ക്രിക്കറ്റ് കളിക്കാൻ വേണ്ടി നാട് വിട്ടു!!കാശില്ലാത്തത് കൊണ്ട് ഗുരുദ്വാരകളിൽ ജീവിച്ചു – ഋഷഭ് പന്ത് എന്ന സ്റ്റാറിന്റെ ജീവിതം

0
487

ഒരു അഭ്യാസിയെ പോലെ ക്രീസിനു ചുറ്റും കറങ്ങിയും തിരിഞ്ഞുമൊക്കെ ഉള്ള അയാളുടെ ബാറ്റിംഗ് കാണാൻ ചന്തമേറെയാണ്. ഓസ്‌ട്രേലിയൻ കമെന്റടെറ്റർമാരെ കൊണ്ട് പോലും ഫ്ലെക്സിബിലിറ്റിയെ പറ്റി എടുത്ത് പറയിപ്പിച്ച ഒരു താരം.ഇന്ന് അയാളുടെ ദിവസമായിരുന്നു. ഓസ്‌ട്രേലിയിൽ ചെന്ന് നേടിയ സെഞ്ചുറി അയാളുടെ പ്രതിഭയുടെ മാറ്റു അറിയിക്കുന്ന ഒന്നായിരുന്നു. വായിൽ വെള്ളി കരണ്ടിയുമായി ജനിച്ചു കുടുംബത്തിന്റെ മേന്മയുടെയോ പണത്തിന്റെയോ മികവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം വരെ എത്തിയ ഒരാളല്ല പന്ത്, മറിച്ചു ഇല്ലായമയുടേയും കഷ്ടപ്പാടിന്റെയും വഴികളിലൂടെ ക്രിക്കറ്റ്റ് എന്ന സ്വപ്നത്തിലേക്ക് നടന്നു കയറിയ ഒരാളാണ്.

ഉത്തരാഖണ്ഡിലെ ഹരിദ്വാറിലെ റൂർക്കി എന്ന ഗ്രാമത്തിലാണ് പന്തിന്റെ ജനനം. ചെറുപ്പം മുതൽ തന്നെ കുഞ്ഞു ഋഷഭിന് ക്രിക്കറ്റ് എന്നാൽ ജീവനായിരുന്നു, എന്നാൽ ഗംഗാ നദിക്കരയിലെ ഒരു കൊച്ചു പട്ടണമായ റൂർക്കിയിൽ ഒരു ക്രിക്കറ്റ് പരിശീലനത്തിന് വേണ്ട അവശ്യ സൗകര്യങ്ങൾ ഒന്നുമില്ലായിരുന്നു, അത്രകണ്ട് വികസനം വന്നെത്താത്ത ഒരു കൊച്ചു നാട്. മകന്റെ ഇഷ്ടം സാധിച്ചു കൊടുക്കാൻ ആ നാട്ടിൽ താമസിക്കുന്നിടൊത്തോളം കാലം അച്ഛനും അമ്മക്കും സാധിക്കുമായിരുന്നില്ല. ഒടുവിൽ അവനു പത്തു വയസു കഴിഞ്ഞപ്പോൾ അവർ അവനെയും കൊണ്ട് ഡൽഹിയിൽ എത്തി, അവനു മെച്ചപ്പെട്ട ക്രിക്കറ്റ് പരിശീലനം ലഭിക്കാൻ ആയിരുന്നു അത്.

ദേവേന്ദർ ശർമ്മ എന്ന കോച്ചിന് അടുത്താണ് റിഷബ് പന്തിന്റെ അച്ഛൻ രാജേന്ദ്ര അവനെ എത്തിച്ചത്. 45 ദിവസം നീണ്ടു നിന്ന ഒരു ക്രിക്കറ്റ്റ് ക്യാമ്പ് അന്ന് ദേവേന്ദർ ഭാഗമായ ക്രിക്കറ്റ്റ് അക്കാദമി നടത്തിയിരുന്നു. മകന് വേണ്ടി ഏറെ സ്വപ്നം കണ്ട ആ പിതാവ് ദേവേന്ദറിന്റെ പക്കൽ ഋഷഭിനെ ഏല്പിച്ചു തിരികെ നാട്ടിലേക്ക് പോയി, അയാൾക്ക് പോയെ മതിയാകുമായിരുന്നുള്ളു. കാരണം ഡൽഹിയിൽ അയാൾ നിന്നാൽ മകന്റെ പരിശീലനത്തിന് ആവശ്യമായ പണം കണ്ടെത്താൻ ആകുമായിരുന്നില്ല. ഋഷഭിന്റെ ‘അമ്മ മകനൊപ്പം ഡൽഹിയിൽ നിന്നു.

