മുറിവേറ്റ കൈ കൊണ്ട് ഭക്ഷണം കഴിക്കാൻ കഴിയാത്ത സഹപാഠിയെ ഊട്ടി നോയൽ! സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും കഥ പറയുന്ന ചിത്രം പകർത്തിയത് ടീച്ചർസ്വന്തം കാര്യം പോലും ശ്രദ്ധിക്കാൻ നേരമില്ലാതെ പായുന്ന ലോകത്തു പോസിറ്റിവിറ്റിയുടെ ഒരു കണികയെങ്കിലും പകർന്നു തരുന്ന വാർത്തകളും ചിത്രങ്ങളും ഒരു ആശ്വാസമാണ്. ഒരുപക്ഷെ വളർച്ചയിൽ നമുക്ക് നഷ്ടപെടുന്ന നിഷ്കളങ്കതയെ പറ്റി ഒരുപാട് ചിന്തിക്കാൻ പഠിപ്പിക്കുന്ന ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. കോട്ടയം ഏറ്റുമാനൂർ കാട്ടാതി RSW എൽ പി സ്കൂളിലെ നോയൽ ജോർജിനെ കണ്ടു പഠിക്കണം നമ്മളെല്ലാവരും, നോയലാണ് ഈ ഫോട്ടോയിലെയും ഒപ്പം സമൂഹ മാധ്യമങ്ങളിലെയും താരം.

നോയലും അഭിനന്ദും അടുത്ത സുഹൃത്തുക്കളാണ്. സ്കൂളിൽ എത്തുമ്പോൾ കളിയും ചിരിയും പഠനവുമെല്ലാം ഒരുമിച്ചു. എന്നാൽ പെട്ടന്ന് ഒരു ദിനം അഭിനന്ദിന്റെ വലതു കൈയിലൊരു വലിയ മുറിവേറ്റു. സ്കൂളിൽ എത്തി ഭക്ഷണം കഴിക്കാനിരുന്നപ്പോഴാണ് അഭിനന്ദിന്റെ കൈയുടെ വേദന അസഹനീയമായത്. ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുന്ന കൂട്ടുകാരനെ സഹായിക്കാൻ കുഞ്ഞു നോയൽ പക്ഷെ അടുത്തുണ്ടായിരുന്നു. കൂട്ടുകാരന് നോയൽ ഭക്ഷണം വാരിക്കൊടുത്തു. കൂട്ടുകാരന്റെ വയർ നിറഞ്ഞെന്നു ഉറപ്പു വരുത്തിയ ശേഷമാണു നോയൽ സ്വന്തം പാത്രം കൈയിലെടുത്തത്.

നോയലിന്റെ പ്രവർത്തി പുറം ലോകം അറിഞ്ഞത് അദ്ധ്യാപിക ജെസ്സി ഈ ദൃശ്യം പകർത്തിയപ്പോഴാണ്. ജെസി ഈ ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ പങ്കു വച്ചിരുന്നു. ഇന്നിന്റെ സമൂഹത്തിൽ കാണാൻ പറ്റാത്ത സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും സാനിധ്യം നോയലിന്റെ പ്രവർത്തിക്കു ഉണ്ടായിരുന്നത് കൊണ്ടാണ് ചിത്രം പകർത്തിയത്തെന്നു ജെസ്സി പറയുന്നു. ഹൃദയത്തെ സ്പർശിക്കുന്ന ചിത്രം എന്നാണ് സോഷ്യൽ മീഡിയ ഈ ചിത്രത്തെ വിശേഷിപ്പിക്കുന്നത്.

Comments are closed.