുന്നതിന്റെ പിന്നിലുള്ളത്.

കുമ്പളങ്ങി നെറ്റ്സ് പല ലേയറുകൾ ഉള്ള സിനിമയാണ്. പക്ഷെ ആത്യന്തികമായി എന്താണ് ഒരു കുടുംബം എന്നുള്ളതാണ് സിനിമ പറയുന്നത്.. എന്തായിരുന്നു ആദ്യം സ്റ്റോറി ഡീറ്റൈൽ ചെയ്ത സമയത് മേക്കേഴ്‌സ് സിനിമയെ പറ്റി തന്ന ഡെഫനിഷൻ?

ഞാനിതിൽ സെലക്ട് ആയ സമയത് എനിക്ക് ശ്യാമേട്ടനും മധുവേട്ടനും ബ്രീഫ് തന്നത് രണ്ടു കുടുംബങ്ങളുടെ കഥയാണ് ഇതെന്ന് ആണ്. അതിൽ ഒരു കുടുംബത്തിലേക്ക് ഒരാൾ എത്തുമ്പോൾ വിള്ളലുകൾ സംഭവിക്കുന്നു, മറുഭാഗത്ത് പുതിയ ഒരാളിന്റെ വരവോടെ അതൊരു നല്ല കുടുംബമാകുന്നു. കുടുംബം എന്നത് രക്തബന്ധത്തിലുപരി ഒരുമിച്ചു കൂടുന്ന ആളുകൾ തമ്മിലുള്ള സ്നേഹവും സൗഹൃദവുമാണ് ആ കുടുംബത്തെ കൂട്ടിയോജിപ്പിക്കുന്നത്. ആ കൂട്ടായ്‌മയെ ആണ് കുടുംബം എന്ന് പറയുന്നത്…

ഷമ്മി എന്ന സദാചാര ഭീകരനെ കുറിച്ച്..?

ഷമ്മിയെ പറ്റി ആദ്യം കേൾക്കുമ്പോൾ ഞാൻ ആലോചിച്ചത് ഇങ്ങനെ ഒരാൾ ഉണ്ടാകുമോ എന്നാണ്. എന്നാൽ ശ്യാമേട്ടൻ ആണ് എല്ലാവരിലും ഒരു ഷമ്മി ഉണ്ടെന്ന പോയിന്റ് ഡീറ്റൈൽ ചെയ്തു തന്നത്. ഇപ്പോൾ സിനിമയിൽ ആയാലും ജീവിതത്തിൽ ആയാലും മെയിൽ ക്യാരറ്റഴ്സിനെ പോർട്ര ചെയുന്ന എലെമെന്റുകൾ മാത്രമേ ഷമ്മിയിലുമുള്ളു. പക്ഷെ എനിക്ക് തോന്നുന്നത് സുഷിന്റെ മ്യൂസിക്കും ഫഹദിക്കയുടെ ബ്രില്ലിയൻസും ഒക്കെ ചേർന്നപ്പോൾ ആണ് ഷമ്മി അവിടെ വേണ്ട അല്ലെങ്കിൽ അയാൾ നെഗറ്റീവ് ആണെന്നൊരു ചിന്ത നമുക്ക് ഉണ്ടാകുന്നത്.

ഒരു പെർഫെക്റ്റ് മാൻ അല്ലെങ്കിൽ കമ്പ്ലീറ്റ് മാൻ എന്നൊക്കെ പറയാവുന്ന കോൺസെപ്ടിനെ മറ്റൊരു പ്രതലത്തിൽ നിന്ന് പറഞ്ഞിരിക്കുകയാണ്. നിങ്ങൾക്ക് അറിയാമല്ലോ ഒരുപാട് മലയാളം സിനിമയിൽ ഇത്തരം ട്രൈറ്റ്സ് ഉള്ള കഥാപാത്രങ്ങളെ ഗ്ലോറിഫൈ ചെയ്തിട്ടുണ്ട്. കണ്ടിരുന്നപ്പോൾ സിനിമയിലെ wow moment ഏതായിരുന്നു എന്നാണ് ഫീൽ ചെയ്തത്..?

എനിക്ക് ആ സിനിമ മുഴുവൻ തന്നെ wow മോമെന്റ് ആയിരുന്നു. ഷൂട്ട് കഴിഞ്ഞു എല്ലാവരുടെയും കൂടെ റീലിസിനു ആണ് ഞാൻ സിനിമ കാണുന്നത്. അന്നാണ് സിനിമയുടെ വലിപ്പം എനിക്ക് മനസിലായത്. ഞാൻ ആകെ കണ്ടിരുന്നത് ഞാൻ അഭിനയിച്ച ഭാഗങ്ങൾ ആണ്. സിങ്ക് സൗണ്ട് ആയത് കൊണ്ട് ഡബ് ചെയേണ്ടി വന്നില്ല. ഓരോ സീനും അവർ എത്ര മനോഹരമാക്കി എന്ന് തിയേറ്ററിൽ ഇരുന്നു സിനിമ കണ്ടപ്പോൾ ആണ് മനസിലായത്. ഷൂട്ട് ചെയ്യുമ്പോൾ വളരെ സിംപിൾ ആയി ആണ് അവർ കാര്യങ്ങൾ ചെയ്തിരുന്നത്. എനിക്ക് തോന്നുന്നു അതിനു ഓരോ ആൾക്കാരുടെയും കഴിവും മികവും ചേർന്നപ്പോൾ വന്ന ഭംഗി വേറെ തരത്തിലാണ്. ഞാൻ അഭിനയിച്ചില്ലെങ്കിൽ പോലും ആ സിനിമ എനിക്ക് പ്രിയപെട്ടത് ആകുമായിരുന്നു..