പരിചിതമല്ലാത്ത ആ നാട്ടിൽ മകന്റെ കൈയും പിടിച്ചു എത്തിയ ആ അമ്മയുടെ ത്യാഗവും വിശ്വാസവും കൂടെയാണ് ഋഷഭ് പന്തിനെ കരുത്തനാക്കിയത്. കൈയിൽ പണമില്ലാതെ, ആരെയും അറിയാതെ ബുദ്ധിമുട്ടിയ ഋഷബും അമ്മയും താമസിക്കാൻ ഒരു മുറി എടുക്കാൻ പോലും കൈയിൽ കാശില്ലാതെ ആദ്യ ദിനങ്ങളിൽ വിഷമിച്ചു. ഒടുവിൽ മോടി ബാഗ് ഗുരുദ്വാരയിൽ അഭയം തേടി. ഏറെക്കാലം അവിടെ കഴിഞ്ഞാണ് ഋഷഭ് പന്ത് ക്രിക്കറ്റ്റ് പരിശീലിച്ചത്. മകന് വേണ്ടി ആ ‘അമ്മ ഗുരുദ്വാരയിലെ ജോലികൾ ചെയ്തു പണമുണ്ടാക്കി. അടുത്ത അണ്ടർ 12 ടൂർണമെന്റിൽ അവൻ തുടരെ മൂന്ന് സെഞ്ചുറി കുറിച്ചപ്പോളും ആ ‘അമ്മ ഗുരുദ്വാരയിൽ ഭക്ഷണം വിളമ്പുകയും പാത്രങ്ങൾ വൃത്തിയാക്കുകയും ചെയ്യുകയായിരുന്നു.

അവന്റെ പ്രകടനം കണ്ടു കൊച്ചു ഒടുവിൽ എയർ ഫോഴ്സ് സ്കൂൾ ഡൽഹിയിൽ ഒരു അഡ്മിഷൻ വാങ്ങി കൊടുത്തു. അവർ വർഷത്തിൽ സ്പോർട്സിലും മറ്റും മിടുക്കരായ വിദ്യാർഥികളെ പണമൊന്നും ഇല്ലാതെ പഠിപ്പിക്കുമായിരുന്നു. അവരിൽ ഒരാളായി ഋഷഭ് പന്തും. അതിനു ശേഷം അവനു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. രഞ്ജി ട്രോഫിയും അണ്ടർ 19 വേൾഡ് കപ്പും, ipl ഉം ഒടുവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമും, അവൻ പതിയെ നടന്നു കയറി.

ഋഷഭ് പന്തിനെ fearless ക്രിക്കറ്റെർ എന്ന് പലരും വിശേഷിപ്പിക്കാറുണ്ട് കഷ്ടപ്പാടുകളുടെ ചൂടേറ്റു വളർന്നതിനാലാകാം അവൻ അങ്ങനെ ആയത്, ഋഷഭ് പന്ത് സ്റ്റാർ ആണെങ്കിൽ ‘അമ്മ സരോജ് പന്ത് സൂപ്പർ സ്റ്റാർ തന്നെയാണ്. പറയാൻ കാര്യം വേറൊന്നുമല്ല ഗുരുദ്വാരയിൽ ഭക്ഷണം വിളമ്പി മകന് വേണ്ടി ജീവിച്ച ആ അമ്മയുടെ പിറന്നാളാണിന്നു.. ആ സെഞ്ചുറി അത് ആ അമ്മക്ക് വേണ്ടിയുള്ളത് തന്നെയാണ്.

– ജിനു അനില്‍കുമാര്‍