ഗംഭീര ത്രില്ലർ!!നിഴൽ മികച്ച ദൃശ്യാനുഭവം..റിവ്യൂ

0
3734

അപ്പു ഭട്ടതിരി, ഈ പേര് പലരും കേട്ടിട്ടുണ്ടാകും. മലയാളത്തിലെ ഹിറ്റായ പല സിനിമകളുടെയും പിന്നിൽ പ്രവർത്തിച്ച എഡിറ്ററായ അപ്പു നിരവധി പുരസ്‌കാരങ്ങൾ നേടിയ ഒരാളാണ്. അപ്പു ആദ്യമായി സംവിധാനം ചെയ്യുന്ന നിഴൽ ഇന്ന് തീയേറ്ററുകളിലെത്തി. കുഞ്ചാക്കോ ബോബനും നയൻ‌താരയുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്.സമീപകാല മലയാള സിനിമയിലെ ഏറ്റവും മികച്ച ത്രില്ലറുകളിൽ ഒന്നാണ് നിഴൽ.

നിധി എന്ന ഒരു കുട്ടിയെ ചുറ്റിപറ്റിയാണ് ചിത്രത്തിന്റ കഥ മുന്നോട്ട് പോകുന്നത്.ജോണ്‍ ബേബി എന്ന ജൂഡിഷ്യൽ മജിസ്‌ട്രേട്ട് ആയി ആണ് കുഞ്ചാക്കോ ബോബൻ അഭിനയിക്കുന്നത്. ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആയ ജോൺ ബേബിയുടെ സുഹൃത്ത്‌ ആണ് നിധിയെ പറ്റി അയാളോട് ആദ്യം പറയുന്നത്.നിധി പറഞ്ഞ ഒരു കഥയെ കുറിച്ചാണ് സുഹൃത്ത്‌ അയാളോട് പറയുന്നത്. ജോൺ ബേബി നിധിയെ അന്വേഷിച്ചു എത്തുന്നെങ്കിലും ശർമിള( നയൻ‌താര )എന്ന നിധിയുടെ അമ്മ ആദ്യം സഹകരിക്കാൻ തയാറാകുന്നില്ല. ഒടുവിൽ ജോൺ ബേബിയുമായി ഷർമിള സൗഹൃദത്തിലാകുകയും ജോൺ ബേബിയുടെ അന്വേഷണവുമായി സഹകരിക്കുകയും ചെയ്യുന്നു.കുട്ടിയിൽ നിന്നും ജോൺ ബേബി മനസിലാക്കിയ കാര്യങ്ങൾ ഏറെ ദുരൂഹത നിറഞ്ഞതായിരുന്നു.അതിന്റെ ചുരുളുകൾ അഴിക്കാൻ ജോൺ ബേബി നടത്തുന്ന ശ്രമങ്ങളും അതിന്റെ ബാക്കി പത്രവുമാണ് നിഴൽ.

ഒരു മിസ്റ്ററി ത്രില്ലറാണ് നിഴൽ.ചിത്രത്തിന്റെ ആദ്യ പകുതി ഒരു സമസ്യ സമ്മാനിച്ച ശേഷം അതിനു മുകളിൽ കൂടുതൽ കുരുക്കുകൾ ഇട്ടു പ്രേക്ഷകനെ ഗ്രിപ്പ് ചെയ്തു നിർത്തിയാണ് മുന്നോട്ട് പോകുന്നത്. കുരുക്കുകൾ മുറുകുംതോറും നിഴൽ ഒരു ത്രില്ലിംഗ് അനുഭവമായി മാറുന്നു. രണ്ടാം പകുതി ഈ കുരുക്കുകൾ അഴിക്കാനുള്ള ഒരു വേദിയാണ്. അതിന്റെ ഉത്തരം നമ്മൾ പ്രതീക്ഷിക്കുന്ന പോലെ ഒന്നായിരിക്കില്ല എന്നതാണ് നിഴലിനെ വ്യത്യസ്തമാക്കുന്നത്.

പശ്ചാത്തല സംഗീതം നിഴലിന്റെ മുന്നോട്ടുള്ള പോക്കിൽ ഏറെ തിളങ്ങി നിൽക്കുന്ന ഘടകമാണ്.അവസാനത്തെ സീൻ വരെ പിടിച്ചിരുത്താൻ പോന്ന മേക്കിങ് സ്റ്റൈലും ക്രിസ്പ് ആൻഡ് ക്ലീൻ കട്ടുകളുമായി അപ്പു ഭട്ടതിരി ക്യാപ്ടന്റെ റോൾ ഗംഭീരമായി കൈകാര്യം ചെയ്തിട്ടുണ്ട്. പ്രേക്ഷകരെ സിനിമയോട് ചേർത്ത് നിർത്തുന്ന ചായഗ്രഹണവും ഏറെ ശ്രദ്ധേയമാണ്.

ഹോളിവുഡ് സിനിമകളിലാണ് നിഴൽ ഒരുക്കിയ ഫോർമാറ്റ് കൂടുതലും കണ്ടിട്ടുള്ളത് വ്യത്യസ്തതയാർന്ന ഒരു ത്രില്ലറാണ് ചിത്രം. അത് മേക്കിങ്ങിന്റെയും തിരക്കഥയുടെയും മികവ് തന്നെയാണ്..