അന്ന് പുതുപ്പേട്ടയിൽ ധനുഷിന്‍റെ പിന്നിൽ ഇന്ന് പേട്ടയിൽ രജനിയുടെ മുന്നിൽ എതിരില്‍!! വിജയ് സേതുപതി മാസ്സ്

0
260

സ്വപ്നം എന്നൊരു പദത്തിന്റെ ഒക്കെ കൃത്യമായ അർഥം അറിയണമെങ്കിൽ വിജയ് സേതുപതിയെ പോലെ ഉള്ളവരുടെ ജീവിതത്തെ നോക്കണം. തല തൊട്ടപ്പന്മാരില്ലാതെ സിനിമ പാരമ്പര്യമോ അതിന്റെ തഴമ്പോ ഒട്ടുമില്ലാതെ ഒരുവൻ തമിഴ് സിനിമയിൽ നടന്നു കയറി അയാളുടെ ഭാഷയിൽ തന്നെ പറഞ്ഞാൽ ” ഗെത്താ ” ലോകത്തിനെ നോക്കി ചിരിക്കുന്നെങ്കിൽ ആ മനുഷ്യന്റെ ജീവിതത്തെ കൈയടികളോടെ അല്ലാതെ എങ്ങനെ നോക്കി കാണാനാണ്. 350 രൂപ ശമ്പളക്കാരനായ ജൂനിയർ ആര്ടിസ്റ്റിന്റെ റോളിൽ നിന്ന് ഇന്നത്തെ മക്കൾ ചെൽവൻ സൃഷ്ടിക്കപ്പെട്ടത് ഒരു രാത്രി ഇരുട്ടി വെളുത്തപ്പോഴല്ല, അതിനായി അയാൾ കഷ്ടപെട്ടതു ഏറെയാണ്, അയാളുടെ കുടുംബം സഹിച്ചത് ഒരുപാടാണ്.

പുതുപേട്ടയിൽ നായകനായ ധനുഷിന്റെ പിന്നിൽ ജൂനിയർ ആർട്ടിസ്റ്റായി ഒരു ഡയലോഗിന് വേണ്ടി കാത്തു നിന്ന മനുഷ്യനിന്നു തലൈവർ രജിനികാന്തിനു എതിരെ നിന്ന് ഗെത്ത് ഡയലോഗുകൾ പേശുമ്പോൾ ഒരു കാര്യം ഉറപ്പിച്ചു പറയാം സ്വപ്നങ്ങളുടെ ഇന്ധനം കഠിനധ്വാനം തന്നെയാണ് എന്ന്. നമ്മൾ തീവ്രമായി എന്തെങ്കിലും ആഗ്രഹിച്ചാൽ അത് നേടിയെടുക്കാൻ ഈ ലോകം മുഴുവൻ കൂടെ നില്കും” എന്ന് പറഞ്ഞ വാചകം ഈ മനുഷ്യന്റെ കാര്യത്തിലെത്ര സത്യം. വന്ന വഴികൾ തന്നെയാണ് ഒരു മനുഷ്യന്റെ ജീവിതത്തിന്റെ മഹത്വം വ്യക്തമാക്കുന്നത്, സിനിമയിലേക്ക് ഒരു പടി അവന് ചുറ്റുമുള്ളവർ ഇട്ടു കൊടുത്തു അവൻ മുന്നേറിയ ജീവിത കഥ കേൾക്കുന്നതിനേക്കാൾ, പറയുന്നതിനേക്കാൾ ലോകത്തിനു ഇഷ്ടം ഇതുപോലെ സ്വന്തമായി വഴി വെട്ടി വിജയത്തിലേക്ക് വരുന്നവരെയാണ്.

പരിഹസിച്ചവരും പുച്ഛിച്ചവരും ഇന്ന് അയാളെ കാണുമ്പോൾ ഒന്ന് വണങ്ങാറുണ്ട്, അത് കാലത്തിന്റെ മധുര പ്രതികാരം തന്നെയാണ്. വിജയ് സേതുപതി വ്യത്യസ്തനാകുന്നത് അയാളുടെ ജീവിതം കൊണ്ട് തന്നെയാണ്. നമ്മൾ ഒരു ലക്ഷ്യത്തിനു വേണ്ടി ഒരുപാട് കഷ്ടപെടുമ്പോൾ, അധ്വാനിക്കുമ്പോൾ ചിലപ്പോൾ കണ്ണ് തുറക്കാത്ത ദൈവങ്ങൾക്ക് പോലും നമ്മെ കൈപിടിച്ചുയർത്താൻ തോന്നും, അങ്ങനെ മുകളിലെത്തുമ്പോൾ നമ്മൾ ലോകത്തിനു നേരെ നോക്കി ചിരിക്കുന്ന ഒരു ചിരിയുണ്ടല്ലോ അതിലും മാസ്സ് ഈ ലോകത്തു ഒന്നുമുണ്ടാകില്ല, ഈ മനുഷ്യന്റെ ചിരി അത്തരത്തിൽ ഉള്ള ഒന്ന് തന്നെയാണ്…

– ജിനു അനില്‍കുമാര്‍