തൊട്ടപ്പൻ – ഹൃദയത്തിൽ തൊടുന്ന കാഴ്ച്ചാനുഭവം!!!ഷാനവാസ് ബാവക്കുട്ടി, കിസ്മത് എന്ന ചിത്രം പറഞ്ഞ രാഷ്ട്രീയം ഏറെ ആഴവും പരപ്പും നിറഞ്ഞതാണ്. പറയാതേ പറയുന്ന ഒട്ടനവധി ഒളിയമ്പുകൾ കോർത്ത് വച്ച ചിത്രം പ്രമേയ ഭദ്രത കൊണ്ട് മാത്രമല്ല മേക്കിങ്ങിലും മികച്ചു നിന്ന്. ഷാനവാസ് ബാവക്കുട്ടി ഫ്രാൻസിസ് നെറോനയുടെ തൊട്ടപ്പനിൽ എത്തി നിൽകുമ്പോൾ ഒരു ഇരുത്തം വന്ന സംവിധായകന്റെ മികവ് ആണ് പുറത്തെടുക്കുന്നത് ഒപ്പം സിനിമ മുഴുവൻ നിറഞ്ഞു നിൽക്കുന്ന വിനായകനിസം കൂടിയാകുമ്പോൾ തൊട്ടപ്പൻ ഹൃദയത്തിൽ തൊടുന്ന ഒരു കാഴ്ച്ചാനുഭവം ആകുന്നു.

കഥാപാത്ര നിർമ്മിതിയിൽ തന്നെ ഓരോ കഥാപാത്രവും വളരെയധികം വ്യക്തമായി സൃഷ്ടിക്കപ്പെട്ടിട്ടുള്ളതാണ്. തൊട്ടപ്പൻ സാറാ ബന്ധം എന്ന കോറിന് ചുറ്റും ഒരു വലിയ ലോകം തുറന്നു കാണിക്കുന്നുണ്ട് സംവിധായകൻ. ഇത്താക്ക് എന്ന വിനായകന്റെ കഥാപാത്രത്തിന്റെ വികസനം പോലും അയാളുടെ ചുറ്റിലുമുള്ള ഒരു കൂട്ടം മറ്റു കഥാപാത്രങ്ങളിലൂടെ ആണ്.

ഒരു പക്ഷെ പണ്ടത്തെ ഭരതൻ ചിത്രങ്ങളിൽ ഒരു കണ്ടിരുന്ന ഒരു കഥ പ്രതലം തൊട്ടപ്പനും ഉണ്ട്. കഥ തുടങ്ങുമ്പോൾ തന്നെ നമ്മൾ ആ പ്രതലത്തിലേക്ക് പ്ളേസ് ചെയ്യപ്പെടുകയാണ്. ആദ്യം തന്നെ ആ നാടിൻറെ പ്രതലത്തിലേക്ക് നമ്മെ കൊണ്ട് എത്തിക്കാൻ കഴിയുന്നത് കൊണ്ട് പിന്നെ ഇമോഷണൽ ബോണ്ടിങ്ങിലേക്ക് ഒപ്പം വൈകാരികമായ കാഴ്ച തലങ്ങളിലേക്ക് എത്തിക്കുക എന്ന ധർമ്മമാണ് സംവിധായകനും തിരക്കഥാകൃത്തിനും ഉണ്ടായിരുന്നത്. അത് അവർ വൃത്തിയായി ചെയ്തിട്ടുമുണ്ട്

സംഭാഷണങ്ങളിൽ തന്നെയാണ് സിനിമയുടെ മികവ്. ഒരു പക്ഷെ ഭൂരിപക്ഷം കാഴ്ചക്കാരെയും തൃപ്തിപ്പെടുത്താൻ ഉള്ള മികവ് പി എസ് റഫീഖിന്റെ മികവുറ്റ എഴുത്തിനു കഴിയുന്നുണ്ട്. കാലഘട്ടത്തിനു അനുയോജ്യമായ മേക്കിങ്ങിനും കൈയടികൾ നൽകേണ്ടതുണ്ട്. വിനായകൻ എന്ന വാക്ക് ഇനി മലയാള സിനിമയിൽ ഉയർന്നു പറക്കും തൊട്ടപ്പനിലൂടെ അത്ര ഗംഭീരമായ പ്രകടമാണ്. ദിലീഷ് പോത്തൻ, റോഷൻ എന്നിവരും പ്രകടനത്തിൽ മികച്ചു നിന്നു. രഘുനാഥ് പാലേരി, ഇർഷാദ്, മഞ്ജു പത്രോസ്, മനോജ് കെ ജയൻ എന്നിവരും മികച്ചു നിന്നു

തൊട്ടപ്പൻ ഒരു പ്രത്യേക ഘടകം കൊണ്ട് മാത്രമല്ല സുന്ദരമായ ഒരു അനുഭവമാകുന്നത്. സത്യസന്ധമായൊരു സിനിമയാണ്, ആരും ഗിമ്മിക്കുകൾക്ക് ഒന്നും ശ്രമിക്കാത്ത മണ്ണിനോട് ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന ഒരു സിനിമ..

Comments are closed.