കൂക്ക് വിളിച്ചവരെ കൊണ്ട്പോലും മനസ്സ് നിറഞ്ഞു കൈയടിപ്പിച്ച ജീവിതയാത്ര….

0
298

ഒരുപാട് കൂവലുകൾ ആ മനുഷ്യൻ കേട്ടിട്ടുണ്ട് ഇന്ന് അദ്ദേഹത്തിന് വേണ്ടി കൈയടിക്കുന്നവരുടെ പകുതിയിൽ കൂടുതൽ ആളുകളും അന്ന് ആ മനുഷ്യനെ കൂവാനും കളിയാക്കാനും മുന്നിൽ നിന്നവരാണ്. സിനിമാ സ്റ്റൈലിൽ അതിനെയെല്ലാം നിഷ്പ്രഭമാക്കി നടന്നു മുന്നിൽ കയറിയ ആ മനുഷ്യന്റെ പേര് പ്രിത്വിരാജ്. വെറുത്തവരെ പോലും ആരാധകരാക്കിയ പ്രിത്വി എന്ന് വിളിപ്പിച്ചെങ്കിൽ അതാ പതിനഞ്ചു വര്ഷം നീണ്ട സിനിമ ജീവിതത്തിന്റെ കഷ്ട നഷ്ടങ്ങളുടെ കണക്കിൽ ഏറെയെഴുതി കൂട്ടിയതിനു ശേഷമാണ് എന്ന് ഉറപ്പ് പറയേണ്ടി വരും. പത്തൊൻപതു വയസുകാരനിൽ നിന്ന് ഇന്നത്തെ മുപ്പത്തി അഞ്ചുകാരനിലേക്ക് അയാൾ നടന്ന ദൂരമത്രയും മുള്ളുകളും ചെങ്കുത്തായാ കയറ്റങ്ങളും നിറഞ്ഞത് തന്നെയായിരുന്നു, വന്ന വഴി ഓർത്തു ഇന്നുള്ള ഏത് നടനെക്കാളുമേറെ ആ മനുഷ്യന് പുഞ്ചിരി കൊള്ളാം അഭിമാനത്തോടെ.

100 സിനിമകളുടെ അഭിനയ പരിചയം എന്ന ഒന്ന് ഒരു നടനെ സംബന്ധിച്ചു നിസാരമായ കാര്യമല്ല. ആ അനുഭവ സമ്പത്തു തന്നെയാണ് പ്രിത്വിയെ മറ്റു താരങ്ങളിൽ നിന്ന് മാറ്റി നിർത്തുന്നത്. മലയാള സിനിമയിൽ സൂപ്പർ താര ചിത്രങ്ങൾ കൊടി കുത്തി വാണിരുന്ന കാലത്താണ് പ്രിത്വി സിനിമയിലെത്തുന്നത്. സൂപ്പർ താരങ്ങളുടെ ചിത്രങ്ങളല്ലാതെ വേറെ ഒരു നടന്റെയും ചിത്രത്തിന് മാർക്കറ്റ് ഇല്ലാതിരുന്നൊരു കാലം, അവിടെ നിന്നാണ് സാഹചര്യങ്ങളോടും കൂവി തോൽപിക്കാൻ നോക്കിയവരോടും പടപൊരുതി പ്രിത്വി ഇന്നിൽ എത്തി നില്കുന്നത്.

