അന്ന് വിനായകന് പിന്നിൽ ജൂനിയർ ആർട്ടിസ്റ്റായി ഇന്ന് കുമ്പളങ്ങിയിൽ കൈയടി നേടുന്ന ചങ്ക് ബ്രോ

0
69

സിനിമ എന്ന മായിക ലോകത്തു ഉയർന്നു വരാൻ അല്പം ഭാഗ്യം കൂടെ വേണം. വളരെ ചെറിയ തുടക്കങ്ങളിൽ നിന്നാണ് പലരും ചവിട്ടിക്കയറി സിനിമയുടെ ഉയരങ്ങളിൽ എത്തുന്നത്. ജൂനിയർ ആർട്ടിസ്റ്റായി തുടങ്ങി ഇന്ന് സിനിമയുടെ ലോകത്തു കൈയടി വാങ്ങുന്നവരുടെ കഥകൾ ആ മായിക ലോകം സ്വപ്നം കാണുന്ന പലർക്കും ഒരു പ്രചോദനം തന്നെയാണ്. കുമ്പളങ്ങി നൈറ്റ്‌സിലെ പ്രശാന്ത് ബ്രോയെ അവതരിപ്പിച്ച സുരാജിന്റെ കഥയും ഇങ്ങനെ ഒന്നാണ്.

പ്രശാന്ത് അഥവാ സുരാജ് ഇതിനു മുൻപും സിനിമയിൽ അഭിനയിച്ചിട്ടുണ്ട് വലിയ റോളിൽ ഒന്നും അല്ല. ഇയോബിന്റെ പുസ്തകം എന്ന സിനിമയിൽ വിനായകന്റെ പിന്നിലായി ഒന്ന് രണ്ടു സീനുകളിൽ സുരാജുമുണ്ട്. അവിടെ നിന്ന് ഇന്ന് പ്രശാന്ത് ബ്രോ ആയി കൈയടികൾ നേടുമ്പോൾ അതിന്റെ മാധുര്യം ഏറെയാണ്. സിനിമ ഇഷ്ടങ്ങളിൽ ഒന്ന് മാത്രമാണ് ഈ ചങ്ങാതിക്ക് ഏറെ ഇഷ്ടം ഡാൻസിനോട് ആണ്, പക്ഷെ അത് കൊണ്ട് മാത്രം വീട് പുലരില്ലലോ. അത് കൊണ്ട് പെയിന്റിംഗ് പണിക്ക് പോയി ആണ് പ്രശാന്ത് ഭാര്യയും മക്കളും അടങ്ങുന്ന കുടുംബം പുലർത്തുന്നത്.

സുരാജിന്റെ വാക്കുകൾ ഇങ്ങനെ “കുമ്പളങ്ങി നൈറ്റ്‌സ് എന്റെ ആദ്യ സിനിമയല്ല. ഞാനിതിനു മുമ്പ് മൂന്നു സിനിമയില്‍ മുഖം കാണിച്ചിട്ടുണ്ട്. മുഖം മാത്രം, ഒരക്ഷരം മിണ്ടീട്ടില്ല. ഏഷ്യാനെറ്റ് പ്ലസില്‍ ഒരു ഡാന്‍സ് പ്രോഗാമിന്റെ ജഡ്ജായി ലാല്‍ ജോസ് സാര്‍ വന്നിരുന്നു. അന്ന് ഞങ്ങളെല്ലാവരും മുടി വളര്‍ത്തിയിട്ടുണ്ട്. സാര്‍ മുല്ല സിനിമ ചെയ്യാന്‍ പോണ സമയമാണ്. സജിയേയും മൈക്കിളിനേയും വിളിച്ച കൂട്ടത്തില്‍ എന്നേയും സാര്‍ മുല്ലയിലേക്ക് വിളിച്ചു. കാരക്കോട് കോളനി കാണിക്കുന്നത് എന്റെ മുഖത്തു നിന്നാണ്. ഒരു മിന്നലുപോലെ വന്നു പോകുന്നു. പിന്നെ ചെയ്യണത് ഇയ്യോബിന്റെ പുസ്തകമാണ്. വിനായകന്‍ ചേട്ടന്റെ കൂടെ നില്‍ക്കണത്. ഒന്നു രണ്ടു സീനിലുണ്ട്. പക്ഷേ ഡയലോഗ് ഒന്നുമില്ല. വിനായകന്‍ ചേട്ടനെ പരിചയപ്പെടണത് അവിടെ വച്ചാണ്. നേരത്തെ ഡാന്‍സ് സ്‌കൂളിലെ പിള്ളേര് പറയുമായിരുന്നു എനിക്ക് വിനായകന്‍ ചേട്ടന്റെ കട്ട് ഉണ്ടെന്നു. ഞാനിക്കാര്യം പറഞ്ഞപ്പോള്‍, ഒന്നു പോയെടാ.. നീ എന്നെപ്പോലെയോ എന്നു പറഞ്ഞ് ഓടിക്കയാര്ന്നു. തമാശയ്ക്കാണ് കേട്ട… പിന്നൊരു തമിഴ് സിനിമയിലും മുഖം കാണിച്ചു. ബോബി സിംഹ നായകനായ ഉറുമീന്‍. ബ്രിട്ടീഷുകാരടെ കാലത്തെ കഥയാണ്. അതിലൊരു ട്രൈബായിട്ട്…

