21 വർഷത്തെ പ്രണയവും കാത്തിരിപ്പും !! ഒടുവിൽ അവർ വിവാഹിതരായി!!

0
160

ഒരുപക്ഷെ പേന തുമ്പുകളിൽ നിന്നു ഉതിർന്നു വീണ പ്രണയ കഥകൾക്ക് മാത്രമേ ഇതിലും മാറ്റ് ഉണ്ടാകുകയുള്ളൂ എന്ന് രാമദാസൻ പോറ്റിയുടെയും രജനിയുടെയും ജീവിതത്തെ പറ്റി അറിയുന്നവർക്ക് പറയാനാകൂ. ഇരുപത്തി ഒന്ന് വർഷം നീണ്ട പ്രണയം, വീട്ടുകാരുടെ സങ്കടങ്ങൾക്കും ഉറ്റവരുടെ നിർബന്ധങ്ങൾക്കും വഴങ്ങി ആ പ്രണയം വിവാഹത്തിന് മുന്നിൽ നീണ്ടു പോയത് ഇരുപത്തി ഒന്ന് വര്ഷങ്ങളാണ്. യൗവനത്തിലെ പ്രണയം ജരാ നരകളിലെ വിവാഹം..പ്രണയത്തിനു കണ്ണില്ല എന്ന് പറയുന്നത് പോലെ പ്രണയിക്കുന്നവർക്ക് കാലം ഒരു പ്രശ്നമല്ല. ഒടുവിൽ ഇന്നലെ തിരുവനന്തപുരം കിഴക്കേകോട്ടയിലെ ശ്രീ പദ്മം ഓഡിറ്റോറിയത്തിലേക്ക് ചിരിച്ച മുഖവുമായി ഇരുവരും വിവാഹിതരായപ്പോൾ അതെ കാലം പോലും നിറഞ്ഞ മനസോടെ കൈയടിച്ചിട്ടുണ്ടാകണം.

1996 ലാണ് പത്തനംതിട്ടക്കാരി രജനിയും കടക്കലുകാരൻ രാമദാസനും തിരുവനന്തപുരം സെക്രട്ടറിയേറ്റിൽ ജോലിക്ക് പ്രവേശിക്കുന്നത്. ഒരു ജൂലൈ മാസം. പതിയെ അവർ തമ്മിൽ പ്രണയത്തിലായി. വീട്ടിൽ അറിയിച്ചെങ്കിലും അവരുടെ എതിർപ്പിനെ തുടർന്നു കാത്തിരിക്കാൻ തയ്യാറാക്കുകയായിരുന്നു. ആ കാത്തിരിപ്പു നീണ്ടത് ഇരുപതു വര്ഷങ്ങളാണ്. അതിനിടയിൽ അസിസ്റ്റന്റ് ആയി ജോലിയിൽ പ്രവേശിച്ച ഇവർ അണ്ടർ സെക്രട്ടറിമാരായി, രാമദാസനു 50 വയസും രജനിക്ക് നാല്പതിനാലും വയസായി. ഇതിനിടയിൽ ബന്ധുക്കൾ ഇവരെ വേറെ വിവാഹങ്ങൾക്ക് നിർബന്ധിച്ചെങ്കിലും അവർ എടുത്ത തീരുമാനത്തിൽ ഉറച്ചു നിന്നു, പോകെ പോകെ ബന്ധുക്കൾ നിലപാട് മാറ്റി. എല്ലാവരും മുൻകൈ എടുത്തു വിവാഹം നടത്തി കൊടുത്തു.

പ്രണയത്തിന്റെ കരുത്തു അത്രമാത്രം തീക്ഷ്ണമായിരുന്നു. രാമദാസന്റെ അമ്മയുടെ മരണത്തിനു ശേഷം ഒറ്റക്കു ജീവിതം ജീവിച്ച അദ്ദേഹത്തോട് കൂടപ്പിറപ്പുകൾ പറഞ്ഞു മതി, എല്ലാം സഹിച്ചത് മതി. ഒടുവിൽ വ്യാഴാഴ്ച കിഴക്കേകോട്ടയിലെ വിവാഹമണ്ഡപത്തിൽ സ്പീക്കർ ശ്രീ രാമകൃഷ്ണന്റെ സാനിധ്യത്തിൽ ആ മകളെ അച്ഛൻ അവൾക്കു ഇഷ്ടപെട്ടയാൾക്ക് കൈ പിടിച്ചു നൽകുമ്പോൾ രണ്ട് ദശാബ്ദം പ്രണയത്തിനു വേണ്ടി ജാതിക്കും മതത്തിനും എതിരെ നിലകൊണ്ട അവളുടെ ചിരിയിൽ ആ അച്ഛന്റെ മനസ്സ് നിറഞ്ഞിട്ടുണ്ടാകണം….