കരുത്തുള്ള കഥകൾ!! കരുത്തുള്ള പെണ്ണുങ്ങൾ!! ആണും പെണ്ണും റിവ്യൂ

0
867

അടുത്ത കാലത്തായി ഒരുപാട് അന്തോളജി സിനിമകൾ സൗത്ത് ഇന്ത്യൻ പ്രേക്ഷകരിലേക്ക് എത്തുന്നുണ്ടായിരുന്നു. മലയാളത്തിൽ ഒരു അന്തോളജി ചിത്രം എത്തിയിരിക്കുകയാണ്. മൂന്നു ചെറു ചിത്രങ്ങൾ കോർത്തിണക്കിയ ആണും പെണ്ണും ഇന്ന് പ്രദർശനത്തിന് എത്തി. മൂന്നു മികച്ച സംവിധായകരാണ് ഈ ചിത്രങ്ങൾ ഒരുക്കിയിരിക്കുന്നത്. വേണു, ജെ കെ, ആഷിഖ് അബു എന്നിവരാണ് അവർ.

ആണിനും പെണ്ണിനുമിടയിലെ പവർ പൊളിറ്റിക്‌സും, പ്രണയവും പ്രതികാരവും ഒക്കെ ചർച്ചയാകുന്ന ചിത്രം മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയം ഏറെ കരുത്താർന്നതാണ്. നോക്കിലും വാക്കിലും ആണുങ്ങളാണ് കരുത്തർ എങ്കിലും പ്രതിസന്ധികൾക്ക് മുന്നിൽ ആണാണോ പെണ്ണാണോ എന്ന യൂണിവേഴ്സൽ അപ്പീൽ ഉള്ള ചോദ്യമാണ് സിനിമയുടെ കാതൽ.മൂന്നു കഥകൾ മൂന്നു കാലഘട്ടങ്ങളിലാണ് പ്ലേസ് ചെയ്തിരിക്കുന്നത്.

ഒരേ ചോദ്യത്തിന്റെ ഉത്തരം തേടാൻ ശ്രമിക്കുമ്പോഴും മൂന്നു കഥകളും, സിനിമകളും വ്യത്യസ്ത സ്വഭാവവും, ചിന്തയും നരേഷനും ഒക്കെ വച്ചു പുലർത്തുന്നവയാണ്.മൂന്ന് ചെറു സിനിമകൾ പുലർത്തുന്ന വികാരങ്ങളും ഏറെ വ്യത്യസ്തമാണ്. എന്നാൽ ഇവയിൽ കോമണ് ആയി അതി ശക്തരായ പെണ്ണുങ്ങളെ കാണാം.

കമ്മ്യൂണിസ്റ്റ്‌ വേട്ട കാലത്തെ കഥയാണ് ജെ കെ പറയുന്നത്. ഫ്യൂഡൽ സിസ്റ്റത്തിന് മുന്നിൽ നിസ്സഹായത്തോടെ നിൽക്കുന്ന പെണ്ണിനേയും ഒടുവിൽ അതിനു മറികടന്നു ചിരിക്കുന്ന അവളുടെ കരുത്തിനെയും പറ്റി സിനിമ പറയുന്നു.സാവിത്രി എന്ന കേന്ദ്ര കഥാപാത്രമായി സംയുക്ത തിളങ്ങുന്നുണ്ട്.

ഉറൂബ് എന്ന വിഖ്യാത സാഹിത്യകാരന്റെ രാച്ചിയമ്മ എന്ന കരുത്തുറ്റ പെൺ കഥാപാത്രത്തെ കുറിച്ചുള്ളതാണ് വേണുവിന്റെ ചിത്രം. ഒരിക്കലും ആർക്കും പിടികൊടുക്കാത്ത മനസാണ് അവളുടേത്. അത്തിനുള്ളിലെ ചിന്തകളും പ്രവചനാതീതം.വേണുവിന്റെ ഈ സിനിമ നൽകുന്ന ഫീൽ ഒന്ന് വേറെയാണ്. കൂട്ടിനു പാർവതിയുടെ പകർന്നാട്ടവും.

ആഷിഖ് അബുവിന്റെ മൂന്നാം ചിത്രം പറയുന്നത് പുരുഷന്റെ ലൈംഗിക കാമനയെ കുറിച്ചും അതിനു വേണ്ടി ഏതറ്റം വരെ പോകുവാനുള്ള അവന്റെ ചിന്തകളെയും കുറിച്ചാണ്.ദർശനയുടെ റാണി എന്ന കഥാപാത്രം വളരെയധികം റിലേറ്റബിൾ ആകുന്നിടത്തു ഉണ്ണി ആർ എന്ന എഴുത്തുകാരന്റെ മാജിക്ക് കാണാം. മൂന്നിൽ ഏതാണ് മികച്ചത് എന്ന ചോദ്യത്തിനു ഉത്തരമില്ല. മൂന്നും അതി ഗംഭീരം ആ മൂന്നു പെണ്ണുങ്ങളോ അതി ഗംഭീരം.