പതിനഞ്ചാം വയസിൽ സെമിനാരിയിൽ ചേരാൻ മൈസൂർക്ക് വിട്ടു ..ഇന്ന് ലോകം കൈയടിക്കുന്ന നടമാരിലൊരാൾ….

0
3065

ആന്റണി വർഗീസ് !! വെറും സിനിമകൾ കൊണ്ട് ഈ പേര് മലയാള സിനിമയുടെ കണക്കെടുപ്പു പുസ്തകത്തിൽ വലിയ അക്ഷരങ്ങളിൽ രേഖപെടുത്തിയിട്ടുണ്ട്. അങ്കമാലി ഡയറീസിലെ പെപ്പെ, സ്വന്തന്ത്ര്യം അർദ്ധരാത്രിയിലെ ജേക്കബ്‌. ആന്റണി വർഗീസ് തലയുയർത്തി നിൽക്കുകയാണ്. തലതൊട്ടപ്പന്മാരില്ലാതെ ഒറ്റക്ക് പടപൊരുതി സിനിമയുടെ വലിയ ലോകത്തേക്ക് കയറി വന്ന ഒരുവനാണ് ആന്റണി. സിനിമയെ സ്വപ്നം കാണുന്ന സാധാരണക്കാരന് നിങ്ങൾ എന്നും ഒരു വലിയ ഇൻസ്പിറേഷൻ തന്നെയാകും. മൂന്ന് സിനിമകൾ. മൂന്ന് ലോകനിലവാരത്തിലുള്ള സിനിമകൾ ..മൂന്ന് വമ്പൻ ഹിറ്റുകൾ. പെപ്പെ എന്ന ആന്റണി വർഗീസ് ചിരിക്കുകയാണ് ഭൂതകാലത്തെ നോക്കി.. തലതൊട്ടപ്പന്മാരില്ലാതെ സിനിമയിലെത്താൻ കഴിയില്ലെന്ന് പറഞ്ഞവരെ നോക്കി..

സിനിമ എന്ന സ്വപ്‌നവുമായി നടക്കുന്ന ലക്ഷകണക്കിന് ആളുകളുണ്ട്. പലരും ആദ്യമൊന്നു ശ്രമിച്ചു മിണ്ടാതെ ജീവിതത്തിന്റെ വേറെ മേഖലകളിലേക്ക് തിരിച്ചു പോകുകയാണ് പതിവ്. ചിരിച്ചു കൊണ്ട് മുന്നിൽ വരുന്ന പ്രതിസന്ധികളെ തരണം ചെയ്തു, സിനിമയെന്ന സ്വപനത്തിലേക്ക് നടന്നു കയറാൻ പറ്റിയവർ വിരലിൽ എണ്ണാവുന്നവർ മാത്രമേയുള്ളു.. കാവൽ മാലാഖ എന്നാണ് ആന്റണിയുടെ അപ്പനോടിക്കുന്ന ഓട്ടോയുടെ പേര്.. ആന്റണിക്കൊപ്പവും ആ മാലാഖയുടെ സാന്നിധ്യവുമുണ്ട്, ഒന്നുമില്ലായ്മയിൽ നിന്ന് സിനിമ എന്ന് സ്വപനത്തിലേക്ക് അയാളെ കൈപിടിച്ചുയർത്തിയത് ആ മാലാഖ തന്നെയാകും. സിനിമ കഥയെന്നോണം ഏടുകൾ നിറഞ്ഞ ഒന്നാണ് ആന്റണിയുടെ ജീവിതവും. പതിനഞ്ചാം വയസിൽ പെട്ടിയും പ്രമാണവുമെടുത്തു മൈസൂർക്ക് വിട്ടവനാണ് ആന്റപ്പൻ. ഒരു സെമിനാരിയിൽ ചേരാൻ. എന്നും പുലർച്ചെ അഞ്ചു മണി തൊട്ടുള്ള ചിട്ടയും പരിപാടികളുമെല്ലാം മടുത്തപ്പോൾ ആന്റപ്പന് ഒരു കാര്യം മനസിലായി ഈ ഭൂമിയിൽ സ്വാതന്ത്ര്യത്തിനും മുകളിൽ വേറെയൊന്നുമില്ലെന്നു. തിരികെ വന്നു നാട്ടിലേക്ക്…

സിനിമയോടുള്ള കമ്പം മൂത്തു പഠിത്തം പാതി വഴിയിൽ നിർത്തിയ മകന് പരിചയത്തിലാരോ ഓഫർ ചെയ്ത സിംഗപ്പൂർ വിസയെ കുറിച്ച് വർഗീസും അൽഫോൻസായും അവതരിപ്പിച്ചപ്പോഴും ആന്റപ്പൻ സ്വപനത്തിൽ നിന്ന് പിറകിലേക്ക് പോകാൻ തയ്യാറല്ലായിരുന്നു. സിംഗപ്പൂരിലെ ലോജിസ്റ്റിക് കമ്പനിയിലെ വലിയ ശമ്പളത്തിനും മുകളിൽ സ്വാതന്ത്ര്യത്തിനു വിലയുണ്ടെന്ന് അയാളെ പഠിപ്പിച്ചത് ആ പഴയ ജീവിതം തന്നെയാണ്. സിനിമക്ക് വേണ്ടി പഠിത്തം നഷ്ടപെടുത്താമെങ്കിൽ പിന്നെയെന്ത് സിംഗപ്പൂർ ജോലി എന്ന് അവൻ ചിന്തിച്ചു. അങ്ങനെയൊരു സാഹചര്യത്തിൽ വച്ചാണ് ലിജോയെ ആന്റണി കാണുന്നത്. പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഒടുവിലത് ജെല്ലിക്കെട്ടിൽ എത്തി നില്കുന്നു. സ്വപ്നങ്ങളുടെ കുളമ്പുകൾ കുതിച്ചു പായുമ്പോൾ അയാൾ ഇരച്ചു പിന്നിലെത്തുകയാണ്, അതിനെ കീഴടക്കാൻ, ആന്റണിയെ പോലെ അധികം പേരൊന്നും ഉണ്ടാകില്ല.. എന്നാൽ ഓരോ ആന്റണിയും ഇൻസ്പിറേഷൻ തന്നെയാണ്, സ്വപ്ങ്ങൾക്ക് പിന്നിൽ കുതിക്കുന്ന ഓരോ മനുഷ്യനും മുന്നിലെയോടിയ അവന്റെ അലർച്ച കേൾക്കാം. സ്വപ്നങ്ങളെ മുട്ടുകുത്തിക്കാൻ അവൻ പായുകയാണ്…..

– Jinu Anilkumar