വരാപ്പുഴയിലെ എം സിനിമാസില്‍ എല്ലാവര്‍ക്കുമൊപ്പാണ് സിനിമ കണ്ടത്. നമ്മക്ക് കൈയടിയക്കെ കിട്ടണത് കേട്ടപ്പോള്‍ ഞാന്‍ വേറെയേതോ ലോകത്തേക്ക് പോയി. ഇന്റര്‍വെല്ലിന് പുറത്തിറങ്ങിയപ്പോള്‍ കുറെ പിള്ളേര്‍ ചുറ്റും കൂടി…സെല്‍ഫിയെടുക്കലും കൈ തരലും കെട്ടിപ്പിടിക്കലുമൊക്കെ..ഞാനാകാതെ പൂത്തുകോരിപ്പോയി. കണ്ണ് നിറഞ്ഞു. മധു ചേട്ടന്‍ അത് കണ്ടു. എന്താ പോപ്‌സേ കരയാണോ എന്നു ചോദിച്ചു. സന്തോഷം കൊണ്ടാണെന്നു പറഞ്ഞപ്പോള്‍, കഷ്ടപ്പെട്ട് ചെയ്തതിനു കണ്ണുനിറഞ്ഞ് തന്നെ സന്തോഷിക്കണം പോപ്‌സേ എന്നാണ് മധു ചേട്ടന്‍ പറഞ്ഞത്. എന്റെ ഭാര്യേം പിള്ളേര്‌ടേം സന്തോഷം കണ്ടപ്പോഴും ഞാന്‍ കരഞ്ഞുപോയി. അച്ചന്‍ പൊളിച്ചെന്നാണ് എന്റെ മകള് പറഞ്ഞത്. ഇതൊക്കെ കേള്‍ക്കണതിലും കാണണതിലും വലുതായി വേറെന്താണ് ബ്രോ നമ്മടേക്കെ ജീവിതത്തില്‍ വേണ്ടത്!

ഷൂട്ടിംഗ് കഴിഞ്ഞപ്പം ശ്യാം എന്നോട് പറഞ്ഞത് മച്ചാനെ ഇനി പെയിന്റ് പണിക്കൊന്നും പോകേണ്ടി വരില്ലെന്നാണ്. ഞാന്‍ പക്ഷേ, ഷൂട്ടിംഗ് കഴിഞ്ഞതിന്റെ പിറ്റേന്നു തൊട്ട് പണിക്കു പോയി തുടങ്ങി. സിനിമയില്‍ പിടിച്ചു നിക്കാന്‍ പറ്റിയാല്‍ ഭാഗ്യം. സിനിമ ചെയ്യണോന്ന് ആഗ്രമുണ്ട്. കിട്ടിയാലല്ലേ പറ്റൂ. ഞാനായിട്ട് ഉഴപ്പില്ല. രക്ഷപ്പെടണെങ്കില്‍ രക്ഷപ്പെടട്ടേ. അല്ലേല്‍ ഇപ്പം ചെയ്യണതൊക്കെയായി അങ്ങ് പോകും… ”