മാറ്റത്തിന്‍റെ കാറ്റു വീശുന്ന സുന്ദര സിനിമ – കാറ്റ് റിവ്യൂ

0
224

കല എന്നതു എന്നും ഒരു സൗന്ദര്യബോധം നിലനിൽക്കുന്ന ഒന്നാണ്, മറ്റെന്തു മൂല്യത്തേക്കാളും കല എന്നത് വിലമതിക്കുന്നതു ഇതേ സൗന്ദര്യബോധം ഉള്ളത് കൊണ്ടാണ്, ഇതേ സൗന്ദര്യബോധമുള്ള പ്രേക്ഷകർ കൂടി ആ കലയിലേക്കു ഇഴുകി ചേരുമ്പോൾ ഒരേസമയം പ്രേക്ഷകനും കലയും വിജയിക്കുന്നു, എല്ലാ അർത്ഥത്തിലും. സിനിമ എന്നതിനെ കല എന്ന് വിളിക്കാമെങ്കിൽ മേൽ പറഞ്ഞ വാചകം സിനിമയ്ക്കും സിനിമാസ്വാദകർക്കും ഒരുപോലെ ബാധകമാണ്. സിനിമ എന്നതിനെ ഇന്നും വെറും ഒരു വിനോദ ഉപാധിയായി മാത്രം കാണുന്ന പ്രേക്ഷകർ നമുക്കുണ്ട്, അത്തരം പ്രേക്ഷകർ ഒരു കലയെ, ഒരു സിനിമയെ സമീപിക്കുമ്പോൾ അവർക്കു കാണാൻ കഴിയാതെ പോകുന്നത് സിനിമ എന്ന കലയുടെ ആ സൗന്ദര്യബോധമാണ്. സിനിമയുടെ സൗന്ദര്യബോധം ആസ്വദിക്കുന്നവർക്കു ആ സിനിമ എന്നും അവരുടെ മനസ്സുകളിൽ ഉണ്ടാകും. ആഖ്യാനത്തിലൂടെയും, പരിചരണത്തിലൂടെയും ഇത്തരം ഒരു സൗന്ദര്യബോധം പ്രേക്ഷകന് സമ്മാനിക്കുന്ന അപൂർവമായി മാത്രം മലയാള സിനിമയിൽ സംഭവിക്കുന്ന സുന്ദര സൃഷ്ടികളിൽ ഒന്നാണ് അരുൺ കുമാർ അരവിന്ദ് ഒരുക്കിയ കാറ്റു.

സിനിമ എന്നതിന് എന്നും സിനിമയുടേതായൊരു വശ്യതയുണ്ട്, തുടക്കം മുതൽ അവസാനം വരെ സ്ക്രീനിൽ നിന്നും കാഴ്ചയെ തിരികെയെടുക്കാൻ അനുവദിപ്പിക്കാത്ത ഒരു വശ്യത. അത്തരം ഒരു വശ്യത പ്രേക്ഷകന് സമ്മാനിക്കുന്ന അപൂർവം ചില സിനിമകളിലൊന്നാണ് കാറ്റ്. ചെറുകഥയിൽ നിന്ന് സിനിമയായപ്പോൾ ആ സിനിമയ്ക്കും ഒരു ചെറുകഥയുടെ വായനാസുഖം നൽകുന്ന സുന്ദരസൃഷ്ടിയാകുന്നുണ്ട് കാറ്റ്. എല്ലാ അർത്ഥത്തിലും ഈ വർഷത്തെ മികച്ച കാഴ്ച്ചാനുഭവം എന്നിലെ പ്രേക്ഷകന് സമ്മാനിക്കുന്ന സിനിമയാണ് കാറ്റ്. മലയാളി ഉള്ളിടത്തോളം കാലം ഓർത്തിരിക്കുന്ന പേരുകളിൽ ഒന്നാണ് പത്മരാജൻ എന്നത്, മലയാള സിനിമയുടെ സ്വന്തം പപ്പേട്ടൻ, ആ മഹാപ്രതിഭയുടെ തൂലികയിൽ പിറന്ന ചെറുകഥയിൽ നിന്നും ഇത്തരം വശ്യത നിറഞ്ഞ ഒരു സിനിമ നൽകിയതിൽ അദ്ദേഹത്തിന്‍റെ മകനായ അനന്തപത്മനാഭന് എന്നെന്നും അഭിമാനിക്കാം, ഒപ്പം അദ്ദേഹത്തിന്‍റെ എഴുത്തിനോട് നീതി പുലർത്തിയ സംവിധായകനും, മറ്റുള്ളവർക്കും…

