മലയാളികളുടെ ഓണാഘോഷങ്ങൾക്ക് ചിരിയുടെ സദ്യയൊരുക്കുന്ന വിശുദ്ധ മെജോ – റിവ്യു വായിക്കാം

0
144

തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ തിരക്കഥാകൃത്തായി അരങ്ങേറ്റം കുറിച്ചയാളാണ് ഡിനോയ്‌ പൗലോസ്. ശേഷം ഡിനോയ്‌ എഴുതിയ പത്രോസിന്റെ പടപ്പുകൾ എന്ന ചിത്രത്തിലൂടെ നായകനിരയിലേക്ക് താരം കാൽവെക്കുകയും ചെയ്തു. ഇരു ചിത്രങ്ങളും തിയറ്ററുകളിലും ശേഷം വന്ന ഡിജിറ്റർ റിലീസിലും പ്രേക്ഷകർ ഇരു കൈയ്യും നീട്ടി ഏറ്റെടുത്ത ചിത്രങ്ങൾ ആയിരുന്നു. 90കളിൽ മോഹൻലാൽ ശ്രീനിവാസൻ മുകേഷ് ചിത്രങ്ങൾ പോലെ സാധാരണക്കാരന്റെ മനസറിഞ്ഞു അവരോട് അടുത്ത് നിൽക്കുന്ന സിനിമകളുടെ സ്വഭാവമാണ് ഡിനോയ്‌ ചിത്രങ്ങൾക്ക്. ആ മറ്റൊരു ചിത്രവും ആയി എത്തുകയാണ് വിശുദ്ധ മെജോയിലൂടെ.

നവാഗതനതായ കിരൺ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രചാരണാർഥം പുറത്തു വന്ന ട്രെയ്‌ലറും ഗാനങ്ങളും ഏറെ പ്രതീക്ഷകൾ നൽകുന്നതായിരുന്നു. വൈപ്പിൻ തീരദേശ ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ആണ് ചിത്രത്തിന്റെ കഥ പറയുന്നത്. സർവ്വതിനോടും പേടിയും ആകുലതകളും ഉള്ള പൊതുവെ അന്തർമുഖനായ മെജോയുടെ കഥയാണ് വിശുദ്ധ മെജോ. ചെന്നൈയിൽ നിന്നും തിരിച്ചെത്തിയ മെജോയുടെ ബാല്യകാലസഖിയായ ജീനയോട് മെജോയ്ക്ക് തോന്നുന്ന പ്രണയവും, തന്റെ ജീവിത പ്രതിസന്ധികളെ മെജോ എങ്ങനെ തരണം ചെയ്യുന്നു എന്നതുമാണ് ചിത്രത്തിന്റെ കഥാസാരം. മെജോയ്ക്ക് ഒപ്പം ഉപദേഷ്ടാവായി പ്രണയത്തിന് നിന്നെ ഇളയതും ഉത്സാഹിയുമായ അല്ലു അർജുൻ ഫാൻസ് പ്രവർത്തകൻ ആംബ്രോസും കൂട്ടുകാരും ചേരുന്നതോടെ കഥാപരിസരം ചിരികളാൽ സമ്പന്നമാവുകയാണ്.

നമ്മുടെയെല്ലാം പരിസര പ്രദേശങ്ങളിൽ കാണുന്ന കാഴ്ചകളെ വളരെ രസകരമായും സരസമായും ആണ് നവാഗതനായ കിരൺ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. പല സന്ദർഭങ്ങളും നമ്മൾ തന്നെയായോ നമ്മളിലൊരാളായോ തന്നെയാണ് പ്രേക്ഷകന് അനുഭവമാവുന്നത്. സാധാരണ ശരാശരി യുവാവിന്റെ എല്ലാ മാനസിക സംഘർഷങ്ങളും വളരെ മനോഹരമായി അവതരിപ്പിച്ച് തന്റെ രണ്ടാമത്തെ ചിത്രത്തിൽ തന്നെ ഡിനോയ്‌ പ്രേക്ഷകരെ അത്ഭുതപ്പെടുത്തുണ്ട്. സൂര്യ ചിത്രമായ ജയ് ഭീമിലൂടെ തെന്നിന്ത്യയാകെ നിരൂപക പ്രശംസ ലഭിച്ച താരം ലിജോ മോൾ ജീനയായും വളരെ പക്വപരമായ പ്രകടനം ആണ് കാഴ്ച വെച്ചിരിക്കുന്നത്. തണ്ണീർ മത്തൻ ദിനങ്ങൾക്ക് ശേഷം ഏറ്റവും അധികം പ്രേക്ഷക കയ്യടികൾ നേടുന്ന കഥാപാത്രമായി മാത്യൂസിന്റെ അബ്രോസും മാറുന്നു.

ജസ്റ്റിൻ വർഗീസ് ഒരുക്കിയ ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. മനോഹരമായ ഫ്രെയിമുകൾ കൊണ്ടു തീർത്ത ജോമോൻ ടി ജോണിന്റെ ഛായാഗ്രഹണം ആണ് ചിത്രത്തിന്റെ മറ്റൊരു മുഖ്യ ആകർഷണം.
പ്ലാൻ ജെ സ്റ്റുഡിയോസിന്റെ ബാനറിലാണ് ചിത്രമെത്തുന്നത്. വിനോദ് ഷൊര്‍ണൂര്‍, ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. രണ്ടു മണിക്കൂർ മാത്രം നീണ്ടു നിൽക്കുന്ന ഈ കൊച്ചു ചിത്രം പ്രേക്ഷകർക്കായി ഒരുക്കി വെച്ചിരിക്കുന്നത് ചിരിയുടെ വലിയ കാഴ്ചകൾ ആണ്. അല്പ്പം വൈകിയെങ്കിലും മലയാളികളുടെ ഓണാഘോഷങ്ങൾക്ക് അൽപ്പം ചിരി കൂടി സമ്മാനിക്കുകയാണ് വിശുദ്ധ മെജോ