ബസ് കണ്ടക്ടറിൽ നിന്ന് ദി സൂപ്പർ വണ്ണിലേക്ക്!! ഹാപ്പി ബർത്ത്ഡേ തലൈവ!!സൂപ്പർസ്റ്റാർ എന്ന് വാക്ക് കേൾകുമ്പോൾ ആദ്യം ഓടി വരുന്നൊരു മുഖമുണ്ട്. അതെനിക്ക് മാത്രമല്ല തെക്ക് വടക്ക് കിഴക്ക് പടിഞ്ഞാറു എന്നിങ്ങനെ ഭേദമില്ലാതെ ഒരുപാട് പേർക്ക് അങ്ങനെ തന്നെയാകും. പറഞ്ഞു വരുമ്പോൾ കാഴ്ചയിൽ അയാൾ ഒരു സൂപ്പർസ്റ്റാറിന്‍റെ ഗുണ ഗണങ്ങൾ യാതൊന്നുമില്ലാത്ത ഒരു സാധാരണ മനുഷ്യനാണ് പക്ഷെ അയാളുടെ സ്ക്രീനിലെ അസാധാരണത്വം എല്ലാവരും ഒരുപാട് ഇഷ്ടപെടുന്നു. പേരു രജനികാന്ത് എന്നാണ്.

അപൂർവ രാഗങ്ങൾ എന്ന കെ ബാലചന്ദർ ചിത്രത്തിലെ ഒരു ചെറിയ വേഷം അഭിനയിച്ചു അൻഷുമാൻ ഗൈധവാദ് എന്ന ആ ഇരുനിറമുള്ള മനുഷ്യൻ തമിഴ് സിനിമയിലേക്ക് കയറി വന്നത് നാല്പത്തി രണ്ടു കൊല്ലം മുൻപൊരു ഓഗസ്റ്റ്‌ 18 നു ആണ്‌, വര്‍ഷങ്ങളോളം അയാൾ സഹനടനായും വില്ലനായും പല ചിത്രങ്ങളിൽ വേഷമിട്ടു എൺപതുകളിലെ മസാല സിനിമകളും അയാളുടെ സ്റ്റൈലും അയാള്‍ക്ക് ഒരു സ്റ്റാർ എന്ന നിലയിൽ വേറെ ഡെഫനിഷൻ നൽകി. ഒരുപക്ഷെ താൻ വില്ലനായപ്പോൾ നായകനായി വിലസിയ കമൽ ഹസ്സനെക്കാൾ ഒരുപാട് ഉയർന്നു എന്ന് പറയേണ്ടി വരും. അയാൾക്കൊരു റിബെലിന്‍റെ മുഖമുണ്ടായിരുന്നു. നാളിതുവരെ തമിഴ് സിനിമ ഭരിച്ചു കൊണ്ടിരുന്ന വെളുത്ത സുന്ദര നായകന്മാരുടെ ഇടയിലേക്ക് അയാളുടെ കഥാപാത്രങ്ങൾ ക്ഷോഭിക്കുന്ന യുവത്വത്തിന്റെ പ്രതീകങ്ങളായി ജനങ്ങളുടെ മനസ്സിൽ കയറി. തമിഴ് പ്രേക്ഷക ജനത അയാളിൽ അവരുടെ പ്രതിനിധിയെ തന്നെ കാണുകയായിരുന്നു. തങ്ങളെ പോലെ ചിന്തിക്കുന്ന രൂപത്തിലും ഭാവത്തിലും ഒരു തമിഴനെ അനുസ്മരിപ്പിക്കുന്ന അയാളെ അവർ തങ്ങൾക്കു ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ സ്‌ക്രീനിൽ ചെയ്യാനായി പ്രോത്സാഹിപ്പിച്ചു
.