സിനിമയെ എന്നും ആത്മാർത്ഥമായി സമീപിച്ചിട്ടുള്ള സംവിധായകനാണ് അരുൺ കുമാർ അരവിന്ദ്. കണ്ടിരിക്കുന്ന പ്രേക്ഷകനെ വാണിജ്യപരമായി ആ സിനിമയെ വിജയിപ്പിക്കുന്നതിനായി കാപട്യങ്ങൾ ആ സിനിമയിൽ തിരുകി കയറ്റാൻ മനസ്സില്ലാത്ത സംവിധായകൻ, കാറ്റ് എന്ന സിനിമയിലെത്തുമ്പോളും ആ സത്യസന്ധമായ സമീപനത്തിന് മാറ്റം സംഭവിച്ചിട്ടില്ല. ആദ്യ സിനിമ മുതൽ ദാ ഇപ്പോൾ കാറ്റ് എന്ന സിനിമ വരെയും സിനിമയെ ആത്മാർഥമായി സ്നേഹിക്കുന്ന പ്രേക്ഷകരോട് നീതി പുലർത്തുന്ന തരത്തിൽ സിനിമയെ സമീപിച്ച സംവിധായകനാണ് അരുൺ കുമാർ അരവിന്ദ്. മലയാള സിനിമയുടെ സുവർണ കാലഘട്ടങ്ങളിൽ ഭരതനും, പത്മരാജനും ഒക്കെ സമ്മാനിച്ച സിനിമകളുടെ ആഖ്യാന പരിചരണ ശൈലിയോട് കിടപിടിക്കുന്ന സിനിമയാകുന്നുണ്ട് എല്ലാ അർത്ഥത്തിലും കാറ്റ്. ഒരു സിനിമയുടെ പരിധികളിൽ ഒതുങ്ങി കൂടാതെ വായനയുടെ സുഖം സമ്മാനിക്കുന്ന, പ്രേക്ഷകനെ സിനിമയിലേക്കു പൂർണമായും വിഹരിക്കാൻ അനുവദിക്കുന്ന സിനിമ കൂടിയാകുന്നു കാറ്റ്.

ആസിഫ് അലിയിലെ ഒതുക്കം വന്ന അഭിനയതാവിനെ പ്രേക്ഷകർക്ക് കട്ട് എന്ന സിനിമയിലൂടെ കാണാൻ സാധിക്കും. പ്രകടനം കൊണ്ട് മാത്രം പാളിപോയേക്കാവുന്ന നൂഹുക്കണ്ണു എന്ന കഥാപാത്രത്തെ പക്വതയിൽ അഭനയിച്ചു ഫലിപ്പിക്കാൻ ആസിഫ് അലിയിലെ നടന് അനായാസം സാധിച്ചു എന്നത് കയ്യടി അർഹിക്കുന്നു. കൂട്ടിനു മുരളി ഗോപിയുടെ ചെല്ലപ്പൻ എന്ന കഥാപാത്രത്തിന്റെ പ്രകടന മികവ് കൂടി ചേരുമ്പോൾ സിനിമയുടെ ഭംഗി കൂടുന്നു. പ്രകടന മികവിൽ ഇവർക്കൊപ്പം നിൽക്കുന്ന ഒട്ടേറെ കഥാപാത്രങ്ങൾ സിനിമയിലുണ്ട്, അതിലൊന്നാണ് ആശാൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടന്റെ പ്രകടനം. ഇദ്ദേഹത്തെ കൂടാതെ തേവർ കഥാപാത്രത്തെ അവതരിപിച്ച പേരറിയാത്ത പോയ നടന്റെ പ്രകടനവും സിനിമ കണ്ടിറങ്ങി കഴിഞ്ഞാലും മനൻസിൽ മായാതെ നിൽക്കും. വരലക്ഷ്മി ശരത്കുമാർ, ഈ നടിയിൽ നിന്നും മികച്ച പ്രകടനങ്ങൾ ഇനിയും മലയാള സിനിമയ്ക്ക് ലഭിക്കും എന്നുറപ്പു നൽകുന്ന പ്രകടനം. മലയാളത്തിലെ മികച്ച നടനായിരുന്ന രാജൻ പി ദേവിന്റെ മകനായ ഉണ്ണി രാജൻ പി ദേവിന്റെ പ്രകടനവും വരും കാലങ്ങളിൽ പ്രതീക്ഷ അർപ്പിക്കാവുന്നതാണു.

