ഹൃദ്യം അതിമനോഹരം ഈ മജീദും സുഡുവും – സുഡാനി ഫ്രം നൈജീരിയ റിവ്യൂസുഡാനി ഫ്രം നൈജീരിയ. എവിടേയോ വായിച്ചിരുന്നു ഇൻഡിപെൻഡന്റ് സിനിമയായി ഈ ചിത്രം ചെയ്യാൻ സംവിധായകൻ സഖറിയാ മുഹമ്മദ്ദ് ആദ്യം തീരുമാനിച്ചിരുന്നു എന്ന്. റിവ്യൂവിന് ആമുഖമായി ഒരു കാര്യം പറയട്ടെ ഒരു ഇൻഡിപെൻഡന്റ് സിനിമയായി വളരെ ചെറിയ കാഴ്ചക്കാരിൽ മാത്രം ഒതുങ്ങാതെ ഇതൊരു വല്യ ക്യാൻവാസിലേക്ക് നൂറിലധികം തിയേറ്ററുകളിലേക്ക് എത്തിച്ചവർക്ക് നന്ദി. സുഡാനി അതി ഗംഭീരനൊരു സിനിമയാണ്,ഒരുപക്ഷെ അടുത്തിടെ വന്നതിൽ വച്ചേറ്റവും മനസ്സിൽ തൊട്ട ഹൃദ്യം എന്ന് വിശേഷണം ചേർന്ന് നില്കുന്ന ഒരു സിനിമ.

ഏച്ചു കെട്ടലുകളില്ലാതെ, മുഴച്ചു നില്പുകളില്ലാതെ സബ്‌ട്ടിൽ ആയി ഒരു സിനിമ എങ്ങനെ ചെയ്യാമെന്നും അത് അതിന്റെ മോമെന്റുകളുടെ മെറിറ്റിൽ പ്രേക്ഷകരുടെ മനസ്സിൽ എത്രമാത്രം കയറിക്കൂടും എന്നും പറഞ്ഞു തരുന്ന സിനിമയാണ് സുഡാനി. മലപ്പുറം ജീവിതവും ഫുട്ബാൾ കാഴ്ചകളും ജീവിത വിജയം സ്വപ്നം കണ്ടു ഫുട്ബാൾ കളിക്കാരും, അവരെ സ്നേഹിക്കുന്ന നാട്ടുകാരും എല്ലാം ഒരുക്കുന്ന ഒരു 2 മണിക്കൂറിന്റെ ഫീൽ ഉണ്ടല്ലോ അത് എഴുതിയാലും പറഞ്ഞാലും മതിയാവില്ല കണ്ടു തന്നെ മനസിലാക്കണം, സുഡാനി സിനിമയെ സ്നേഹിക്കുന്നവർക്ക് ഒരു വിരുന്നാണ്.

സുഡാനി ഒരു ഫുട്ബാൾ കഥയല്ല, കളിയെ സ്നേഹിക്കുന്ന ഒരു കൂട്ടം മനുഷ്യരുടെ കഥയാണ്, അവരുടെ ആവേശത്തിന്റെ, നൊമ്പരങ്ങളുടെ, കൊച്ചു കൊച്ചു നഷ്ടങ്ങളുടെ, വിജയങ്ങളുടെ കഥ. വളരെ നാച്ചുറൽ ആയി ആണ് ചിത്രത്തെ ട്രീറ്റ് ചെയ്തിരിക്കുന്നത് ഒരിടത് പോലും മുഴച്ചു കെട്ടൽ ഇല്ലാത്ത ഒരു ക്ലീൻ അവതരണം ഒപ്പം ഒരു സീനിൽ ഒരു ഷോട്ടിൽ വരുന്നവർ പോലും കാഴ്ച വൈകുന്ന അതി ഗംഭീര പ്രകടനവും.

സ്ട്രക്ച്ചറിലും നരേറ്റീവിലും ഒരു കൊമേർഷ്യൽ ചിത്രത്തിന്റെ എല്ലാ വിധ മാനദണ്ഡങ്ങളും സുഡാനി പാലിക്കുന്നുണ്ട്. ഒപ്പം കോംപ്രമൈസ് ഇല്ലാത്ത കഥയുടെ മേന്മ എടുത്തു പറയേണ്ട ഒന്നാണ്. ആഫ്രിക്കൻ കാഴ്ചകൾ അടക്കം അതിനു എക്സാമ്പിൾ ആണ്. ക്ലൈമാക്സ് രംഗങ്ങളിലെ കൈയടി ചിത്രത്തിനെ എല്ലാ തലത്തിലുമുള്ള പ്രേക്ഷകർ കൈയേറ്റു എന്ന് വിശ്വസിപ്പിക്കുന്നു.

സുഡാനി അതിഭാവുകത്വം എന്ന എലെമെന്റിൽ ഒരു പോയിന്റിൽ പോലും തൊടുന്നില്ല എന്നതാണ് സത്യം,ഒരുപാട് ചിരിയുടെ ചെറിയ നൊമ്പരങ്ങളുടെ അകെ തുക മാത്രമല്ല പ്രാദേശികതയും ജീവിതങ്ങളുടെ വ്യതാസവും അതിലെ രാഷ്ട്രീയവും എല്ലാം പറയാതെ പറയുന്നുണ്ട് സുഡാനി.

മലപ്പുറത്തു ഒരു ഫുട്ബാൾ ക്ലബ് നടത്തുന്ന മജീദും അവിടേക്ക് പുറത്തു നിന്ന് ഫുട്ബാൾ കളിക്കാനെത്തുന്ന സുടു എന്നു വിളിക്കുന്ന സാമുവലും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് സുഡാനി, അത്ര മാത്രമേ കഥയെ വിശേഷിപ്പിക്കാൻ തത്കാലം നിർവാഹമുള്ളൂ. കാരണം അതിലെ കോൺടെന്റ്, അത് എഴുതി മനസിലാക്കിക്കാൻ പാടാണ് കണ്ടു തന്നെ അറിയണം.

സഖറിയ മുഹമ്മദ്, കൈയടികൾ ഹൃദയത്തിൽ നിന്നുമാണ് സുഡാനിക്കും മജീദിനുമൊപ്പം ഞങ്ങളും അവിടെ എവിടേയോ ഉണ്ടായിരുന്നു. ഇനിയും ഒരുപാട് നല്ല സിനിമകൾ ചെയുക. തീയേറ്ററിലെ ആരവം ഒരു നല്ല സിനിമയെ, എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടപെടുന്ന ഒരു നല്ല സിനിമയെ സൃഷ്ടിച്ചിരിക്കുകയാണ്.

റേറ്റിംഗ്:4/5

Comments are closed.