ഒരു ദിവസം കൊണ്ടുണ്ടായതല്ല അവരുടെ തലൈവർ എന്ന വിളിയും നെഞ്ചിലെ കട്ട രജനിയിസവും, ഒന്നുമില്ലായ്മയിൽ നിന്നും സിഗററ് വലിച്ചെറിഞ്ഞു പിടിച്ചും, നടത്തത്തിൽ പോലും ആ രജനി സ്റ്റൈൽ കൊണ്ടുവന്നും ആ പഴയ ടിക്കറ്റ് കളക്ടർ കഷ്ടപ്പെട്ട് സൃഷ്ടിച്ചത് തന്നെയാണ്. പലരും പറയാറുണ്ട് അഭിനയ ശേഷി എന്നൊരു സംഗതിയില്ലാതെ സ്റ്റൈൽ എന്നതിന് മേൽ കെട്ടിപൊക്കിയതാണ് രജനി എന്ന സ്റ്റാർഡം എന്ന്. എന്നാൽ അങ്ങനെയല്ല 90 കളുടെ ആദ്യ പാദം മുതലാണ് ഈ താരം എന്ന രീതിയിലുള്ള അസാധാരണത്വം അയാളിൽ കടന്നു വരുന്നത്, അപ്പോൾ മുതൽ അയാൾ സ്‌ക്രീനിൽ ചെയ്യുനതിനു അതിഭാവുകത്തിന്റെ മേമ്പൊടി വല്ലാതങ്ങ് കൂടി അതിനു മുൻപ് വരെ ബാലചന്ദർ എന്ന തന്റെ ഗുരുവിന്റേത് അടക്കം പല ചിത്രങ്ങളിലും മെച്വേഡ് ആയ ഒരു നടനെ നമുക്ക് കാണാം മുള്ളും മലരും, തിലു മുല്, ജോണി എന്നിങ്ങനെ പല ചിത്രങ്ങളിലും ഇപ്പോഴത്തെ രജനിയെ ആയാളല്ലാതെ നമ്മുക്ക് കാണാം.

രജനികാന്ത് എന്ന മനുഷ്യനെ മറ്റുള്ളവരിൽ വ്യത്യസ്തനാക്കുന്ന ഒരുപാട് കാര്യങ്ങളുണ്ട്. ഒരുപക്ഷെ അതായിരിക്കും അയാളെ ഒരു സൂപ്പർസ്റ്റാർ ആക്കുന്നത്. തന്‍റെ ചിത്രങ്ങൾക്ക് നഷ്ടം സംഭവിച്ചാൽ ആ കാശ്‌ നിർമ്മാതാക്കൾക്കും ഡിസ്ട്രിബ്യുട്ടേഴ്സിനും തിരിച്ചു കൊടുക്കുന്ന, ഓരോ ചിത്രം കഴിയുമ്പോൾ ഹിമാലയ സാനുക്കളിൽ ഒറ്റയ്ക്ക് യാത്ര പോകുന്ന പഴയ വസ്ത്രങ്ങളടക്കം ഇപ്പോഴും സൂക്ഷിച്ചു വൈകുന്ന മറ്റുള്ള താരങ്ങളെ പോലെ ഒന്ന് ഒരുങ്ങാൻ പോലും നില്കാതെ യഥാര്ഥ രൂപത്തിൽ വേദികളിൽ എത്തുന്ന, നാളിതുവരെയുള്ള ചരിത്രത്തിൽ ആരെയും കാത്തു നിൽക്കാൻ ഇട വരുത്തിക്കാത്ത കോടികണക്കിന് രൂപയുടെ പേരു പോലും ഉപയോഗിക്കാത്ത കാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന അദ്ദേഹത്തെ സൂപ്പർസ്റ്റാർ എന്ന് വിളിച്ചില്ലെങ്കിൽ പിന്നെ ആരെ വിളിക്കാനാണ്. രജനി ഒരു വികാരം തന്നെയാണ്, അദ്ദേഹം തന്നെ സൃഷ്ടിച്ചു ജനങ്ങളുടെ ഹൃദയങ്ങളിലേക്ക് പകർന്ന ഒരു വികാരം.

ഒരു പക്ഷെ അത്യുന്നതിയുടെ ശിഖരങ്ങളിൽ എത്തിയിട്ടും ഇന്നും അദ്ദേഹം ഒരു സാധാരണക്കാരനെ പോലെ പെരുമാറുന്നെങ്കിൽ അത് വന്ന വഴികളിൽ നിന്നും നേടിയതാകും. ചെറുപ്പത്തിലെ അമ്മയെ നഷ്ടപെട്ട കൂലി പണിയും ടിക്കറ്റ് കളക്ടർ ജോലിയും ചെയ്തു സിനിമയിലെത്തിയ അയാളുടെ ജീവിതത്തെ ഒരു വാക്കിൽ നമുക്ക് വിശേഷിപ്പിക്കാം ” superstar”..

-ജിനു അനില്‍കുമാര്‍

Comments are closed.