സമീപ കാലത്തു ദൃശ്യ പരിചരണത്തിൽ ഇത്രയേറെ മികവ് പുലർത്തിയ സിനിമ എന്ന ഖ്യാതി കൂടി നിലനിർത്തുന്ന സിനിമയാകുന്നു കാറ്റ്. സംവിധായകന്റെ കാഴ്ചക്കൊപ്പം സഞ്ചരിക്കാൻ സാധിതത്തിനൊപ്പം സിനിമയ്ക്ക് തന്റേതായ ഒരു ദൃശ്യ ഭംഗി ഒരുക്കുന്നതിലും ഛായാഗ്രാഹകനായ പ്രശാന്ത് രവീന്ദ്രന് സാധിച്ചിട്ടുണ്ട്. ഒരു സിനിമ പൂർണമാകുന്നത് ചിത്രസംയോജന സമയത്താണ്, സിനിമയിലെ നല്ലതിനെയും ചീത്തതിനെയും വേർതിരിച്ചു കൂട്ടി യോജിപ്പിക്കുന്നതിൽ ഒട്ടനവധി സിനിമകളിലൂടെ പരിജ്ഞാനം ഉള്ള മികച്ച എഡിറ്റർ കൂടിയായ സിനിമയുടെ സംവിധായകൻ അരുൺ കുമാർ അരവിന്ദ് പൂർണമായും വിജയിച്ചിട്ടുണ്ട്. സിനിമയുടെ ഭാവപരിസരങ്ങളോട് ചേർന്ന് നിൽക്കും വിധം സംഗീതവും പശ്ചാത്തല സംഗീതവും കൈകാര്യം ചെയ്യുന്നതിൽ ദീപക് ദേവിന്റെ ശ്രമവും അഭിനന്ദനം അർഹിക്കുന്നു, ഒപ്പം സിനിമയുടെ കാലഘട്ടത്തോട് നീതി പുലർത്തുന്ന കലാസംവിധായകൻ പ്രതാപ് രവീന്ദ്രനും.

നല്ല സിനിമകളുടെ പ്രേക്ഷകൻ തീർച്ചയായും കണ്ടിരിക്കേണ്ട സിനിമയാണ് കാറ്റ്. ഇത്തരം സിനിമകൾ തിയറ്ററുകളിൽ വിജയിക്കേണ്ടത് പ്രേക്ഷകന്റെ കൂടി ബാധ്യതയാണ്. സ്ഥിരം കാഴ്ചകളിൽ നിന്നും വേറിട്ട് നിന്ന് സിനിമ ഒരുക്കാൻ തയ്യാറാകുന്ന പല സംവിധായകർക്കും എഴുത്തുകാർക്കും പ്രചോദനം ആകേണ്ടതാണ് കാറ്റ് എന്ന സിനിമയുടെ വിജയം. സിനിമയെന്നും വിജയം കൈവരിക്കുന്നത് പ്രേക്ഷകരിലൂടെയാണ്, പ്രേക്ഷകർ സിനിമയെ ഏറ്റെടുത്താൽ മറ്റൊന്നിനും ഒന്നിന്റെ പേരിലും ഒരു നല്ല സിനിമയെ തകർക്കാനും, പ്രേക്ഷകരിലേക്കു എത്തിക്കാതിരിക്കാനും ആർക്കും കഴിയില്ല. കാറ്റ് എന്ന സിനിമ വിജയം കൈവരിക്കുമ്പോൾ ഇവിടെ ആധികാരികമായ വിജയം കൈവരിക്കുന്നത് സിനിമയാണ് എന്ന വസ്തുതയോട് മുഖം തിരിക്കുന്നത് നല്ലതല്ല….

നാദിര്‍ഷ കെ.എന്‍