സിനിമ കണ്ട് അച്ഛൻ പറഞ്ഞ അഭിപ്രായം?

ഭയങ്കര ടെൻഷൻ ആയിരുന്നു പപ്പക്ക് റീലിസിന്റെ തലേന്ന്. എനിക്ക് അത്രക്കൊന്നും ടെൻഷൻ ഇല്ലായിരുന്നു. കാരണം എനിക്ക് ചെയ്യാനുള്ളത് എല്ലാം ഞാൻ ചെയ്തു കഴിഞ്ഞല്ലോ.. സിനിമക്ക് പിന്നിൽ പ്രവർത്തിച്ചവരൊക്കെ പപ്പയോട് എന്റെ അഭിനയത്തെ പറ്റി നല്ലതു പറഞ്ഞിരുന്നു. പിന്നെ ഇത്രയും നല്ലൊരു ടീം ആയത് കൊണ്ട് പപ്പക്ക് ഒരു വിശ്വാസം ഉണ്ടായിരുന്നു. തിയേറ്ററിൽ ചെന്ന് സിനിമ കണ്ടപ്പോൾ നമ്മൾ പ്രതീക്ഷിച്ചതിലും ഒരുപാട് മുകളിൽ ആയിരുന്നു. പപ്പക്ക് ഒരുപാട് സന്തോഷമായി. കണ്ണൊക്കെ നിറഞ്ഞു എന്നോട് പറഞ്ഞു ” നീ പെർഫോം ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞപ്പോൾ ഞാൻ ഇത്രയും നന്നായി ചെയ്യും എന്നു വിചാരിചില്ല ” എന്നൊക്കെ പറഞ്ഞു.

അടുത്ത പ്ലാൻസ് എന്താണ്.. സിനിമയുടെ ഒഴുക്കിനൊത്തു പോകാൻ തന്നെയാണോ പ്ലാൻ..?

ഒഴുക്കിനൊത്തു പോകാൻ അല്ല ഒഴുകി പോകാനാണിഷ്ടം. പ്ലാൻസ് ഒന്നും ഇല്ല. നല്ല ക്യാരക്ടർസ് വരും എന്ന് വിശ്വസിക്കുന്നു. ഒരുപാട് എവോൾവ് ചെയ്ത ഒന്നാണ് സിനിമ. അതെനിക്ക് ഒരുപാടിഷ്ടമായി. നല്ല സിനിമകൾ വരട്ടെ ഉറപ്പായും അഭിനയിക്കും.

നാളെ അച്ഛന്റെ തിരക്കഥയിൽ മകൾ നായികയാകുന്നു എന്ന തലക്കെട്ടു സിനിമ മാധ്യമങ്ങളിൽ കണ്ടാൽ ഞങ്ങൾ അത്ഭുതപെടേണ്ടത് ഇല്ലല്ലോ..?

ഞങ്ങൾ അതിനെപ്പറ്റി ഇതുവരെയും സംസാരിച്ചിട്ടില്ല. പപ്പക്ക് അങ്ങനെ ഒരു ഐഡിയ ഉണ്ടെങ്കിൽ സന്തോഷം.

കൺവെൻഷനൽ നായികാ സങ്കല്പങ്ങളിൽ നിന്ന് മാറിയ ഒരാളാണ് അന്ന. ഒരു നായിക ഇങ്ങനെ ആയിരിക്കണം എന്ന വയ്പ്പ് ധാരണകൾ ഒക്കെ നിലനിൽക്കെ അതിനെ പറ്റി എന്താണ് പറയാനുള്ളത്.?

എനിക്ക് തോന്നുന്നു, ബേബി എന്ന ക്യാരക്ടർ അവരൊരു നായിക എന്നതിലുപരി സാധാരണ പെൺകുട്ടി ആയി ആണ് കാണിക്കാൻ ഉദ്ദേശിച്ചത്. നാട്ടിൻപുറത്തെ ജീവിതവും മോഡേൺ ലൈഫും ഒരുപോലെ മനസിലാകുന്ന ഒരു പെൺകുട്ടി എന്ന നിലയിലാണ് അവർ ആ ക്യാരക്ടറിനെ ട്രീറ്റ് ചെയ്തത്. എനിക്ക് സന്തോഷം എന്തന്നാൽ ഞാൻ ഞാനായിട്ട് തന്നെയാണ് അതിൽ അഭിനയിച്ചിരിക്കുന്നത്, അത് ഒരുപാട് പെൺകുട്ടികൾക്ക് റിലേറ്റ് ചെയ്യാൻ കഴിയും. ഒരു ടിപ്പിക്കൽ ഹീറോയിൻ ലുക്ക് ഒന്നും ഇല്ലെങ്കിലും ഇത്രയും റിയൽ ആയ ഒരു കഥാപാത്രം ചെയ്യാൻ കഴിഞ്ഞതൊരു ഭാഗ്യമാണ്. ഒരു ഗേൾ നെസ്റ്റ് ഡോർ എന്ന നിലയിൽ തന്നെയാണ് ബേബിയെ എല്ലാവരും കണ്ടത്. അത് അങ്ങനെ തന്നെയാണ് വേണ്ടത്…

– ജിനു അനില്‍കുമാര്‍