2006ൽ വാസ്തവത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന അവാർഡ് പ്രിത്വി നേടിയപ്പോൾ അദ്ദേഹത്തിന് വയസു 23. സംസ്ഥാന അവാർഡ് നേടിയ ഏറ്റവും പ്രായം കുറഞ്ഞ നടൻ എന്ന് പറയുമ്പോൾ ആ ചെറു പ്രായത്തിൽ തന്നെ അദ്ദേഹത്തിലേക്ക് വന്നെത്തിയ റോളുകളുടെ കനം നമുക്ക് ഊഹിക്കാൻ കഴിയുന്നതേ ഉള്ളു. 2012 കളിലാണ് മലയാള സിനിമയിൽ ഒരു നവതരംഗമുണ്ടാകുന്നതും, ഒരു കൂട്ടം പുതിയ ടെക്‌നിഷ്യൻസിനും സംവിധായകന്മാർക്കും ഒപ്പം പുതിയ താരോദയങ്ങൾ ഉണ്ടാകുന്നതും. ഇന്നത്തെ പല യുവതാരങ്ങളും ആ ഒഴുക്കിനൊപ്പം വന്നവരാണ്. അതിനു മുൻപ് ഇവിടത്തെ ഒലിപ്പു മണ്ണിൽ കാലുകുത്തി നിന്നിരുന്നു എന്ന അവകാശപ്പെടാൻ പ്രിത്വിരാജിന് മറ്റാരാളെക്കാളും കഴിയും. ലൂസിഫർ എന്ന ചിത്രത്തിന്റെ സംവിധാന മികവ് ഏതൊരു പ്രേക്ഷകനെയും അമ്പരപ്പിക്കുന്ന ഒന്നാണ്.

കൊട്ടിഘോഷിക്കപ്പെട്ട ബിഗ് ബജറ്റ് ദുരന്തങ്ങളിൽ നിന്ന് ലൂസിഫറിനെ മാറ്റി നിർത്തുന്നത് പ്രിത്വിയുടെ സംവിധാന മികവ് തന്നെയാണ്. ഒരു പൊളിറ്റിക്കൽ ഡ്രാമയിൽ കയ്യാളേണ്ട സൂക്ഷ്മതയും ശ്രദ്ധയുമെല്ലാം വളരെയധികം പുലർത്തിയിട്ടുണ്ട് പ്രിത്വി. പൊളിറ്റിക്കൽ ഡ്രാമ പോലുള്ള ജോണർ കൈകാര്യം ചെയ്യാൻ സ്‌കിൽ ഉള്ള ഡയറെക്ടർമാർ ഇന്ന് വളരെ കുറവാണു എന്ന കാരണം തന്നെയാണ് ഈ ജോണറിൽ സിനിമകൾ കുറയാൻ കാരണം. സംവിധായകൻ എന്ന നിലയിൽ പ്രിത്വിയുടെ ആദ്യ ചിത്രമാണോ ലൂസിഫർ എന്ന് തോന്നിപോകും…

തന്റെ തോൽവികളിൽ ചവിട്ടി നിന്ന് തന്നെയാണ് പ്രിത്വിരാജ് മുന്നോട്ട് നടന്നത്. ആ നടപ്പിന്റെ വേഗം ചോർത്താൻ അയാളെ കൂകിയവർക്കോ കളിയാക്കിയവർക്കോ കഴിയുമായിരുന്നില്ല. ജയിക്കുന്നതിനെ പറ്റി അയാൾ ശ്രദ്ധിച്ചതേയില്ല എന്തെന്നാൽ തോൽവിയും ജയവും ശാശ്വതമല്ലെന്നു ആ മനുഷ്യന് അറിയാമായിരുന്നു. പിന്നിടുന്ന വഴികളെ പറ്റി നടന്നു കയറിയ ദൂരത്തെ പറ്റി മാത്രം ചിന്തിച്ചു മുന്നേറി ആ മലയുടെ ഒത്ത പൊക്കത്തിൽ നിന്ന് താഴേക്ക് നോക്കുമ്പോൾ അയാൾ കണ്ടവരിൽ പാതി പേരും അയാളെ പുച്ഛിച്ചവരായിരുന്നു. അവർ അയാൾക്ക് വേണ്ടി ഉച്ചത്തിൽ കൈയടിക്കുണ്ടായിരുന്നു. പ്രിത്വിരാജ് അപ്പോൾ ഒരു ചിരി ചിരിച്ചിരിന്നിരിക്കണം. ആ ചിരി അത് കാലത്തിന്റെ പോക്കിൽ ഇല്ലാതാകാത്ത ഒന്നായിരുന്നു.

– ജിനു അനില്‍കുമാര്‍