സിനിമ നടനാകാൻ 300 രൂപയുമായി ഒളിച്ചോടി, അച്ഛൻ ബസ് ഡ്രൈവർ – കെ ജി എഫ് നായകൻ യാഷിന്റെ കഥ

0
919

ഡിസംബർ 21 റീലീസായ വമ്പൻ ചിത്രങ്ങളുടെ കൂട്ടത്തിൽ ഒരു വമ്പൻ കന്നഡ ചിത്രവും ഉണ്ടായിരുന്നു. ഷാരൂഖ് ചിത്രം സിറോക്ക് ഒപ്പം റീലീസ് ചെയ്തെങ്കിൽ പോലും ഹിന്ദി ബെൽറ്റിൽ നിന്ന് അവിശ്വസനീയ കളക്ഷൻ ആണ് ചിത്രം നേടിയത്. കന്നഡ ഫിലിം ഇൻഡസ്ട്രിയിൽ നിന്ന് ആദ്യം നൂറു കോടി നേടുന്ന ചിത്രവും, 150 കോടി നേടുന്ന ചിത്രവുമായി കെ ജി എഫ്. വെറും 5 ദിനങ്ങൾ കൊണ്ട് രാജകുമാര എന്ന ചിത്രത്തിനെ കടത്തി വെട്ടി ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന കന്നഡ ചിത്രമായി മാറി കെ ജി എഫ്.

80 കോടി രൂപ മുടക്കി ഹോംബലെ ഫിലിംസ് നിർമ്മിച്ച് പ്രശാന്ത് നീൽ സംവിധാനം ചെയ്ത ചിത്രം 3 വര്‍ഷം എടുത്താണ് ഷൂട്ട് ചെയ്തത്. മെർക്കറിയുടെ അംശം നിറഞ്ഞ ചുട്ടുപഴുത്ത മണലിൽ ആണ് നായകൻ യാഷും 500 ഓളം വരുന്ന ജൂനിയര് ആർട്ടിസ്റ്റുകളും മറ്റു താരങ്ങളും അഭിനയിച്ചത്. സൂപ്പർ സ്റ്റാർ ആയി കന്നഡ സിനിമയിൽ വാഴവേ 3 വര്ഷത്തിനടുത്താണ് യാഷ് മറ്റൊരു സിനിമയിലും അഭിനയിക്കാതെ കെ ജി എഫ് ആദ്യ ഭാഗത്തിന് വേണ്ടി ചെലവിട്ടത്. നിയോപ്പ്റ്റിസം വാണരുളുന്ന കന്നഡ ഫിലിം ഇൻഡസ്ട്രിയിൽ യാതൊരു സിനിമ പാരമ്പര്യവുമില്ലാത്ത ഇടത്തരം കുടുംബത്തിൽ നിന്നാണ് യാഷ് സിനിമയിൽ എത്തുന്നത്.

ദി ന്യൂസ് മിനിട്ടിനു നൽകിയ അഭിമുഖത്തിൽ തന്റെ ജീവിതത്തെ പറ്റി യാഷ് പറഞ്ഞതിങ്ങനെ.., “എന്റെ അച്ഛൻ അരുൺകുമാർ BMTC ബസ് ഡ്രൈവർ ആയിരുന്നു, ഒരു ഗവണ്മെന്റ് ജീവനക്കാരൻ. അമ്മയുടെ പേര് പുഷ്പ, ഹൗസ് വൈഫ് ആണ്. ഞങ്ങൾക്കൊരു പ്രൊവിഷണൽ സ്റ്റോർ ഉണ്ടായിരുന്നു. ഞാനാണ് കട നോക്കി നടത്തിയിരുന്നത്. ഒരു നടൻ ആകണം എന്നുള്ള എന്റെ ആഗ്രഹം വീട്ടുകാർക്ക് ഇഷ്ടമില്ലായിരുന്നു. അച്ഛന് എന്നെ ഒരു ഗവണ്മെന്റ് ജോലിക്കാരൻ ആക്കണം എന്നായിരുന്നു. ചെറുപ്പം മുതൽ ഞാൻ ഒരു നടൻ ആകാൻ സ്വപ്നം കണ്ടിരുന്നു. ഡ്രാമകളിലും ഡാൻസ് മത്സരങ്ങളിലും എല്ലാം സമ്മാനങ്ങൾ നേടി. ഞാൻ ഒരു ഹീറോ ആണെന്ന് തന്നെയാണ് ഞാൻ വിശ്വസിച്ചിരുന്നത്. അധ്യാപകരും അങ്ങനെ തന്നെ വിശ്വസിച്ചു, അവരും എന്നെ ഹീറോ എന്ന് വിളിച്ചു. ഞാൻ ഒരു സ്വപ്ന ലോകത്താണ് ജീവിച്ചത് ഇപ്പോൾ തോന്നാറുണ്ട് ഞാൻ ജീവിക്കുന്ന ജീവിതം സ്വപ്നം ആണോ എന്ന്.

സിനിമ നടനാകാൻ ഉള്ള ആഗ്രഹം കൊണ്ട് ഞാൻ വീട്ടിൽ നിന്ന് ഒളിച്ചോടി. ബെംഗളൂരുവിലേക്ക് എത്തിയപ്പോൾ ശെരിക്കും ഞാൻ പേടിച്ചു പോയി, ഒരു വലിയ, നമ്മെ ഭയപ്പെടുത്തുന്ന സിറ്റി ആയിരുന്നു ബെംഗളൂരു. പക്ഷെ എനിക്ക് എന്നിൽ വിശ്വാസം ഉണ്ടായിരുന്നു. ബംഗളുരുവിൽ എത്തിയപ്പോൾ എന്റെ കൈയിൽ അകെ 300 രൂപ മാത്രമേ ഉണ്ടായിരുന്നുള്ളു. തിരിച്ചു പോകാൻ ഞാൻ ആഗ്രഹിച്ചില്ല. തിരികെ പോയാൽ എന്റെ വീട്ടുകാർ ഒരിക്കലും എന്നെ നടനാകാൻ വിടില്ലെന്ന് ഉറപ്പുണ്ടായിരുന്നു.

– ജിനു അനില്‍കുമാര്‍